ഇയ്യോബ് 28:20-28

ഇയ്യോബ് 28:20-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ? അതു സകല ജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അതു ഗുപ്തമായിരിക്കുന്നു. ഞങ്ങളുടെ ചെവികൊണ്ട് അതിന്റെ കേൾവി കേട്ടിട്ടുണ്ട് എന്നു നരകവും മരണവും പറയുന്നു. ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉദ്ഭവസ്ഥാനം അവനു നിശ്ചയമുണ്ട്. അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവ് നിശ്ചയിക്കയും ചെയ്യുന്നു. അവൻ മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ അവൻ അതു കണ്ടു വർണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതുതന്നെ വിവേകം എന്ന് അവൻ മനുഷ്യനോട് അരുളിച്ചെയ്തു.

ഇയ്യോബ് 28:20-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഇരിപ്പിടം എവിടെ? അതു സകല ജീവികൾക്കും അഗോചരമാണ്; പറവകളുടെ മിഴികൾക്കും അതു മറഞ്ഞിരിക്കുന്നു. ഞങ്ങൾ അതേപ്പറ്റി കേട്ടിട്ടേ ഉള്ളൂ എന്നു നരകവും മരണവും പറയുന്നു. അതിലേക്കുള്ള വഴി ദൈവം അറിയുന്നു; അതിന്റെ ആസ്ഥാനം അവിടുത്തേക്കറിയാം. അവിടുന്നു ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു; ആകാശത്തിൻ കീഴിലുള്ള സമസ്തവും കാണുകയും ചെയ്യുന്നു. അവിടുന്നു കാറ്റിനെ തൂക്കിനോക്കിയപ്പോൾ, സമുദ്രജലം അളന്നു തിട്ടപ്പെടുത്തിയപ്പോൾ, മഴയ്‍ക്ക് ഒരു നിയമം ഏർപ്പെടുത്തിയപ്പോൾ, ഇടിമിന്നലിനു വഴി നിർണയിച്ചപ്പോൾ, അവിടുന്ന് വിജ്ഞാനം കണ്ടു; അതു പ്രഖ്യാപിച്ചു. അതു പരിശോധിച്ചു, അതിന്റെ മൂല്യം നിർണയിച്ചു. അവിടുന്നു മനുഷ്യനോട് അരുളിച്ചെയ്തു: ‘സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനം തിന്മയിൽനിന്ന് അകലുന്നതാണ് വിവേകം.’

ഇയ്യോബ് 28:20-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു? വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട് എന്നു നാശവും മരണവും പറയുന്നു. ദൈവം അതിലേക്കുള്ള വഴി അറിയുന്നു; അതിന്‍റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്. ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു; ആകാശത്തിന്‍റെ കീഴെല്ലാം കാണുന്നു. ദൈവം കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. ദൈവം മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയും അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു. കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“

ഇയ്യോബ് 28:20-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു. ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു. ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു. അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു. അവൻ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ അവൻ അതു കണ്ടു വർണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.

ഇയ്യോബ് 28:20-28 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകം വസിക്കുന്ന സ്ഥലം എവിടെ? ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു. ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു. നരകവും മരണവും പറയുന്നു: “അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്.” അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു, അതിന്റെ നിവാസസ്ഥാനം ഏതെന്ന് അവിടത്തേക്കു നിശ്ചയമുണ്ട്, കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ് ആകാശവിതാനത്തിനു കീഴിലുള്ള സമസ്തവും അവിടന്ന് കാണുന്നു. കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ വെള്ളങ്ങളുടെ അളവു നിർണയിച്ചപ്പോൾ, അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും ഇടിമിന്നലിന് ഒരു വഴിയും നിശ്ചയിച്ചപ്പോൾ, അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു; അവിടന്ന് അതിനെ സ്ഥിരീകരിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു. “കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം; ദോഷം വിട്ടകലുന്നതുതന്നെ വിവേകം,” എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു.