യോശുവ 15:1-19

യോശുവ 15:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹൂദാമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കേ ദേശത്തിന്റെ തെക്കേ അറ്റത്ത് എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നെ. അവരുടെ തെക്കേ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽ തന്നെ ആയിരുന്നു. അത് അക്രബ്ബീം കയറ്റത്തിന് തെക്കോട്ടു ചെന്ന് സീനിലേക്കു കടന്ന് കാദേശ്-ബർന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോൻ കടന്ന് ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞ് അസ്മോനിലേക്കു കടന്ന് മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കേ അതിർ ആയിരിക്കേണം. കിഴക്കേ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കേ അതിർ യോർദ്ദാന്റെ അഴിമുഖമായ ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബായുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലു വരെ കയറിച്ചെല്ലുന്നു. പിന്നെ ആ അതിർ ആഖോർ താഴ്‌വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ട് തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗില്ഗാലിനു ചെന്ന് ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്ന് ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു. പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്‌വരയിൽക്കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു. പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്കു തിരിയുന്നു. പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നായിലേക്കു ചെല്ലുന്നു. പിന്നെ ആ അതിർ വടക്കോട്ട് എക്രോന്റെ പാർശ്വംവരെ ചെന്ന് ശിക്രോനിലേക്കു തിരിഞ്ഞ് ബാലാമലയിലേക്കു കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. പടിഞ്ഞാറേ അതിർ നെടുകെ മഹാസമുദ്രം തന്നെ; ഇത് യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ. യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു. അവിടെനിന്ന് കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്ന് അനാക്യരെ നീക്കിക്കളഞ്ഞു. അവിടെനിന്ന് അവൻ ദെബീർനിവാസികളുടെ നേരേ ചെന്നു; ദെബീരിന്റെ പേർ മുമ്പേ കിര്യത്ത്-സേഫെർ എന്നായിരുന്നു. കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു. കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു. അവൾ വന്നാറെ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: നിനക്ക് എന്തു വേണം എന്നു ചോദിച്ചു. എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കേ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നത്; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്കു മലയിലും താഴ്‌വരയിലും നീരുറവുകളെ കൊടുത്തു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക

യോശുവ 15:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ദേശം തെക്ക് എദോമിന്റെ അതിർത്തിയിലുള്ള സീൻമരുഭൂമിയുടെ തെക്കേ അറ്റംവരെ വ്യാപിച്ചിരുന്നു. അവരുടെ ദേശത്തിന്റെ തെക്കേ അതിര്, ചാവുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽനിന്ന് ആരംഭിച്ചു. അക്രബ്ബീം മലയിടുക്കിലൂടെ സീൻമരുഭൂമിയിൽ കടന്നു ഹെസ്രോനിലൂടെ അദ്ദാറിലെത്തി. അവിടെനിന്നു കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്ത് എത്തിച്ചേർന്ന് വളഞ്ഞ് കാർക്കവരെയും പിന്നീട് അസ്മോനിലൂടെ ഈജിപ്തിലെ തോടുവരെയും ചെന്ന് കടലിൽ അവസാനിക്കുന്നു. കിഴക്കേ അതിര് യോർദ്ദാൻനദി ചെന്നുചേരുന്ന ചാവുകടലായിരുന്നു. വടക്കേ അതിര് യോർദ്ദാൻനദീമുഖത്തുള്ള ഉൾക്കടലിൽ ആരംഭിച്ച്, ബേത്ത്-ഹൊഗ്‍ലായിലൂടെ ബേത്ത്-അരാബായുടെ വടക്ക്, രൂബേന്റെ പുത്രനായ ബോഹാന്റെ കല്ലുവരെയും അവിടെനിന്ന് ആഖോർ താഴ്‌വരമുതൽ ദെബീരിലേക്കു കടന്ന്, അവിടെനിന്നു തിരിഞ്ഞു തോടിന്റെ തെക്ക് അദുമ്മീമിന് എതിർവശത്തുള്ള ഗില്ഗാലിലേക്കു കടക്കുകയും ചെയ്യുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു. അവിടെനിന്ന് അതു യെബൂസ്യ മലയുടെ-യെരൂശലേമിന്റെ-തെക്കേ അറ്റത്തു ബെൻ-ഹിന്നോം താഴ്‌വര വരെ പോകുന്നു. പിന്നീട് രെഫായീംതാഴ്‌വരയുടെ വടക്കേ അറ്റത്ത് ഹിന്നോം താഴ്‌വരയുടെ പടിഞ്ഞാറു വശത്തുള്ള മലയുടെ മുകളിലേക്കു പോകുന്നു. അവിടെനിന്നു അതു നെപ്തോഹയിലെ നീരുറവയിലേക്കു തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെയും അവിടെനിന്നു ബാലായിലേക്കു (കിര്യത്ത്-യെയാരീം) തിരിഞ്ഞ്, ബാലായുടെ പടിഞ്ഞാറുവശം ചുറ്റി സേയീർമല കടന്നു കെസാലോൻ എന്നും നാമമുള്ള യെയാരീംമലയുടെ വടക്കേ ചരിവിലൂടെ ബേത്ത്-ശേമെശിൽ ഇറങ്ങി തിമ്നായിലേക്കു കടക്കുന്നു. പിന്നീട് ആ അതിര് എക്രോന്റെ വടക്കേ ചരിവിലൂടെ ശിക്രോനിലേക്കു തിരിഞ്ഞു ബാലാമല കടന്നു യബ്നേലിൽ വച്ചു കടലിൽ അവസാനിക്കുന്നു. പടിഞ്ഞാറേ അതിരു മെഡിറ്ററേനിയൻ സമുദ്രമാണ്. യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ഭൂമിയുടെ അതിരുകൾ ഇവയാണ്. സർവേശ്വരൻ യോശുവയോടു കല്പിച്ചിരുന്നതുപോലെ, യെഫുന്നെയുടെ പുത്രനായ കാലേബിനു യെഹൂദാഗോത്രത്തിന്റെ അവകാശഭൂമിയിൽ കിര്യത്ത്-അർബ്ബ (ഹെബ്രോൻ പട്ടണം) നല്‌കി. അനാക്കിന്റെ പിതാവായിരുന്നു അർബ്ബ. അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്ന മൂന്ന് അനാക്യകുലങ്ങളെ കാലേബ് അവിടെനിന്നു തുരത്തി. പിന്നീട് ദെബീർനിവാസികളെ ആക്രമിക്കാൻ പുറപ്പെട്ടു. കിര്യത്ത്-സേഫെർ എന്ന പേരിലായിരുന്നു ദെബീർ മുൻപ് അറിയപ്പെട്ടിരുന്നത്; കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവനു തന്റെ മകൾ അക്സായെ ഭാര്യയായി നല്‌കുമെന്നു കാലേബ് പറഞ്ഞിരുന്നു. കാലേബിന്റെ സഹോദരനായ കെനസിന്റെ പുത്രൻ ഒത്നീയേൽ ആ പട്ടണം പിടിച്ചടക്കി. കാലേബ് തന്റെ മകൾ അക്സായെ അവനു ഭാര്യയായി നല്‌കുകയും ചെയ്തു. അവൾ ഭർത്താവിന്റെ അടുക്കൽ വന്നപ്പോൾ തന്റെ പിതാവിനോട് ഒരു നിലം ആവശ്യപ്പെടാൻ അവൻ അവളെ പ്രേരിപ്പിച്ചു. അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയ ഉടനെ: “ഞാൻ നിനക്കുവേണ്ടി എന്തു ചെയ്തുതരണം” എന്നു കാലേബ് ചോദിച്ചു. അവൾ പ്രതിവചിച്ചു: “എനിക്ക് ഒരു ഉപകാരം ചെയ്തുതരണം; വരൾച്ചയുള്ള നെഗെബുദേശമാണല്ലോ അങ്ങ് എനിക്കു നല്‌കിയിരിക്കുന്നത്; അതുകൊണ്ട് എനിക്ക് ഏതാനും നീരുറവുകൾ കൂടി നല്‌കിയാലും.” അവൾ ആവശ്യപ്പെട്ടതുപോലെ മലയിലും താഴ്‌വരയിലുമുള്ള നീരുറവുകൾ കാലേബ് അവൾക്ക് വിട്ടുകൊടുത്തു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക

യോശുവ 15:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കേ അറ്റത്ത് ഏദോമിന്‍റെ അതിരായ സീൻമരുഭൂമി വരെ ആയിരുന്നു. അവരുടെ ദേശത്തിന്‍റെ തെക്കേ അതിർ ഉപ്പുകടലിന്‍റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച് അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെനിന്ന് കാദേശ്ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ് അസ്മോനിലേക്ക് കടന്ന് മിസ്രയീമിലെ തോടുവരെ ചെന്നു സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കേ അതിർ ആയിരിക്കേണം. കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നെ. വടക്കെ അതിർ യോർദ്ദാന്‍റെ നദീമുഖത്തുള്ള ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലുവരെ കയറിച്ചെല്ലുന്നു. പിന്നെ ആ അതിർ ആഖോർ താഴ്‌വര മുതൽ ദെബീരിലേക്ക് കടന്ന് തോടിന്‍റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്നു ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു. പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരയിൽ കൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു. പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾ വരെ ചെന്നു കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു. പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു. പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്‍റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്നു സമുദ്രത്തിൽ അവസാനിക്കുന്നു. പടിഞ്ഞാറെ അതിർ മഹാസമുദ്രം തന്നെ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്‍റെ ചുറ്റുമുള്ള അതിരുകൾ. യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്‍റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു. അവിടെനിന്ന് കാലേബ് അനാക്കിന്‍റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു. അവിടെനിന്ന് അവൻ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്‍റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു. കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്‍റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു. കാലേബിന്‍റെ സഹോദരനായ കെനസിന്‍റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്‍റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു. അവൾ തന്‍റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്ക് എന്തുവേണം?” എന്നു ചോദിച്ചു. “എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കേ ദേശമാണല്ലൊ തന്നിരിക്കുന്നത്; ഏതാനും നീരുറവുകൾകൂടെ എനിക്ക് തരേണം” എന്നു അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക

യോശുവ 15:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ. അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു. അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കുകൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം. കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു. പിന്നെ ആ അതിർ ആഖോർതാഴ്‌വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു. പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്‌വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്‌വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു. പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്നു കിര്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു. പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു. പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു. പടിഞ്ഞാറെ അതിർ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ. യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു. അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു. അവിടെനിന്നു അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു. കിര്യത്ത്-സേഫെർ ജയിക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു. കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു. അവൾ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു. എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവൾ ഉത്തരം പറഞ്ഞു അവൻ അവൾക്കു മലയിലും താഴ്‌വരയിലും നീരുറവുകളെ കൊടുത്തു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക

യോശുവ 15:1-19 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദാഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശഭൂമി തെക്കേ ദേശത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് ഏദോം ദേശംവരെയും സീൻമരുഭൂമിവരെയും വ്യാപിച്ചുകിടന്നു. അവരുടെ തെക്കേ അതിര് ഉപ്പുകടലിന്റെ തെക്കേ അറ്റത്തുള്ള ഉൾക്കടലിൽ തുടങ്ങി; അക്രബീം മലമ്പാതയുടെ തെക്കുഭാഗം കടന്നു, സീനിൽക്കൂടി കാദേശ്-ബർന്നേയയുടെ തെക്കുവരെ നീണ്ടുകിടന്നിരുന്നു. അവിടെനിന്നും ഹെസ്രോൻ കടന്ന് ആദാരിൽ കയറി കാർക്കയെ ചുറ്റി; വീണ്ടും അസ്മോനിലേക്കു കടന്ന് ഈജിപ്റ്റിന്റെ തോടുമായി യോജിച്ചു മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇതാണ് അവരുടെ തെക്കേ അതിര്. കിഴക്കേ അതിര് യോർദാൻനദി ഉപ്പുകടലിൽ ചെന്നുചേരുന്ന അഴിമുഖംവരെയാകുന്നു. വടക്കേ അതിര് യോർദാന്റെ അഴിമുഖത്തുള്ള ഉൾക്കടലിൽ തുടങ്ങി, ബേത്-ഹൊഗ്ലായിൽ ചെന്ന് ബേത്-അരാബയുടെ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കിടക്കുന്നു. പിന്നെ ആ അതിര് ആഖോർതാഴ്വരമുതൽ ദെബീരിൽ കയറി, വടക്കോട്ടു തിരിഞ്ഞ്, മലയിടുക്കിന് തെക്കുള്ള അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗിൽഗാലിൽ എത്തുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയിലേക്കു കടന്ന് ഏൻ-രോഗേലിൽ എത്തുന്നു. പിന്നെ ആ അതിര് ബെൻ-ഹിന്നോം താഴ്വരയിൽക്കൂടി കയറി, യെബൂസ്യപട്ടണമായ ജെറുശലേമിന്റെ തെക്കേ ചരിവിൽക്കൂടി കടന്ന്, രെഫായീം താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോം താഴ്വരയുടെ പടിഞ്ഞാറുള്ള മലമുകളിലേക്കു കയറുന്നു. മലമുകളിൽനിന്ന് അത് നെപ്തോഹയിലെ നീരുറവയിലേക്ക് തിരിഞ്ഞ് എഫ്രോൻ മലയിലെ പട്ടണങ്ങളിൽ എത്തുന്നു; അവിടെനിന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്ക് ഇറങ്ങുന്നു. പിന്നെ അത് ബാലാമുതൽ സേയിർമലവരെ പടിഞ്ഞാറോട്ടു വളഞ്ഞു കെസാലോൻ എന്ന യെയാരിം മലയുടെ വടക്കേ ചരിവിൽക്കൂടി ബേത്-ശേമെശിലേക്കിറങ്ങി തിമ്നയിൽ എത്തുന്നു. പിന്നെ എക്രോന്റെ വടക്കേ ചരിവിൽ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ എത്തി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രത്തിന്റെ തീരംതന്നെ. യെഹൂദാമക്കൾക്കു കുലംകുലമായി ലഭിച്ച അവകാശത്തിന്റെ അതിരുകൾ ഇവയാണ്. യഹോവയുടെ അരുളപ്പാടനുസരിച്ച് യോശുവ യെഹൂദയുടെ ഒരു ഭാഗമായ കിര്യത്ത്-അർബാ എന്ന ഹെബ്രോൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു കൊടുത്തു. (അർബാ അനാക്കിന്റെ പൂർവപിതാവ് ആയിരുന്നു) ഹെബ്രോനിൽനിന്ന് ശേശായി, അഹീമാൻ, തൽമായി എന്നിങ്ങനെ അനാക്കിന്റെ പിൻഗാമികളായ മൂന്ന് അനാക്യകുലങ്ങളെ കാലേബ് ഓടിച്ചുകളഞ്ഞു. അവിടെനിന്ന് അദ്ദേഹം ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിന് അണിനിരന്നു. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു. അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു. കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; അങ്ങനെ കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു. അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു. അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക