ഇയ്യോബ് 37:14-24
ഇയ്യോബ് 37:14-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അദ്ഭുതങ്ങളെ ചിന്തിച്ചുകൊൾക. ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ? മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണനായവന്റെ അദ്ഭുതങ്ങളും നീ അറിയുന്നുവോ? തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിനു ചൂടുണ്ടാകുന്നത് എങ്ങനെ? ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്ക് അവനോടുകൂടെ വിടർത്തു വയ്ക്കാമോ? അവനോട് എന്ത് പറയേണമെന്നു ഞങ്ങൾക്ക് ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങൾക്കും ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല. എനിക്കു സംസാരിക്കേണം എന്ന് അവനോടു ബോധിപ്പിക്കേണമോ? നാശത്തിനിരയായിത്തീരുവാൻ ആരാനും ഇച്ഛിക്കുമോ? ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റ് കടന്ന് അതിനെ തെളിവാക്കുന്നു. വടക്കുനിന്നു സ്വർണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്. സർവശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിനും പൂർണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ട് മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല.
ഇയ്യോബ് 37:14-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇയ്യോബേ, ഇതു ശ്രദ്ധിക്കുക. ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുക. ദൈവം മേഘങ്ങളെ നിയന്ത്രിക്കുന്നതും മിന്നൽപ്പിണരുകളെ പ്രകാശിപ്പിക്കുന്നതും എങ്ങനെയെന്നു താങ്കൾക്ക് അറിയാമോ? ജ്ഞാനസമ്പൂർണനായ ദൈവത്തിന്റെ അദ്ഭുതശക്തിയാലാണ് മേഘങ്ങൾ, ആകാശത്തിൽ തങ്ങിനില്‌ക്കുന്നതെന്ന് താങ്കൾക്ക് അറിയാമോ? തെക്കൻകാറ്റേറ്റ് ഭൂമി മരവിച്ചുനില്‌ക്കേ താങ്കളുടെ വസ്ത്രം ചൂടുപിടിക്കുന്നതെങ്ങനെ? ഓട്ടുകണ്ണാടിപോലെ ദൃഢമായി, ആകാശത്തെ ദൈവം വിരിച്ചിരിക്കുന്നതുപോലെ, താങ്കൾക്കു ചെയ്യാൻ കഴിയുമോ? ദൈവത്തോട് എന്തു പറയണമെന്നു ഞങ്ങളെ പ്രബോധിപ്പിക്കുക; മനസ്സിന്റെ അന്ധതകൊണ്ട് ആവലാതിപ്പെടേണ്ടതെങ്ങനെയെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. ദൈവത്തോടു സംസാരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയോ? നാശത്തിന് ഇരയാകാൻ ആരെങ്കിലും ആഗ്രഹിക്കുമോ? കാറ്റടിച്ചു കാറൊഴിഞ്ഞ ആകാശത്തു ജ്വലിക്കുന്ന സൂര്യനെ നോക്കാൻ ആർക്കും കഴിയുകയില്ല. വടക്കുനിന്നു കനകപ്രഭ വരുന്നു; ദൈവം ഉഗ്രതേജസ്സ് അണിഞ്ഞിരിക്കുന്നു. സർവശക്തൻ നമുക്ക് അപ്രാപ്യനാണ്; അവിടുന്നു ശക്തിയിലും നീതിയിലും മഹത്ത്വമേറിയവൻ; ഉദാത്തമായ നീതിയെ അവിടുന്നു ലംഘിക്കുകയില്ല. അതുകൊണ്ടു മനുഷ്യർ ദൈവത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടുന്നു ഗൗനിക്കുന്നില്ല.
ഇയ്യോബ് 37:14-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഇയ്യോബേ, ഇത് ശ്രദ്ധിച്ചുകൊള്ളുക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്ളുക. ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ? മേഘങ്ങൾ എങ്ങനെ ആകശത്തിൽ പൊങ്ങി ഒഴുകുന്നു എന്നും ജ്ഞാനസമ്പൂർണ്ണനായവന്‍റെ അത്ഭുതങ്ങളും നീ അറിയുന്നുവോ? തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്‍റെ വസ്ത്രത്തിന് ചൂടുണ്ടാകുന്നത് എങ്ങനെ? ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു ദൈവത്തോടുകൂടി നിവർത്തി വെക്കാമോ? അവിടുത്തോട് എന്ത് പറയണമെന്ന് ഞങ്ങൾക്ക് ഉപദേശിച്ചു തരിക; മനസ്സിന്‍റെ അന്ധകാരം നിമിത്തം ഞങ്ങൾക്ക് ഒന്നും പ്രസ്താവിക്കുവാൻ കഴിവില്ല. എനിക്ക് സംസാരിക്കേണം എന്നു അവിടുത്തോട് ബോധിപ്പിക്കണമോ? നാശത്തിന് ഇരയായയിത്തീരുവാൻ ആരെങ്കിലും ഇച്ഛിക്കുമോ? ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നത് കാണുന്നില്ല; എങ്കിലും കാറ്റ് കടന്നുപോയി അതിനെ തെളിവാക്കുന്നു. വടക്കുനിന്ന് സ്വർണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്. സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവിടുന്ന് ശക്തിയിൽ അത്യുന്നതനാകുന്നു; അവിടുന്ന് ന്യായത്തിനും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ട് മനുഷ്യർ അവിടുത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്ന് ഭാവിക്കുന്നവരെ അവിടുന്ന് കടാക്ഷിക്കുന്നില്ല.”
ഇയ്യോബ് 37:14-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക. ദൈവം അവെക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ? മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ? തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ? ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടർത്തു വെക്കാമോ? അവനോടു എന്തു പറയേണമെന്നു ഞങ്ങൾക്കു ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങൾക്കു ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല. എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാൻ ആരാനും ഇച്ഛിക്കുമോ? ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു. വടക്കുനിന്നു സ്വർണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ടു. സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല.
ഇയ്യോബ് 37:14-24 സമകാലിക മലയാളവിവർത്തനം (MCV)
“ഇയ്യോബേ, ഇതു ശ്രദ്ധിക്കുക; ഒന്നു നിൽക്കുക, ദൈവത്തിന്റെ അത്ഭുതങ്ങളെപ്പറ്റി ചിന്തിക്കുക. ദൈവം മേഘജാലങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും തന്റെ മിന്നൽപ്പിണരിനെ എങ്ങനെ പ്രകാശിപ്പിക്കുന്നു എന്നും താങ്കൾക്കറിയാമോ? മേഘപാളികൾ സന്തുലിതാവസ്ഥയിൽ തങ്ങിനിൽക്കുന്നത് എങ്ങനെ എന്നും ജ്ഞാനപൂർണനായവന്റെ അത്ഭുതങ്ങളെപ്പറ്റിയും നീ അറിയുന്നുണ്ടോ? തെക്കൻകാറ്റിനാൽ ഭൂമി ശാന്തമായിരിക്കുമ്പോൾപ്പോലും വസ്ത്രത്തിനുള്ളിൽ വിയർത്തൊലിക്കുന്ന നിനക്കു വെങ്കലക്കണ്ണാടി വാർത്തെടുക്കുമ്പോലെ ആകാശത്തെ വിരിക്കുന്നവന്റെ പങ്കാളിയാകാൻ നിനക്കു കഴിയുമോ? “അവിടത്തോട് എന്തു പറയണമെന്നു ഞങ്ങളെ ഉപദേശിക്കുക, ഞങ്ങളിൽ ബാധിച്ചിരിക്കുന്ന അന്ധകാരംനിമിത്തം പരാതി തയ്യാറാക്കാൻപോലും ഞങ്ങൾക്കു കഴിയുന്നില്ല. എനിക്കു സംസാരിക്കണം എന്ന് അവിടത്തോടു ബോധിപ്പിക്കണമോ? അങ്ങനെ സ്വയം വിഴുങ്ങപ്പെടാൻ ആഗ്രഹിക്കുന്നവരുണ്ടോ? കാറ്റടിച്ച് മേഘമൊഴിഞ്ഞ സ്വച്ഛമായ ആകാശത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കാൻ ആർക്കും കഴിയുകയില്ല. ഉത്തരദിക്കിൽനിന്നും സൗവർണശോഭയിൽ അവിടന്ന് ആഗമിക്കുന്നു; ദൈവം ഭയജനകമായ തേജസ്സിലേറി വരുന്നു. സർവശക്തൻ നമുക്ക് അപ്രാപ്യൻ, അവിടന്നു ശക്തിയിൽ അത്യുന്നതൻ; അവിടന്നു ന്യായവും മഹത്തായ നീതിയും ഉള്ളവൻ ആയതിനാൽ ആരെയും അടിച്ചമർത്തുന്നില്ല. അതിനാൽ മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടന്ന് ആദരിക്കുന്നില്ല.”