യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ദേശം തെക്ക് എദോമിന്റെ അതിർത്തിയിലുള്ള സീൻമരുഭൂമിയുടെ തെക്കേ അറ്റംവരെ വ്യാപിച്ചിരുന്നു. അവരുടെ ദേശത്തിന്റെ തെക്കേ അതിര്, ചാവുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽനിന്ന് ആരംഭിച്ചു. അക്രബ്ബീം മലയിടുക്കിലൂടെ സീൻമരുഭൂമിയിൽ കടന്നു ഹെസ്രോനിലൂടെ അദ്ദാറിലെത്തി. അവിടെനിന്നു കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്ത് എത്തിച്ചേർന്ന് വളഞ്ഞ് കാർക്കവരെയും പിന്നീട് അസ്മോനിലൂടെ ഈജിപ്തിലെ തോടുവരെയും ചെന്ന് കടലിൽ അവസാനിക്കുന്നു. കിഴക്കേ അതിര് യോർദ്ദാൻനദി ചെന്നുചേരുന്ന ചാവുകടലായിരുന്നു. വടക്കേ അതിര് യോർദ്ദാൻനദീമുഖത്തുള്ള ഉൾക്കടലിൽ ആരംഭിച്ച്, ബേത്ത്-ഹൊഗ്ലായിലൂടെ ബേത്ത്-അരാബായുടെ വടക്ക്, രൂബേന്റെ പുത്രനായ ബോഹാന്റെ കല്ലുവരെയും അവിടെനിന്ന് ആഖോർ താഴ്വരമുതൽ ദെബീരിലേക്കു കടന്ന്, അവിടെനിന്നു തിരിഞ്ഞു തോടിന്റെ തെക്ക് അദുമ്മീമിന് എതിർവശത്തുള്ള ഗില്ഗാലിലേക്കു കടക്കുകയും ചെയ്യുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു. അവിടെനിന്ന് അതു യെബൂസ്യ മലയുടെ-യെരൂശലേമിന്റെ-തെക്കേ അറ്റത്തു ബെൻ-ഹിന്നോം താഴ്വര വരെ പോകുന്നു. പിന്നീട് രെഫായീംതാഴ്വരയുടെ വടക്കേ അറ്റത്ത് ഹിന്നോം താഴ്വരയുടെ പടിഞ്ഞാറു വശത്തുള്ള മലയുടെ മുകളിലേക്കു പോകുന്നു. അവിടെനിന്നു അതു നെപ്തോഹയിലെ നീരുറവയിലേക്കു തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെയും അവിടെനിന്നു ബാലായിലേക്കു (കിര്യത്ത്-യെയാരീം) തിരിഞ്ഞ്, ബാലായുടെ പടിഞ്ഞാറുവശം ചുറ്റി സേയീർമല കടന്നു കെസാലോൻ എന്നും നാമമുള്ള യെയാരീംമലയുടെ വടക്കേ ചരിവിലൂടെ ബേത്ത്-ശേമെശിൽ ഇറങ്ങി തിമ്നായിലേക്കു കടക്കുന്നു. പിന്നീട് ആ അതിര് എക്രോന്റെ വടക്കേ ചരിവിലൂടെ ശിക്രോനിലേക്കു തിരിഞ്ഞു ബാലാമല കടന്നു യബ്നേലിൽ വച്ചു കടലിൽ അവസാനിക്കുന്നു. പടിഞ്ഞാറേ അതിരു മെഡിറ്ററേനിയൻ സമുദ്രമാണ്. യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ഭൂമിയുടെ അതിരുകൾ ഇവയാണ്. സർവേശ്വരൻ യോശുവയോടു കല്പിച്ചിരുന്നതുപോലെ, യെഫുന്നെയുടെ പുത്രനായ കാലേബിനു യെഹൂദാഗോത്രത്തിന്റെ അവകാശഭൂമിയിൽ കിര്യത്ത്-അർബ്ബ (ഹെബ്രോൻ പട്ടണം) നല്കി. അനാക്കിന്റെ പിതാവായിരുന്നു അർബ്ബ. അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്ന മൂന്ന് അനാക്യകുലങ്ങളെ കാലേബ് അവിടെനിന്നു തുരത്തി. പിന്നീട് ദെബീർനിവാസികളെ ആക്രമിക്കാൻ പുറപ്പെട്ടു. കിര്യത്ത്-സേഫെർ എന്ന പേരിലായിരുന്നു ദെബീർ മുൻപ് അറിയപ്പെട്ടിരുന്നത്; കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവനു തന്റെ മകൾ അക്സായെ ഭാര്യയായി നല്കുമെന്നു കാലേബ് പറഞ്ഞിരുന്നു. കാലേബിന്റെ സഹോദരനായ കെനസിന്റെ പുത്രൻ ഒത്നീയേൽ ആ പട്ടണം പിടിച്ചടക്കി. കാലേബ് തന്റെ മകൾ അക്സായെ അവനു ഭാര്യയായി നല്കുകയും ചെയ്തു. അവൾ ഭർത്താവിന്റെ അടുക്കൽ വന്നപ്പോൾ തന്റെ പിതാവിനോട് ഒരു നിലം ആവശ്യപ്പെടാൻ അവൻ അവളെ പ്രേരിപ്പിച്ചു. അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയ ഉടനെ: “ഞാൻ നിനക്കുവേണ്ടി എന്തു ചെയ്തുതരണം” എന്നു കാലേബ് ചോദിച്ചു. അവൾ പ്രതിവചിച്ചു: “എനിക്ക് ഒരു ഉപകാരം ചെയ്തുതരണം; വരൾച്ചയുള്ള നെഗെബുദേശമാണല്ലോ അങ്ങ് എനിക്കു നല്കിയിരിക്കുന്നത്; അതുകൊണ്ട് എനിക്ക് ഏതാനും നീരുറവുകൾ കൂടി നല്കിയാലും.” അവൾ ആവശ്യപ്പെട്ടതുപോലെ മലയിലും താഴ്വരയിലുമുള്ള നീരുറവുകൾ കാലേബ് അവൾക്ക് വിട്ടുകൊടുത്തു.
JOSUA 15 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOSUA 15:1-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ