JOBA 40:6-24

JOBA 40:6-24 MALCLBSI

അപ്പോൾ ചുഴലിക്കാറ്റിൽനിന്ന് സർവേശ്വരൻ ഇയ്യോബിന് ഉത്തരം അരുളി: “പുരുഷനെപ്പോലെ നീ അര മുറുക്കുക; എന്റെ ചോദ്യങ്ങൾക്കു നീ ഉത്തരം പറയുക. എന്റെ ന്യായവിധി അനീതി എന്നു നിനക്കു തെളിയിക്കാമോ? നിന്നെത്തന്നെ നീതീകരിക്കാൻ നീ എന്നെ കുറ്റം വിധിക്കുമോ? എന്നെപ്പോലെ നീ കരുത്തനോ? നിനക്ക് എന്നെപ്പോലെ ഇടിനാദം മുഴക്കാമോ? നീ പ്രൗഢിയും അന്തസ്സും അണിഞ്ഞു കൊള്ളുക. തേജസ്സും മഹിമയും ധരിച്ചുകൊള്ളുക. നിന്റെ കോപം കവിഞ്ഞൊഴുകട്ടെ; ഗർവിഷ്ഠനായ ഏതൊരുവനെയും ഒറ്റനോട്ടത്തിൽ എളിമപ്പെടുത്തുക. അഹങ്കാരികളെ നോട്ടംകൊണ്ട് ഒതുക്കുക. ദുഷ്ടനെ അവൻ നില്‌ക്കുന്നിടത്തുതന്നെ ചവിട്ടി മെതിക്കുക. അവരെയെല്ലാം പൂഴിയിൽ മൂടുക; അവരെ അധോലോകത്തു ബന്ധിക്കുക. നിന്റെ വലങ്കൈതന്നെ നിനക്കു വിജയം നല്‌കുന്നു എന്ന് ഞാൻ അപ്പോൾ അംഗീകരിക്കാം. ഇക്കാണുന്ന നീർക്കുതിരയെയും നിന്നെ സൃഷ്‍ടിച്ചതുപോലെതന്നെ ഞാൻ സൃഷ്‍ടിച്ചു. അതു കാളയെപ്പോലെ പുല്ലു തിന്നുന്നു. അതിന്റെ ശക്തി അരക്കെട്ടിലും അതിന്റെ ബലം ഉദരപേശികളിലുമാകുന്നു. അതിന്റെ വാൽ ദേവദാരുപോലെ ദൃഢമായി സൃഷ്‍ടിച്ചിരിക്കുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു. അതിന്റെ അസ്ഥികൾ ഓട്ടുകുഴലുകൾ പോലെയും കൈകാലുകൾ ഇരുമ്പുദണ്ഡുകൾ പോലെയുമാകുന്നു. ദൈവത്തിന്റെ സൃഷ്‍ടികളിൽ അതു പ്രഥമസ്ഥാനത്തു നില്‌ക്കുന്നു. സ്രഷ്ടാവിനു മാത്രമേ അതിനെ എതിരിടാൻ കഴിയൂ. വന്യമൃഗങ്ങൾ വിഹരിക്കുന്ന പർവതങ്ങളാണ് അതിന് ആഹാരം നല്‌കുന്നത്. ചതുപ്പുനിലത്തു നീർമരുതിന്റെ കീഴിലും ഞാങ്ങണയുടെ മറവിലും അതു കിടക്കുന്നു. നീർമരുത് അതിനു തണൽ വിരിക്കുന്നു; തോട്ടിലെ അലരി അതിനു മറ പിടിക്കുന്നു. നദി കലങ്ങി മറിഞ്ഞാലും അതിനു ഭയമില്ല; യോർദ്ദാൻ വായിലേക്ക് കുത്തിയൊഴുകിയാലും അതു കുലുങ്ങുകയില്ല. ആർക്കെങ്കിലും അതിനെ ചൂണ്ടയിട്ടു പിടിക്കാമോ? അതിനു മൂക്കുകയറിടാമോ?

JOBA 40 വായിക്കുക