JOBA 8:1-20

JOBA 8:1-20 MALCLBSI

ശൂഹ്യനായ ബിൽദാദ് മറുപടി പറഞ്ഞു: “എത്രനേരം നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? കൊടുങ്കാറ്റുപോലെയാണ് നിന്റെ വായിൽ നിന്നു പുറപ്പെടുന്ന വാക്കുകൾ. ദൈവം ന്യായത്തെ വ്യതിചലിപ്പിക്കുമോ? സർവശക്തൻ നീതിക്കു മാർഗഭ്രംശം വരുത്തുമോ? നിന്റെ മക്കൾ ദൈവത്തിന് എതിരെ പാപം ചെയ്തിരിക്കാം. അതിക്രമങ്ങൾക്കുള്ള ശിക്ഷ ദൈവം അവർക്കു നല്‌കിയിരിക്കുന്നു. നീ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സർവശക്തനോടു കേണപേക്ഷിച്ചാൽ, നീ നിർമ്മലനും നീതിനിഷ്ഠനുമെങ്കിൽ, അവിടുന്നു നിനക്കുവേണ്ടി നിശ്ചയമായും പ്രവർത്തിക്കും. നീ അർഹിക്കുംവിധം നിന്റെ ഭവനം പുനഃസ്ഥാപിക്കും നിന്റെ ആരംഭം എളിയതായിരുന്നാലും വരുംദിനങ്ങൾ അതിമഹത്തായിരിക്കും. കഴിഞ്ഞ തലമുറകളോടു ചോദിക്കുക; പൂർവപിതാക്കളുടെ അനുഭവം നോക്കി പഠിച്ചുകൊള്ളുക. നാം ഇന്നലെ ഉണ്ടായവർ! നമുക്ക് എന്തറിയാം? ഭൂമിയിലെ നമ്മുടെ ജീവിതം നിഴൽ പോലെയല്ലേ? അവർ നിന്നെ പഠിപ്പിക്കും; അനുഭവജ്ഞാനത്തിൽനിന്ന് അവർ പറയും. ചതുപ്പിലല്ലേ ഞാങ്ങണ വളരൂ! ഈർപ്പമില്ലാത്തിടത്ത് ഓടക്കാട് തഴയ്‍ക്കുമോ? തഴച്ചുവളർന്നാലും അവ വെള്ളമില്ലെങ്കിൽ വെട്ടാതെതന്നെ മറ്റേതു ചെടിയെയുംകാൾ വേഗം ഉണങ്ങിപ്പോകും. ദൈവത്തെ മറക്കുന്നവരുടെയെല്ലാം ഗതി ഇതുതന്നെ; അഭക്തന്റെ ആശ അറ്റുപോകും; അവന്റെ ആശ്രയം തകർന്നടിയും; അവന്റെ ശരണം ചിലന്തിവലയത്രേ. അവൻ തന്റെ ഭവനത്തെ ആശ്രയിക്കും, എന്നാൽ അതു നിലനില്‌ക്കുകയില്ല. അവൻ അതിനെ മുറുകെപ്പിടിക്കും, എന്നാൽ അത് ഉറച്ചുനില്‌ക്കുകയില്ല. ദുഷ്ടൻ സൂര്യപ്രകാശത്തിൽ തഴയ്‍ക്കും, അവന്റെ ശിഖരങ്ങൾ തോട്ടത്തിൽ പടർന്നുപന്തലിക്കുന്നു. അവന്റെ വേരുകൾ കൽക്കൂനയിൽ പിണഞ്ഞു കിടക്കുന്നു; അവൻ പാറകൾക്കിടയിൽ വളരുന്നു. അവന്റെ സ്ഥലത്തുനിന്ന് അവനെ ആരെങ്കിലും പിഴുതുമാറ്റിയാൽ ഞാൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല എന്ന് ആ സ്ഥലം അവനെ തള്ളിപ്പറയും. ഇതാ, ഇത്രയുമാണ് അവരുടെ സന്തോഷം. അവിടെ വേറെ ചെടികൾ മുളച്ചുവരും. ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; ദുഷ്പ്രവൃത്തി ചെയ്യുന്നവനെ സഹായിക്കുകയുമില്ല.

JOBA 8 വായിക്കുക