LEVITICUS 24
24
വിളക്കിനുള്ള എണ്ണ
(പുറ. 27:20, 21)
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ദീപം നിരന്തരം കത്തിക്കൊണ്ടിരിക്കാൻ ഒലിവിൽനിന്ന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാൻ ജനത്തോടു കല്പിക്കുക. 3തിരുസാന്നിധ്യകൂടാരത്തിൽ സാക്ഷ്യപെട്ടകം മറയ്‍ക്കുന്ന തിരശ്ശീലയ്‍ക്കു പുറത്തു സൂര്യാസ്തമയംമുതൽ പ്രഭാതംവരെ തുടർച്ചയായി അഹരോൻ അത് ഒരുക്കിവയ്‍ക്കണം. നിങ്ങളുടെ തലമുറകൾ എന്നും അനുഷ്ഠിക്കേണ്ട ചട്ടമാണിത്. 4സർവേശ്വരന്റെ സന്നിധിയിൽ പൊൻതണ്ടിന്മേൽ അഹരോൻ നിരന്തരം ദീപം തെളിക്കണം.
ദൈവത്തിനർപ്പിക്കുന്ന അപ്പം
5നേരിയ മാവുകൊണ്ട് പന്ത്രണ്ട് അപ്പം ചുടണം. രണ്ടിടങ്ങഴി മാവുകൊണ്ടുള്ളതായിരിക്കണം ഓരോ അപ്പവും. 6ആറ് അപ്പം വീതമുള്ള രണ്ട് അടുക്കായി അവ തിരുസാന്നിധ്യകൂടാരത്തിലുള്ള പൊൻപീഠത്തിൽ വയ്‍ക്കണം. 7ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തുരുക്കം വിതറണം. സർവേശ്വരനു ദഹനയാഗമായി അപ്പം അർപ്പിക്കുന്നതിനെ ഇതു സൂചിപ്പിക്കുന്നു. 8ഓരോ ശബത്തിലും ഇസ്രായേൽജനത്തിൽനിന്ന് അപ്പം വാങ്ങി സർവേശ്വരന്റെ സന്നിധിയിൽ അഹരോൻ അടുക്കിവയ്‍ക്കണം. ഇതു ശാശ്വതനിയമമാകുന്നു.
9അപ്പം അഹരോനും പുത്രന്മാർക്കുമുള്ളതാണ്. സർവേശ്വരനു ദഹനയാഗമായി അർപ്പിച്ചതിന്റെ ഓഹരിയായതിനാൽ അത് അതിവിശുദ്ധമാകുന്നു; അവ വിശുദ്ധസ്ഥലത്തു വച്ചു തന്നെ ഭക്ഷിക്കണം; അത് അവർക്കുള്ള സ്ഥിരാവകാശമാണ്.
നീതിപൂർവകമായ ശിക്ഷ
10ഈജിപ്തുകാരനായ ഒരുവന് ഇസ്രായേല്യസ്‍ത്രീയിൽ ജനിച്ച മകനും ഒരു ഇസ്രായേൽക്കാരനുമായി ഒരിക്കൽ പാളയത്തിൽവച്ചു വഴക്കുണ്ടായി. 11അവൻ സർവേശ്വരന്റെ നാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. ജനം അവനെ മോശയുടെ മുമ്പിൽ കൊണ്ടുവന്നു. ദാൻഗോത്രത്തിൽപ്പെട്ട ദിബ്രിയുടെ പുത്രിയായ ശെലോമീത്തായിരുന്നു അവന്റെ അമ്മ. 12സർവേശ്വരന്റെ ഹിതം വെളിപ്പെടുംവരെ അവർ അവനെ തടവിൽ വച്ചു.
13ദൈവം മോശയോട് അരുളിച്ചെയ്തു: 14“ദൈവനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക. അവൻ പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയിൽ കൈ വച്ചശേഷം ജനം അവനെ കല്ലെറിയട്ടെ. 15ഇസ്രായേൽജനത്തോടു പറയുക, ദൈവത്തെ ദുഷിക്കുന്നവൻ തന്റെ കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കണം. 16സർവേശ്വരന്റെ നാമത്തെ ദുഷിക്കുന്നവൻ വധിക്കപ്പെടുകതന്നെ വേണം. സമൂഹം ഒന്നുചേർന്ന് അവനെ തീർച്ചയായും കല്ലെറിയണം. സർവേശ്വരനാമം ദുഷിക്കുന്നവൻ സ്വദേശിയോ പരദേശിയോ ആകട്ടെ, വധശിക്ഷ നല്‌കണം. 17കൊലപാതകി വധിക്കപ്പെടണം. 18അന്യന്റെ മൃഗത്തെ കൊല്ലുന്നവൻ പകരം മൃഗത്തെ കൊടുക്കണം. ജീവനു പകരം ജീവൻ. 19അയൽക്കാരന് അംഗഭംഗം വരുത്തുന്നവനോട് അതേ വിധം പകരം ചെയ്യണം. 20ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിന് പല്ല് ഇങ്ങനെ അംഗഭംഗം വരുത്തിയതിന് അതുതന്നെ പകരം ചെയ്യണം. 21മൃഗത്തെ കൊന്നാൽ പകരം മൃഗത്തെ കൊടുത്താൽ മതി. എന്നാൽ മനുഷ്യനെ കൊല്ലുന്നവൻ വധശിക്ഷ അനുഭവിക്കണം. 22സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും പാലിക്കേണ്ട നിയമം ഒന്നുതന്നെ. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. 23തിരുനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലാൻ മോശ ഇസ്രായേൽജനത്തോട് ആജ്ഞാപിച്ചു. അവിടുന്നു മോശയോടു കല്പിച്ചതുപോലെ അവർ പ്രവർത്തിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
LEVITICUS 24: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.