ഇയ്യോബ് 40:6-24

ഇയ്യോബ് 40:6-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞതെന്തെന്നാൽ: നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചു തരിക. നീ എന്റെ ന്യായത്തെ ദുർബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ? നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക. നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവിയെയും നോക്കി താഴ്ത്തുക; ഏത് ഗർവിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽതന്നെ വീഴ്ത്തിക്കളക. അവരെയൊക്കെയും പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക. അപ്പോൾ നിന്റെ വലംകൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചു പറയും. ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലു തിന്നുന്നു. അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു. ദേവദാരുതുല്യമായ തന്റെ വാൽ അത് ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു. അതിന്റെ അസ്ഥികൾ ചെമ്പുകുഴൽ പോലെയും എല്ലുകൾ ഇരുമ്പഴിപോലെയും ഇരിക്കുന്നു. അതു ദൈവത്തിന്റെ സൃഷ്‍ടികളിൽ പ്രധാനമായുള്ളത്; അതിനെ ഉണ്ടാക്കിയവൻ അതിന് ഒരു വാൾ കൊടുത്തിരിക്കുന്നു. കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പർവതങ്ങൾ അതിനു തീൻ വിളയിക്കുന്നു. അതു നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു. നീർമരുതു നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു. നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും. അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ?

ഇയ്യോബ് 40:6-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ ചുഴലിക്കാറ്റിൽനിന്ന് സർവേശ്വരൻ ഇയ്യോബിന് ഉത്തരം അരുളി: “പുരുഷനെപ്പോലെ നീ അര മുറുക്കുക; എന്റെ ചോദ്യങ്ങൾക്കു നീ ഉത്തരം പറയുക. എന്റെ ന്യായവിധി അനീതി എന്നു നിനക്കു തെളിയിക്കാമോ? നിന്നെത്തന്നെ നീതീകരിക്കാൻ നീ എന്നെ കുറ്റം വിധിക്കുമോ? എന്നെപ്പോലെ നീ കരുത്തനോ? നിനക്ക് എന്നെപ്പോലെ ഇടിനാദം മുഴക്കാമോ? നീ പ്രൗഢിയും അന്തസ്സും അണിഞ്ഞു കൊള്ളുക. തേജസ്സും മഹിമയും ധരിച്ചുകൊള്ളുക. നിന്റെ കോപം കവിഞ്ഞൊഴുകട്ടെ; ഗർവിഷ്ഠനായ ഏതൊരുവനെയും ഒറ്റനോട്ടത്തിൽ എളിമപ്പെടുത്തുക. അഹങ്കാരികളെ നോട്ടംകൊണ്ട് ഒതുക്കുക. ദുഷ്ടനെ അവൻ നില്‌ക്കുന്നിടത്തുതന്നെ ചവിട്ടി മെതിക്കുക. അവരെയെല്ലാം പൂഴിയിൽ മൂടുക; അവരെ അധോലോകത്തു ബന്ധിക്കുക. നിന്റെ വലങ്കൈതന്നെ നിനക്കു വിജയം നല്‌കുന്നു എന്ന് ഞാൻ അപ്പോൾ അംഗീകരിക്കാം. ഇക്കാണുന്ന നീർക്കുതിരയെയും നിന്നെ സൃഷ്‍ടിച്ചതുപോലെതന്നെ ഞാൻ സൃഷ്‍ടിച്ചു. അതു കാളയെപ്പോലെ പുല്ലു തിന്നുന്നു. അതിന്റെ ശക്തി അരക്കെട്ടിലും അതിന്റെ ബലം ഉദരപേശികളിലുമാകുന്നു. അതിന്റെ വാൽ ദേവദാരുപോലെ ദൃഢമായി സൃഷ്‍ടിച്ചിരിക്കുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു. അതിന്റെ അസ്ഥികൾ ഓട്ടുകുഴലുകൾ പോലെയും കൈകാലുകൾ ഇരുമ്പുദണ്ഡുകൾ പോലെയുമാകുന്നു. ദൈവത്തിന്റെ സൃഷ്‍ടികളിൽ അതു പ്രഥമസ്ഥാനത്തു നില്‌ക്കുന്നു. സ്രഷ്ടാവിനു മാത്രമേ അതിനെ എതിരിടാൻ കഴിയൂ. വന്യമൃഗങ്ങൾ വിഹരിക്കുന്ന പർവതങ്ങളാണ് അതിന് ആഹാരം നല്‌കുന്നത്. ചതുപ്പുനിലത്തു നീർമരുതിന്റെ കീഴിലും ഞാങ്ങണയുടെ മറവിലും അതു കിടക്കുന്നു. നീർമരുത് അതിനു തണൽ വിരിക്കുന്നു; തോട്ടിലെ അലരി അതിനു മറ പിടിക്കുന്നു. നദി കലങ്ങി മറിഞ്ഞാലും അതിനു ഭയമില്ല; യോർദ്ദാൻ വായിലേക്ക് കുത്തിയൊഴുകിയാലും അതു കുലുങ്ങുകയില്ല. ആർക്കെങ്കിലും അതിനെ ചൂണ്ടയിട്ടു പിടിക്കാമോ? അതിനു മൂക്കുകയറിടാമോ?

ഇയ്യോബ് 40:6-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്: “നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക. “നീ എന്‍റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. നിന്‍റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക. ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക. അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക. അപ്പോൾ നിന്‍റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും. “ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അത് കാളയെപ്പോലെ പുല്ലുതിന്നുന്നു. അതിന്‍റെ ശക്തി അതിന്‍റെ കടിപ്രദേശത്തും അതിന്‍റെ ബലം വയറിന്‍റെ മാംസപേശികളിലും ആകുന്നു. ദേവദാരുതുല്യമായ തന്‍റെ വാല് അത് ആട്ടുന്നു; അതിന്‍റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു. അതിന്‍റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. അത് ദൈവത്തിന്‍റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്; അതിനെ ഉണ്ടാക്കിയവൻ അതിന് ഒരു വാൾ കൊടുത്തിരിക്കുന്നു. കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു. അത് നീർമരുതിന്‍റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും കിടക്കുന്നു. നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്‍റെ വായിലേക്കു ചാടിയാലും അത് നിർഭയമായിരിക്കും. അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? അതിന്‍റെ മൂക്കിൽ കയർ കോർക്കാമോ?

ഇയ്യോബ് 40:6-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക. നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ? ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക. നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗർവ്വിയെയും നോക്കി താഴ്ത്തുക. ഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നേ വീഴ്ത്തിക്കളക. അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക. അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും. ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു. അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു. ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു. അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവൻ അതിന്നു ഒരു വാൾ കൊടുത്തിരിക്കുന്നു. കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന്നു തീൻ വിളയിക്കുന്നു. അതു നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു. നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും. അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ?

ഇയ്യോബ് 40:6-24 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “ഇപ്പോൾ നീ ഒരു പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും നീ എനിക്ക് ഉത്തരം നൽകണം. “നീ എന്റെ ന്യായവിധിയെ റദ്ദാക്കുമോ? നീ നിന്നെത്തന്നെ നീതീകരിക്കേണ്ടതിന് എന്നെ കുറ്റം വിധിക്കുമോ? അഥവാ, ദൈവത്തിന്റേതുപോലെയുള്ള ഒരു ഭുജം നിനക്കുണ്ടോ? അവിടത്തേതുപോലെ നിന്റെ ശബ്ദം ഇടിനാദം മുഴക്കുമോ? മഹിമയും പ്രതാപവുംകൊണ്ടു നീ നിന്നെത്തന്നെ അലങ്കരിക്കുക, ബഹുമാനവും ഗാംഭീര്യവും നീ ധരിച്ചുകൊൾക. നിന്റെ ക്രോധത്തിന്റെ ഘോരതയുടെ കെട്ടുകൾ അഴിയപ്പെടട്ടെ, അഹങ്കാരികളായ എല്ലാവരുടെയുംമേൽ നീ നിന്റെ ദൃഷ്ടിവെച്ച് അവരെ താഴ്ത്തിയാലും. നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും. ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും. അവരെ ഒന്നടങ്കം പൊടിയിലാഴ്ത്തിയാലും; ശവക്കുഴികളിൽ അവരുടെ മുഖം മറവുചെയ്താലും. അപ്പോൾ നിന്റെ വലതുകരത്തിനു നിന്നെ രക്ഷിക്കാൻ കഴിയുമെന്നു ഞാൻതന്നെ സമ്മതിച്ചുതരാം. “നിന്നെയെന്നപോലെ ഞാൻ നിർമിച്ച നീർക്കുതിരയെ നോക്കുക. അതു കാളയെപ്പോലെ പുല്ലുതിന്നുന്നു. അതിന്റെ ഇടുപ്പിന്റെ ശക്തി നോക്കുക, ഉദരപേശികളിലാണ് അതിന്റെ ബലം. ദേവദാരുപോലെയുള്ള അതിന്റെ വാൽ ആട്ടുന്നു; അതിന്റെ തുടകളിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു. അതിന്റെ അസ്ഥികൾ വെങ്കലക്കുഴലുകളാണ്, അതിന്റെ കൈകാലുകൾ ഇരുമ്പുദണ്ഡുകൾപോലെ. ദൈവത്തിന്റെ സൃഷ്ടികളിൽ മുഖ്യസ്ഥാനമാണ് അതിനുള്ളത്; എങ്കിലും അതിന്റെ സ്രഷ്ടാവിന് ഒരു വാളുമായി അതിനെ സമീപിക്കാൻ കഴിയും. പർവതങ്ങൾ അതിന് ആഹാരമൊരുക്കുന്നു; എല്ലാ കാട്ടുമൃഗങ്ങളും അതിനരികെ വിഹരിക്കുന്നു. താമരച്ചെടിയുടെ തണലിലും ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും അതു കിടക്കുന്നു. താമരച്ചെടികൾ അതിന്റെ തണലിൽ അതിനെ മറയ്ക്കുന്നു; അരുവികളിലെ അലരിച്ചെടികൾ അതിനെ ചുറ്റിനിൽക്കുന്നു. നദി ഇരമ്പിക്കയറിവന്നാൽ അതു പേടിക്കുകയില്ല; യോർദാൻനദി അതിന്റെ വായ്ക്കുനേരേ കുതിച്ചുയർന്നാലും അതു സുരക്ഷിതമായിരിക്കും! അത് ഉണർന്നിരിക്കുമ്പോൾ ആർക്കെങ്കിലും അതിനെ പിടികൂടാമോ? അതിനു കെണിവെച്ച്, അതിന്റെ മൂക്കു തുളയ്ക്കാൻ ആർക്കു കഴിയും?