ലേവ്യ 1
1
ഹോമയാഗം
1യഹോവ സമാഗമകൂടാരത്തിൽനിന്ന് മോശയെ വിളിച്ച് ഇപ്രകാരം അരുളിച്ചെയ്തു: 2“ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവരുമ്പോൾ കന്നുകാലിക്കൂട്ടത്തിലോ ആട്ടിൻപറ്റത്തിലോനിന്നും ഒരു മൃഗത്തെ നിങ്ങളുടെ വഴിപാടായി കൊണ്ടുവരണം.
3“ ‘കന്നുകാലികളിൽ ഒന്നിനെ വഴിപാടായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ആണിനെ ഹോമയാഗമായി അർപ്പിക്കണം. അതു യഹോവയ്ക്കു സ്വീകാര്യമായിരിക്കാൻ അയാൾ അതിനെ സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച് അർപ്പിക്കണം. 4അയാൾ ഹോമയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈവെക്കണം; അത് അയാൾക്കുവേണ്ടി പാപപരിഹാരമായി#1:4 അഥവാ, പ്രായശ്ചിത്തമായി സ്വീകരിക്കപ്പെടും. 5യഹോവയുടെ സന്നിധിയിൽ അയാൾ കാളക്കിടാവിനെ അറക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 6ഇതിനുശേഷം അയാൾ ഹോമയാഗമൃഗത്തെ തുകലുരിച്ചു കഷണങ്ങളായി മുറിക്കണം. 7പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീകൊളുത്തി അതിന്മേൽ വിറകടുക്കണം. 8പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ തലയും മേദസ്സുമുൾപ്പെടെ കഷണങ്ങൾ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം. 9ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാ ഭാഗവും യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
10“ ‘വഴിപാട് ആട്ടിൻപറ്റത്തിലെ ചെമ്മരിയാടോ കോലാടോ ആകുന്നെങ്കിൽ, ഊനമില്ലാത്ത ആണിനെ അർപ്പിക്കണം. 11അയാൾ യാഗപീഠത്തിന്റെ വടക്കുവശത്തു യഹോവയുടെ സന്നിധിയിൽ അതിനെ അറക്കണം, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 12ഇതിനുശേഷം അയാൾ അതിനെ കഷണങ്ങളായി മുറിക്കണം. പുരോഹിതൻ തലയും മേദസ്സുമുൾപ്പെടെ അവയെ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം. 13ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാം ഹോമയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
14“ ‘യഹോവയ്ക്കുള്ള വഴിപാടായി പക്ഷിയെയാണ് ഹോമയാഗം അർപ്പിക്കുന്നതെങ്കിൽ അയാൾ ഒരു കുറുപ്രാവിനെയോ ഒരു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കണം. 15പുരോഹിതൻ അതിനെ യാഗപീഠത്തിൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ച് യാഗപീഠത്തിൽ ദഹിപ്പിക്കണം. അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിൽ ഒഴിച്ചുകളയണം. 16അയാൾ അതിന്റെ അന്നസഞ്ചി പപ്പുംചേർത്തു#1:16 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു ചാരം ഇടുന്ന സ്ഥലത്തു കളയണം. 17അയാൾ അതിനെ പൂർണമായി വേർപെടുത്താതെ ചിറകുകളോടുകൂടെ പിളർക്കണം. പിന്നെ പുരോഹിതൻ അതിനെ യാഗപീഠത്തിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന വിറകിനുമീതേ ഹോമയാഗമായി ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലേവ്യ 1: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.