ṬAH HLA 3

3
അനുതാപവും പ്രത്യാശയും
1അവിടുത്തെ ഉഗ്രകോപത്തിന്റെ ദണ്ഡനം സഹിച്ചവനാണു ഞാൻ,
2അവിടുന്ന് എന്നെ പ്രകാശത്തിലേക്കല്ല കൂരിരുട്ടിലേക്കു തള്ളിയിട്ടിരിക്കുന്നു.
3അവിടുത്തെ കരം ഇടവിടാതെ എന്റെമേൽ പതിക്കുന്നു.
4അവിടുന്നെന്റെ മാംസവും ത്വക്കും ജീർണിപ്പിച്ച് അസ്ഥികളെ തകർക്കുകയും ചെയ്തിരിക്കുന്നു.
5അവിടുന്ന് അയച്ചിരിക്കുന്ന ഉഗ്രശോകവും വേദനയും എന്നെ പൊതിഞ്ഞിരിക്കുന്നു.
6പണ്ടേ മരിച്ചവനെപ്പോലെ അവിടുന്നെന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
7പുറത്തുകടക്കാൻ കഴിയാത്തവിധം എന്റെ ചുറ്റും അവിടുന്നു മതിൽകെട്ടി ഭാരമേറിയ ചങ്ങലകൊണ്ടെന്നെ ബന്ധിച്ചു.
8സഹായത്തിനുവേണ്ടി ഞാൻ കരഞ്ഞു വിളിക്കുന്നെങ്കിലും എന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നില്ല.
9അവിടുന്നു ചെത്തിയൊരുക്കിയ കല്ലുകൊണ്ട് എന്റെ വഴി കെട്ടിയടച്ചു.
എന്റെ പാതകളെ ദുർഗമമാക്കി
10അവിടുന്നെനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും
ഒളിച്ചിരിക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
11അവിടുന്നെന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി കടിച്ചു കീറിയിരിക്കുന്നു;
അവിടുന്നെന്നെ കൈവെടിഞ്ഞിരിക്കുന്നു.
12അവിടുന്നു വില്ലു കുലച്ചു തന്റെ അമ്പിന് എന്നെ ഉന്നമാക്കിയിരിക്കുന്നു.
13അവിടുത്തെ പൂണിയിലെ അമ്പുകൾകൊണ്ട് എന്റെ അന്തരംഗം കുത്തിത്തുളച്ചിരിക്കുന്നു.
14ഞാൻ എല്ലാവരുടെയും പരിഹാസപാത്രമായിരിക്കുന്നു;
എപ്പോഴും അവരുടെ പാട്ടിനു വിഷയവുമായിരിക്കുന്നു.
15അവിടുന്നെന്നെ കയ്പുകൊണ്ടു നിറച്ചു കാഞ്ഞിരം കൊണ്ടെന്നെ മത്തുപിടിപ്പിച്ചിരിക്കുന്നു.
16കല്ലു കടിച്ചു പല്ലു തകരാനും ചാരം തിന്നാനും അവിടുന്നെനിക്ക് ഇടവരുത്തി.
17സമാധാനമെനിക്ക് നഷ്ടമായിരിക്കുന്നു; സന്തോഷമെന്തെന്ന് ഞാൻ മറന്നു.
18എന്റെ ശക്തിയും സർവേശ്വരനിലുള്ള എന്റെ പ്രത്യാശയും പൊയ്പോയിരിക്കുന്നു.
19എന്റെ കഷ്ടതയും അലച്ചിലും കയ്പും ഉഗ്രയാതനയും ഓർക്കണമേ.
20ഞാൻ എപ്പോഴും അവയെ ഓർത്തു വിഷാദിച്ചിരിക്കുന്നു.
21ഒരു കാര്യം ഓർക്കുമ്പോൾ എനിക്കു പ്രത്യാശയുണ്ട്.
22സർവേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.
അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല.
23പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും.
24സർവേശ്വരനാണെന്റെ സർവസ്വവും; അവിടുന്നാണെന്റെ പ്രത്യാശ.
25സർവേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവർക്ക് അവിടുന്നു നല്ലവനാകുന്നു.
26സർവേശ്വരൻ രക്ഷിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം.
27യൗവനത്തിൽ നുകം ചുമക്കുന്നതു മനുഷ്യനു നല്ലതാണ്.
28അവിടുന്നവന്റെമേൽ അതു വച്ചിരിക്കകൊണ്ട് അവൻ ഏകനായി മൗനമായിരിക്കട്ടെ.
29അവൻ തന്റെ മുഖം പൂഴിയോളം താഴ്ത്തട്ടെ; എന്നാലും അവനു പ്രത്യാശയ്‍ക്കു വകയുണ്ട്.
30അടിക്കുന്നതിന് അവൻ ചെകിടു കാണിച്ചു കൊടുക്കട്ടെ;
അവൻ നിന്ദനം കൊണ്ടു നിറയട്ടെ.
31സർവേശ്വരൻ അവനെ എന്നേക്കും ഉപേക്ഷിക്കുകയില്ല.
32അവിടുന്നു ദുഃഖിക്കാൻ ഇടവരുത്തിയാലും അവിടുത്തെ അനന്തമായ കൃപയ്‍ക്കൊത്ത വിധം അവിടുന്നു കരുണ കാണിക്കും.
33മനസ്സോടെയല്ലല്ലോ അവിടുന്നു മനുഷ്യരെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്.
34ബന്ധനസ്ഥരെ ചവിട്ടി മെതിക്കുന്നതും
35അത്യുന്നതനായ അവിടുത്തെ മുമ്പിൽ മനുഷ്യന്റെ ന്യായം നിഷേധിക്കുന്നതും
36വ്യവഹാരത്തിൽ ന്യായത്തെ തകിടം മറിക്കുന്നതും അവിടുന്നു കാണുന്നുണ്ട്.
37സർവേശ്വരന്റെ നിയോഗപ്രകാരമല്ലാതെ ആരുടെ കല്പന മൂലമാണിതു സംഭവിക്കുന്നത്?
38അത്യുന്നതന്റെ കല്പന പ്രകാരമല്ലേ നന്മയും തിന്മയും ഉണ്ടാകുന്നത്?
39തന്റെ പാപത്തിനു മനുഷ്യൻ ശിക്ഷിക്കപ്പെടുമ്പോൾ അവൻ എന്തിനു പരാതിപ്പെടുന്നു?
40നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിച്ചു സർവേശ്വരന്റെ അടുക്കലേക്കു തിരിയാം.
41സ്വർഗസ്ഥനായ ദൈവത്തോടു ഹൃദയം തുറന്നു നമുക്കു പ്രാർഥിക്കാം.
42ഞങ്ങൾ പാപം ചെയ്തു; ധിക്കാരം കാട്ടി; അവിടുന്നു ക്ഷമിച്ചില്ല.
43അവിടുന്നു കോപാവേശത്തോടെ ഞങ്ങളെ പിന്തുടർന്നു ഞങ്ങളെ നിർദയം കൊന്നുകളഞ്ഞു.
44ഞങ്ങളുടെ പ്രാർഥന കടന്നുവരാത്തവിധം അവിടുന്നു മേഘംകൊണ്ടു സ്വയം മറച്ചു.
45വിജാതീയരുടെ ഇടയിൽ ഞങ്ങളെ ചപ്പും കുപ്പയുമാക്കിയിരിക്കുന്നു.
46ശത്രുക്കൾ ഞങ്ങളെ ഭത്സിക്കുന്നു.
47ഞങ്ങൾ സംഭ്രാന്തിയിലും കെണിയിലും പെട്ടിരിക്കുന്നു.
തകർച്ചയ്‍ക്കും വിനാശത്തിനും വിധേയരായിരിക്കുന്നു.
48എന്റെ ജനത്തിന്റെ നാശംമൂലം കണ്ണുനീർ നദിപോലെ എന്നിൽ നിന്നൊഴുകുന്നു.
49എന്റെ കണ്ണുകൾ ഇടമുറിയാതെ കവിഞ്ഞൊഴുകും.
50സ്വർഗാധി സർവേശ്വരൻ കാണുവോളം അതു നിലയ്‍ക്കുകയില്ല.
51നഗരത്തിലെ കന്യകമാരുടെ ദുരന്തം കണ്ട് എന്റെ അന്തരംഗം വേദനിക്കുന്നു.
52അകാരണമായി ശത്രുക്കൾ പക്ഷിയെ എന്നപോലെ എന്നെ വേട്ടയാടുന്നു.
53അവർ എന്നെ ജീവനോടെ കുഴിയിലിട്ടു; അതിന്റെ വായ് കല്ലു വച്ചടച്ചു.
54വെള്ളം എന്റെ തലയ്‍ക്കു മീതെ കവിഞ്ഞൊഴുകി;
ഞാൻ നശിച്ചു എന്നു ഞാൻ പറഞ്ഞു.
55അഗാധഗർത്തത്തിൽ കിടന്നു ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു.
56എന്റെ നിലവിളി കേൾക്കാതെ ചെവിപൊത്തിക്കളയരുതേ എന്ന പ്രാർഥന അവിടുന്നു കേട്ടിരിക്കുന്നു.
57ഞാൻ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് അടുത്തു വന്നു ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
58സർവേശ്വരൻ എന്റെ വ്യവഹാരം നടത്തി എന്റെ ജീവൻ രക്ഷിച്ചിരിക്കുന്നു
59എന്നോടു ചെയ്ത ദ്രോഹം സർവേശ്വരാ, അവിടുന്നു കണ്ടിരിക്കുന്നുവല്ലോ.
എനിക്കുവേണ്ടി ന്യായം നടത്തിയാലും.
60അവരുടെ പ്രതികാരവും എനിക്കെതിരെയുള്ള ഗൂഢാലോചനകളും അവിടുന്നു കണ്ടിരിക്കുന്നു.
61സർവേശ്വരാ, അവരുടെ കുത്തുവാക്കുകളും എനിക്കെതിരെയുള്ള കെണികളും
62ഇടവിടാതെയുള്ള കുശുകുശുപ്പും എനിക്കെതിരെയുള്ള അടക്കംപറച്ചിലും അവിടുന്നു കേട്ടിരിക്കുന്നു.
63അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കിയാലും;
ഞാനാണ് അവരുടെ പരിഹാസവിഷയം.
64സർവേശ്വരാ, അവരുടെ പ്രവൃത്തിക്കൊത്ത വിധം അവരെ ശിക്ഷിക്കണമേ.
65അവിടുന്നവർക്കു ഹൃദയകാഠിന്യം വരുത്തും; അവിടുത്തെ ശാപം അവരുടെമേൽ പതിക്കും.
66സർവേശ്വരാ, അവിടുന്നു കോപത്തോടെ അവരെ പിന്തുടർന്ന് ആകാശത്തിൻ കീഴിൽനിന്ന് അവരെ നശിപ്പിക്കണമേ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ṬAH HLA 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക