ലേവ്യാപുസ്തകം 1:1-14

ലേവ്യാപുസ്തകം 1:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ സമാഗമനകൂടാരത്തിൽവച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം. അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നു എങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് അർപ്പിക്കേണം. അവൻ ഹോമയാഗത്തിന്റെ തലയിൽ കൈ വയ്ക്കേണം; എന്നാൽ അത് അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും. അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കലുള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം. പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെമേൽ വിറക് അടുക്കേണം. പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കേണം. അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. ഹോമയാഗത്തിനുള്ള അവന്റെ വഴിപാട് ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം. അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവച്ച് അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അവൻ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കേണം. കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. യഹോവയ്ക്ക് അവന്റെ വഴിപാട് പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം.

ലേവ്യാപുസ്തകം 1:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയെ വിളിച്ചു തിരുസാന്നിധ്യകൂടാരത്തിൽവച്ച് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു പറയുക, സർവേശ്വരനു യാഗം അർപ്പിക്കാൻ കന്നുകാലിക്കൂട്ടത്തിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ഒന്നിനെ കൊണ്ടുവരാം. ഹോമയാഗത്തിനുള്ള മൃഗം കന്നുകാലികളിലൊന്നാണെങ്കിൽ അത് കുറ്റമറ്റ കാളയായിരിക്കണം. അതു സർവേശ്വരനു സ്വീകാര്യമാകാൻ അതിനെ തിരുസാന്നിധ്യകൂടാരത്തിന്റെ കവാടത്തിൽ അർപ്പിക്കണം. അർപ്പിക്കുന്നവൻ അതിന്റെ തലയിൽ കൈ വയ്‍ക്കണം. അത് അവന്റെ പാപത്തിനു പരിഹാരമായി അംഗീകരിക്കപ്പെടും. അതിനുശേഷം അവൻ കാളക്കുട്ടിയെ സർവേശ്വരസന്നിധിയിൽവച്ചു കൊല്ലണം. അഹരോന്യപുരോഹിതന്മാർ അതിന്റെ രക്തമെടുത്തു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കലുള്ള യാഗപീഠത്തിനു ചുറ്റും തളിക്കണം. പിന്നെ അതിന്റെ തോലുരിച്ച് അതിനെ കഷണങ്ങളായി മുറിക്കണം. അഹരോന്യപുരോഹിതന്മാർ യാഗപീഠത്തിൽ തീകൂട്ടി വിറക് അടുക്കണം. യാഗപീഠത്തിൽ കത്തിക്കൊണ്ടിരിക്കുന്ന വിറകിന്മേൽ പുരോഹിതന്മാർ മൃഗത്തിന്റെ തലയും മേദസ്സും ഉൾപ്പെടെയുള്ള കഷണങ്ങൾ അടുക്കിവയ്‍ക്കണം. അതിന്റെ കുടലും കാലുകളും വെള്ളത്തിൽ കഴുകണം. പുരോഹിതൻ അവ മുഴുവൻ യാഗപീഠത്തിൽ വച്ചു സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കണം. ഹോമയാഗമായി അർപ്പിക്കുന്നതു ചെമ്മരിയാടിനെയോ കോലാടിനെയോ ആണെങ്കിൽ അത് ഊനമറ്റ ആണായിരിക്കണം. യാഗപീഠത്തിന്റെ വടക്കുവശത്തു സർവേശ്വരസന്നിധിയിൽവച്ചുതന്നെ അവൻ അതിനെ കൊല്ലണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം. പുരോഹിതൻ അതിനെ തലയും മേദസ്സും ഉൾപ്പെടെ കഷണങ്ങളായി മുറിച്ചു യാഗപീഠത്തിൽ കത്തുന്ന വിറകിന്മേൽ അടുക്കിവയ്‍ക്കണം. കുടലും കാലുകളും വെള്ളത്തിൽ കഴുകണം. പുരോഹിതൻ അവ മുഴുവനും യാഗപീഠത്തിൽവച്ചു ദഹിപ്പിക്കണം. സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമാണ് അത്. ഹോമയാഗമായി അർപ്പിക്കുന്നതു പക്ഷിയെയാണെങ്കിൽ അത് ഒരു ചെങ്ങാലിയോ, പ്രാവിൻകുഞ്ഞോ ആയിരിക്കണം.

ലേവ്യാപുസ്തകം 1:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ സമാഗമനകൂടാരത്തിൽവച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാട് കൊണ്ടുവരുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാട് കൊണ്ടുവരേണം. “‘അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കൽവച്ച് അർപ്പിക്കേണം. അവൻ ഹോമയാഗമൃഗത്തിൻ്റെ തലയിൽ കൈ വയ്ക്കേണം; എന്നാൽ ഹോമയാഗമൃഗം അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്‍റെ പേർക്ക് സ്വീകാര്യമാകും. അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്‍റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതിക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു കഷണംകഷണമായി മുറിക്കേണം. പുരോഹിതനായ അഹരോന്‍റെ പുത്രന്മാർ യാഗപീഠത്തിന്മേൽ വിറക് അടുക്കി തീ കത്തിക്കേണം. പിന്നെ അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാർ കഷണങ്ങളും തലയും കൊഴുപ്പും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കേണം. അതിന്‍റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. “‘ഹോമയാഗത്തിനുള്ള അവന്‍റെ വഴിപാട് ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം. അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്‍റെ വടക്കുവശത്തുവച്ച് അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അവൻ അതിനെ തലയോടും മേദസ്സോടുംകൂടി കഷണംകഷണമായി മുറിക്കേണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കേണം. കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. “‘യഹോവയ്ക്ക് അവന്‍റെ വഴിപാട് പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം.

ലേവ്യാപുസ്തകം 1:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ സമാഗമനകൂടാരത്തിൽവെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവെക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം. അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു അർപ്പിക്കേണം. അവൻ ഹോമയാഗത്തിന്റെ തലയിൽ കൈ വെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും. അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം. പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെമേൽ വിറകു അടുക്കേണം. പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം. അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം. ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം. അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അവൻ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം. കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവെക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. യഹോവെക്കു അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം.

ലേവ്യാപുസ്തകം 1:1-14 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ സമാഗമകൂടാരത്തിൽനിന്ന് മോശയെ വിളിച്ച് ഇപ്രകാരം അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവരുമ്പോൾ കന്നുകാലിക്കൂട്ടത്തിലോ ആട്ടിൻപറ്റത്തിലോനിന്നും ഒരു മൃഗത്തെ നിങ്ങളുടെ വഴിപാടായി കൊണ്ടുവരണം. “ ‘കന്നുകാലികളിൽ ഒന്നിനെ വഴിപാടായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ആണിനെ ഹോമയാഗമായി അർപ്പിക്കണം. അതു യഹോവയ്ക്കു സ്വീകാര്യമായിരിക്കാൻ അയാൾ അതിനെ സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച് അർപ്പിക്കണം. അയാൾ ഹോമയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈവെക്കണം; അത് അയാൾക്കുവേണ്ടി പാപപരിഹാരമായി സ്വീകരിക്കപ്പെടും. യഹോവയുടെ സന്നിധിയിൽ അയാൾ കാളക്കിടാവിനെ അറക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. ഇതിനുശേഷം അയാൾ ഹോമയാഗമൃഗത്തെ തുകലുരിച്ചു കഷണങ്ങളായി മുറിക്കണം. പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീകൊളുത്തി അതിന്മേൽ വിറകടുക്കണം. പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ തലയും മേദസ്സുമുൾപ്പെടെ കഷണങ്ങൾ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം. ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാ ഭാഗവും യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം. “ ‘വഴിപാട് ആട്ടിൻപറ്റത്തിലെ ചെമ്മരിയാടോ കോലാടോ ആകുന്നെങ്കിൽ, ഊനമില്ലാത്ത ആണിനെ അർപ്പിക്കണം. അയാൾ യാഗപീഠത്തിന്റെ വടക്കുവശത്തു യഹോവയുടെ സന്നിധിയിൽ അതിനെ അറക്കണം, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. ഇതിനുശേഷം അയാൾ അതിനെ കഷണങ്ങളായി മുറിക്കണം. പുരോഹിതൻ തലയും മേദസ്സുമുൾപ്പെടെ അവയെ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം. ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാം ഹോമയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം. “ ‘യഹോവയ്ക്കുള്ള വഴിപാടായി പക്ഷിയെയാണ് ഹോമയാഗം അർപ്പിക്കുന്നതെങ്കിൽ അയാൾ ഒരു കുറുപ്രാവിനെയോ ഒരു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കണം.