വിലാപങ്ങൾ 3:22-33
വിലാപങ്ങൾ 3:22-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു. യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്. ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷനു നല്ലത്. അവൻ അത് അവന്റെമേൽ വച്ചിരിക്കകൊണ്ട് അവൻ തനിച്ചു മൗനം ആയിരിക്കട്ടെ. അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും. തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ. അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവനു കരുണതോന്നും. മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നത്.
വിലാപങ്ങൾ 3:22-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല. പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും. സർവേശ്വരനാണെന്റെ സർവസ്വവും; അവിടുന്നാണെന്റെ പ്രത്യാശ. സർവേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവർക്ക് അവിടുന്നു നല്ലവനാകുന്നു. സർവേശ്വരൻ രക്ഷിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം. യൗവനത്തിൽ നുകം ചുമക്കുന്നതു മനുഷ്യനു നല്ലതാണ്. അവിടുന്നവന്റെമേൽ അതു വച്ചിരിക്കകൊണ്ട് അവൻ ഏകനായി മൗനമായിരിക്കട്ടെ. അവൻ തന്റെ മുഖം പൂഴിയോളം താഴ്ത്തട്ടെ; എന്നാലും അവനു പ്രത്യാശയ്‍ക്കു വകയുണ്ട്. അടിക്കുന്നതിന് അവൻ ചെകിടു കാണിച്ചു കൊടുക്കട്ടെ; അവൻ നിന്ദനം കൊണ്ടു നിറയട്ടെ. സർവേശ്വരൻ അവനെ എന്നേക്കും ഉപേക്ഷിക്കുകയില്ല. അവിടുന്നു ദുഃഖിക്കാൻ ഇടവരുത്തിയാലും അവിടുത്തെ അനന്തമായ കൃപയ്‍ക്കൊത്ത വിധം അവിടുന്നു കരുണ കാണിക്കും. മനസ്സോടെയല്ലല്ലോ അവിടുന്നു മനുഷ്യരെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്.
വിലാപങ്ങൾ 3:22-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു. യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. യഹോവയുടെ രക്ഷക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷന് നല്ലത്. അവിടുന്ന് അത് അവന്‍റെമേൽ വച്ചിരിക്കുക കൊണ്ടു അവൻ ഏകനായി മിണ്ടാതിരിക്കട്ടെ. അവൻ തന്റെ മുഖം പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും. തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ. അവിടുന്ന് ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവിടുത്തേയ്ക്ക് കരുണ തോന്നും. മനസ്സോടെയല്ലല്ലോ അവിടുന്ന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്.
വിലാപങ്ങൾ 3:22-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു. യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ. യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു. ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു. അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൗനം ആയിരിക്കട്ടെ. അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും. തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. കർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ. അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും. മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
വിലാപങ്ങൾ 3:22-33 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല. അവ പ്രഭാതംതോറും പുതിയതാകുന്നു; അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു. ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി; അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.” തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ; രക്ഷ യഹോവയിൽനിന്നും വരുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്. യൗവനത്തിൽത്തന്നെ നുകം ചുമക്കുന്നത് പുരുഷന് നല്ലത്. യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത് അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ. പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ; ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും. തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ, നിന്ദയാൽ അവൻ നിറയട്ടെ. കർത്താവ് ആരെയും ശാശ്വതമായി പരിത്യജിക്കുകയില്ല. അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും, കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്. മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.