ലേവ്യാപുസ്തകം 16:29-34
ലേവ്യാപുസ്തകം 16:29-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തീയതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലയും ചെയ്യരുത്. ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകല പാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നത്. അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മതപനം ചെയ്യേണം; അതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആകുന്നു. അപ്പനു പകരം പുരോഹിതശുശ്രൂഷ ചെയ്‍വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻതന്നെ പ്രായശ്ചിത്തം കഴിക്കേണം. അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ച് വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിനും യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകല ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകല പാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ അവൻ ചെയ്തു.
ലേവ്യാപുസ്തകം 16:29-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവ നിങ്ങൾ പാലിക്കേണ്ട ശാശ്വതനിയമമായിരിക്കണം: ഏഴാം മാസത്തിന്റെ പത്താം ദിവസം നിങ്ങളോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന വിദേശികളോ ഒരു ജോലിയും ചെയ്യരുത്. അന്നു നിങ്ങൾ ഉപവസിക്കണം. നിങ്ങൾ എല്ലാവരും എല്ലാ പാപങ്ങളിൽനിന്നും മോചനം ലഭിച്ച് ദൈവസന്നിധിയിൽ ശുദ്ധിയോടെ നില്‌ക്കാൻ പ്രായശ്ചിത്തം അനുഷ്ഠിക്കുന്ന ദിനമാണത്. ഉപവാസം അനുഷ്ഠിക്കേണ്ട അതിവിശുദ്ധ ശബത്താകുന്നു അന്ന്. ഈ ചട്ടങ്ങൾ നിങ്ങൾ എല്ലാക്കാലവും അനുസരിക്കണം. സ്വന്തപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെടുന്ന പുരോഹിതൻ വിശുദ്ധമായ ലിനൻവസ്ത്രം ധരിച്ചുകൊണ്ട് പ്രായശ്ചിത്തകർമം നിർവഹിക്കണം. വിശുദ്ധമന്ദിരത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. ഇസ്രായേൽജനത്തെ സകല പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇതു വർഷത്തിൽ ഒരിക്കൽ അനുഷ്ഠിക്കണം. ഈ ചട്ടങ്ങൾ എല്ലാക്കാലത്തും അനുസരിക്കേണ്ടതാണ്. സർവേശ്വരൻ കല്പിച്ചതുപോലെ മോശ പ്രവർത്തിച്ചു.
ലേവ്യാപുസ്തകം 16:29-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തീയതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരുവേലയും ചെയ്യരുത്. ആ ദിവസത്തിൽ ആണല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുകയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നത്. അത് നിങ്ങൾക്ക് വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മതപനം ചെയ്യേണം; അത് നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടമാകുന്നു. അപ്പനു പകരം പുരോഹിതശുശ്രൂഷ ചെയ്യുവാൻ അഭിഷിക്തനാകുകയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻതന്നെ പ്രായശ്ചിത്തം കഴിക്കേണം. അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ച് വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിനും യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. “വർഷത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടു പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.” യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ അവൻ ചെയ്തു.
ലേവ്യാപുസ്തകം 16:29-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു. ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു. അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മ തപനം ചെയ്യേണം; അതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടമാകുന്നു. അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‌വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻ തന്നേ പ്രായശ്ചിത്തം കഴിക്കേണം. അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു.
ലേവ്യാപുസ്തകം 16:29-34 സമകാലിക മലയാളവിവർത്തനം (MCV)
“ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം; ഏഴാംമാസം പത്താംതീയതി നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും സ്വദേശിയും ആത്മതപനംചെയ്യണം; ജോലിയൊന്നും ചെയ്യരുത്, കാരണം, ഈ ദിവസം നിങ്ങളെ ശുദ്ധീകരിക്കാൻ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യപ്പെടും. പിന്നെ യഹോവയുടെ സന്നിധിയിൽ നിങ്ങളുടെ സകലപാപങ്ങളിൽനിന്നും നിങ്ങൾ ശുദ്ധരായിരിക്കും. അതു സ്വസ്ഥതയുടെ ശബ്ബത്ത് ആണ്, നിങ്ങൾ ആത്മതപനംചെയ്യണം; ഇത് എന്നേക്കുമുള്ള അനുഷ്ഠാനമാണ്. തങ്ങളുടെ പൂർവപിതാവായ അഹരോന്റെ സ്ഥാനത്തേക്ക് അഭിഷിക്തനായി സമർപ്പിക്കപ്പെട്ട മഹാപുരോഹിതനാണ് പ്രായശ്ചിത്തം കഴിക്കേണ്ടത്. അദ്ദേഹം വിശുദ്ധമായ പരുത്തിനൂൽവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം: ഇസ്രായേല്യരുടെ സകലപാപങ്ങൾക്കുംവേണ്ടി വർഷത്തിലൊരിക്കൽ പ്രായശ്ചിത്തം കഴിക്കണം.” യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ചെയ്തു.