ഇയ്യോബ് 8:1-20
ഇയ്യോബ് 8:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വൻ കാറ്റുപോലെ ഇരിക്കും? ദൈവം ന്യായം മറിച്ചുകളയുമോ? സർവശക്തൻ നീതിയെ മറിച്ചുകളയുമോ? നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവശക്തനോടപേക്ഷിക്കയും ചെയ്താൽ, നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കുവേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. നിന്റെ പൂർവസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണഫലം ഗ്രഹിച്ചുകൊൾക. നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രേ. അവർ നിനക്ക് ഉപദേശിച്ചു പറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും. ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ മറ്റ് എല്ലാ പുല്ലിനും മുമ്പേ വാടിപ്പോകുന്നു. ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെതന്നെ; വഷളന്റെ ആശ നശിച്ചുപോകും; അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രേ. അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനില്ക്കയില്ല. വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. അവന്റെ വേർ കല്ക്കുന്നിൽ പിണയുന്നു; അതു കല്ലെടുക്കിൽ ചെന്നു പിടിക്കുന്നു. അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും. ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളച്ചു വരും. ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.
ഇയ്യോബ് 8:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൂഹ്യനായ ബിൽദാദ് മറുപടി പറഞ്ഞു: “എത്രനേരം നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? കൊടുങ്കാറ്റുപോലെയാണ് നിന്റെ വായിൽ നിന്നു പുറപ്പെടുന്ന വാക്കുകൾ. ദൈവം ന്യായത്തെ വ്യതിചലിപ്പിക്കുമോ? സർവശക്തൻ നീതിക്കു മാർഗഭ്രംശം വരുത്തുമോ? നിന്റെ മക്കൾ ദൈവത്തിന് എതിരെ പാപം ചെയ്തിരിക്കാം. അതിക്രമങ്ങൾക്കുള്ള ശിക്ഷ ദൈവം അവർക്കു നല്കിയിരിക്കുന്നു. നീ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സർവശക്തനോടു കേണപേക്ഷിച്ചാൽ, നീ നിർമ്മലനും നീതിനിഷ്ഠനുമെങ്കിൽ, അവിടുന്നു നിനക്കുവേണ്ടി നിശ്ചയമായും പ്രവർത്തിക്കും. നീ അർഹിക്കുംവിധം നിന്റെ ഭവനം പുനഃസ്ഥാപിക്കും നിന്റെ ആരംഭം എളിയതായിരുന്നാലും വരുംദിനങ്ങൾ അതിമഹത്തായിരിക്കും. കഴിഞ്ഞ തലമുറകളോടു ചോദിക്കുക; പൂർവപിതാക്കളുടെ അനുഭവം നോക്കി പഠിച്ചുകൊള്ളുക. നാം ഇന്നലെ ഉണ്ടായവർ! നമുക്ക് എന്തറിയാം? ഭൂമിയിലെ നമ്മുടെ ജീവിതം നിഴൽ പോലെയല്ലേ? അവർ നിന്നെ പഠിപ്പിക്കും; അനുഭവജ്ഞാനത്തിൽനിന്ന് അവർ പറയും. ചതുപ്പിലല്ലേ ഞാങ്ങണ വളരൂ! ഈർപ്പമില്ലാത്തിടത്ത് ഓടക്കാട് തഴയ്ക്കുമോ? തഴച്ചുവളർന്നാലും അവ വെള്ളമില്ലെങ്കിൽ വെട്ടാതെതന്നെ മറ്റേതു ചെടിയെയുംകാൾ വേഗം ഉണങ്ങിപ്പോകും. ദൈവത്തെ മറക്കുന്നവരുടെയെല്ലാം ഗതി ഇതുതന്നെ; അഭക്തന്റെ ആശ അറ്റുപോകും; അവന്റെ ആശ്രയം തകർന്നടിയും; അവന്റെ ശരണം ചിലന്തിവലയത്രേ. അവൻ തന്റെ ഭവനത്തെ ആശ്രയിക്കും, എന്നാൽ അതു നിലനില്ക്കുകയില്ല. അവൻ അതിനെ മുറുകെപ്പിടിക്കും, എന്നാൽ അത് ഉറച്ചുനില്ക്കുകയില്ല. ദുഷ്ടൻ സൂര്യപ്രകാശത്തിൽ തഴയ്ക്കും, അവന്റെ ശിഖരങ്ങൾ തോട്ടത്തിൽ പടർന്നുപന്തലിക്കുന്നു. അവന്റെ വേരുകൾ കൽക്കൂനയിൽ പിണഞ്ഞു കിടക്കുന്നു; അവൻ പാറകൾക്കിടയിൽ വളരുന്നു. അവന്റെ സ്ഥലത്തുനിന്ന് അവനെ ആരെങ്കിലും പിഴുതുമാറ്റിയാൽ ഞാൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല എന്ന് ആ സ്ഥലം അവനെ തള്ളിപ്പറയും. ഇതാ, ഇത്രയുമാണ് അവരുടെ സന്തോഷം. അവിടെ വേറെ ചെടികൾ മുളച്ചുവരും. ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; ദുഷ്പ്രവൃത്തി ചെയ്യുന്നവനെ സഹായിക്കുകയുമില്ല.
ഇയ്യോബ് 8:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും? ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ? നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും സർവ്വശക്തനായ ദൈവത്തോടപേക്ഷിക്കുകയും ചെയ്താൽ, നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. “നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക. നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും. “ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ; വഷളന്റെ ആശ നശിച്ചുപോകും; അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ. അവൻ തന്റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്ക്കുകയില്ല; അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്ക്കുകയില്ല. വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. അവന്റെ വേര് കല്ക്കുന്നിൽ പടരുന്നു; അത് കല്ലുകളുടെയിടയിൽ ചെന്നു തിരയുന്നു. അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അത് അവനെ നിഷേധിക്കും. ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും. “ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.
ഇയ്യോബ് 8:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വങ്കാറ്റുപോലെ ഇരിക്കും? ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു. നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ, നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊൾക. നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും. ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ? അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു. ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും; അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ. അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനില്ക്കയില്ല. വെയിലത്തു അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു. അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും. ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളെച്ചുവരും. ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.
ഇയ്യോബ് 8:1-20 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു: “ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും? നിന്റെ വാക്കുകൾ അതിശക്തമായ കാറ്റുപോലെയാണല്ലോ. ദൈവം ന്യായം തകിടംമറിക്കുമോ? സർവശക്തൻ നീതിയെ നിഷേധിക്കുമോ? അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ, അവിടന്ന് അവരുടെ അകൃത്യത്തിന് തക്കതായ ശിക്ഷനൽകുന്നു. എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും സർവശക്തനോട് കേണപേക്ഷിക്കുകയും ചെയ്താൽ, നീ നിർമലനും പരമാർഥിയുമെങ്കിൽ, തീർച്ചയായും അവിടന്നു നിനക്കുവേണ്ടി എഴുന്നേൽക്കും; നിന്റെ പഴയ ഐശ്വര്യസമൃദ്ധിയിൽത്തന്നെ നിന്നെ പുനഃസ്ഥാപിക്കും. നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും, നിന്റെ ഭാവി ഐശ്വര്യസമൃദ്ധം ആയിരിക്കും. “മുൻ തലമുറകളോടു ചോദിക്കുക; അവരുടെ പൂർവികരുടെ അനുഭവജ്ഞാനം എന്തെല്ലാമെന്നു കണ്ടെത്തുക. ഇന്നലെ പിറന്നവരാണു നാം, നമുക്കൊന്നും അറിഞ്ഞുകൂടാ. ഭൂമിയിൽ നമ്മുടെ ആയുസ്സ് ഒരു നിഴൽപോലെമാത്രമാണ്. അവർ നിന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയില്ലേ? തങ്ങളുടെ അനുഭവജ്ഞാനം അവർ വെളിപ്പെടുത്തുകയില്ലേ? ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ? വെള്ളമില്ലാതെ ഓടക്കാട് തഴയ്ക്കുമോ? അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ പുല്ലു വാടുന്നതിലും വേഗത്തിൽ അവർ വാടിപ്പോകുന്നു. ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്; അങ്ങനെ അഭക്തരുടെ പ്രത്യാശ നശിച്ചുപോകും. അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം. അവരുടെ ആശ്രയം ഒരു ചിലന്തിവലയിലാണ്. അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു, എന്നാൽ അതു വഴുതിമാറുന്നു; അവർ അതിൽ മുറുകെപ്പിടിക്കുന്നു, എന്നാൽ അത് അവരെ താങ്ങുകയില്ല. അവർ സൂര്യപ്രകാശത്തിൽ നന്നായി നനച്ചു വളർത്തുന്ന ഒരു ചെടിപോലെയാണ്, അതിന്റെ ശാഖകൾ ഉദ്യാനത്തിലാകെ പടർന്നു പന്തലിക്കുന്നു. അതിന്റെ വേരുകൾ കൽക്കൂനയിൽ ചുറ്റിപ്പിണഞ്ഞു വളരുന്നു; അത് കല്ലുകൾക്കിടയിൽ സ്ഥലം അന്വേഷിക്കുന്നു. എങ്കിലും അതിന്റെ സ്ഥാനത്തുനിന്ന് അതിനെ പിഴുതെടുത്താൽ ‘ഞാൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല,’ എന്നു പറഞ്ഞ് ആ തോട്ടം അതിനെ പുറന്തള്ളും. ഇതാ, ആ ചെടി കരിഞ്ഞുണങ്ങുന്നു, നിശ്ചയം, ആ മണ്ണിൽ മറ്റു ചെടികൾ മുളച്ചുവരികയും ചെയ്യും. “നിഷ്കളങ്കരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല; ദുഷ്കർമികളുടെ കൈകൾ അവിടന്നു ബലപ്പെടുത്തുകയുമില്ല.