വിലാപങ്ങൾ 3:13-24

വിലാപങ്ങൾ 3:13-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. ഞാൻ എന്റെ സർവജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. അവൻ എന്നെ കയ്പുകൊണ്ടു നിറച്ചു, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു; അവൻ കല്ലുകൊണ്ട് എന്റെ പല്ലു തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. എന്റെ മഹത്ത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു. നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ. എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു. ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും. നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു. യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു.

വിലാപങ്ങൾ 3:13-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുത്തെ പൂണിയിലെ അമ്പുകൾകൊണ്ട് എന്റെ അന്തരംഗം കുത്തിത്തുളച്ചിരിക്കുന്നു. ഞാൻ എല്ലാവരുടെയും പരിഹാസപാത്രമായിരിക്കുന്നു; എപ്പോഴും അവരുടെ പാട്ടിനു വിഷയവുമായിരിക്കുന്നു. അവിടുന്നെന്നെ കയ്പുകൊണ്ടു നിറച്ചു കാഞ്ഞിരം കൊണ്ടെന്നെ മത്തുപിടിപ്പിച്ചിരിക്കുന്നു. കല്ലു കടിച്ചു പല്ലു തകരാനും ചാരം തിന്നാനും അവിടുന്നെനിക്ക് ഇടവരുത്തി. സമാധാനമെനിക്ക് നഷ്ടമായിരിക്കുന്നു; സന്തോഷമെന്തെന്ന് ഞാൻ മറന്നു. എന്റെ ശക്തിയും സർവേശ്വരനിലുള്ള എന്റെ പ്രത്യാശയും പൊയ്പോയിരിക്കുന്നു. എന്റെ കഷ്ടതയും അലച്ചിലും കയ്പും ഉഗ്രയാതനയും ഓർക്കണമേ. ഞാൻ എപ്പോഴും അവയെ ഓർത്തു വിഷാദിച്ചിരിക്കുന്നു. ഒരു കാര്യം ഓർക്കുമ്പോൾ എനിക്കു പ്രത്യാശയുണ്ട്. സർവേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല. പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും. സർവേശ്വരനാണെന്റെ സർവസ്വവും; അവിടുന്നാണെന്റെ പ്രത്യാശ.

വിലാപങ്ങൾ 3:13-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

തന്‍റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്‍റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. ഞാൻ എന്‍റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു. അവിടുന്ന് കല്ലുകൊണ്ടു എന്‍റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. അങ്ങ് എന്‍റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. എന്‍റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. അങ്ങ് എന്‍റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ. എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു. ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും. നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു. യഹോവ എന്‍റെ ഓഹരി എന്നു എന്‍റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു.

വിലാപങ്ങൾ 3:13-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു. ഞാൻ എന്റെ സർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു. അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകർത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ. എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു. ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും. നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു. യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.

വിലാപങ്ങൾ 3:13-24 സമകാലിക മലയാളവിവർത്തനം (MCV)

അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ അവിടന്ന് എന്റെ ഹൃദയം കുത്തിത്തുളച്ചു. ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി; ദിവസംമുഴുവനും പാട്ടിലൂടെ അവർ എന്നെ പരിഹസിക്കുന്നു. അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു, കാഞ്ഞിരം എനിക്കു കുടിക്കാൻ നൽകിയിരിക്കുന്നു. അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു; അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു. എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു; ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി. അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന് ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു. എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു. ഞാൻ അവയെ നന്നായി ഓർക്കുന്നു, എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി. എങ്കിലും ഞാൻ ഇത് ഓർക്കും അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്: യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല. അവ പ്രഭാതംതോറും പുതിയതാകുന്നു; അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു. ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി; അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”