യോഹന്നാൻ 7:14-24
യോഹന്നാൻ 7:14-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പെരുന്നാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചു. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞ് ആശ്ചര്യപ്പെട്ടു. യേശു അവരോട് ഉത്തരം പറഞ്ഞത്: എന്റെ ഉപദേശം എൻറേതല്ല, എന്നെ അയച്ചവൻറേതത്രേ. അവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയും. സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്ത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല. മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്ത്? അതിനു പുരുഷാരം: നിനക്ക് ഒരു ഭൂതം ഉണ്ട്; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു? എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ -അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്- നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിനു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ, ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോട് ഈർഷ്യപ്പെടുന്നുവോ? കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിൻ.
യോഹന്നാൻ 7:14-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്സവകാലം പകുതി ആയപ്പോൾ യേശു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചു. യെഹൂദന്മാർ ആശ്ചര്യഭരിതരായി. “ഒരു പഠിപ്പുമില്ലാത്ത ഈ മനുഷ്യന് എങ്ങനെയാണീ പാണ്ഡിത്യമുണ്ടായത്?” എന്ന് അവർ ചോദിച്ചു. യേശു അവരോടു പറഞ്ഞു: “എന്റെ പ്രബോധനം എൻറേതല്ല; എന്നെ അയച്ചവന്റെതത്രേ. എന്റെ പ്രബോധനം ദൈവത്തിൽ നിന്നുള്ളതോ എന്റെ സ്വന്തമോ എന്ന് ദൈവഹിതം നിറവേറ്റുവാൻ ഇച്ഛിക്കുന്നവൻ അറിയും. സ്വമേധയാ സംസാരിക്കുന്നവൻ സ്വന്തം മഹത്ത്വം തേടുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം തേടുന്നവനാകട്ടെ, സത്യവാനാകുന്നു; അവനിൽ അനീതിയില്ല. മോശ നിങ്ങൾക്കു നിയമസംഹിത നല്‌കിയിട്ടില്ലേ? എങ്കിലും നിങ്ങളിൽ ആരുംതന്നെ അതനുസരിക്കുന്നില്ലല്ലോ. നിങ്ങൾ എന്നെ കൊല്ലുവാൻ ശ്രമിക്കുന്നതെന്തിന്?” ജനങ്ങൾ അതിനു മറുപടിയായി “താങ്കളിൽ ഒരു ഭൂതമുണ്ട്! ആരാണു താങ്കളെ കൊല്ലാൻ ശ്രമിക്കുന്നത്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ഞാൻ ഒരു പ്രവൃത്തിചെയ്തു; നിങ്ങൾ എല്ലാവരും അതിൽ ആശ്ചര്യപ്പെടുന്നു. മോശ പരിച്ഛേദനം എന്ന കർമം നിങ്ങൾക്കു നല്‌കി - മോശയല്ല, പൂർവപിതാക്കളത്രേ അത് ആരംഭിച്ചത്. നിങ്ങൾ ശബത്തിലും പരിച്ഛേദനകർമം നടത്തുന്നു. മോശയുടെ നിയമം ലംഘിക്കപ്പെടാതിരിക്കുവാൻ ശബത്തിൽ ഒരുവനു പരിച്ഛേദനം സ്വീകരിക്കാമെങ്കിൽ ഞാൻ ഒരു മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തിയതിന് നിങ്ങൾ എന്തിനാണ് എന്നോടു കോപിക്കുന്നത്? ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്; ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങൾ വിധിക്കുക.”
യോഹന്നാൻ 7:14-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പെരുന്നാൾ പകുതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുവാൻ തുടങ്ങി. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ഇത്രയധികം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു. യേശു അവരോട് ഉത്തരം പറഞ്ഞത്: എന്റെ ഉപദേശം എന്‍റെതല്ല, എന്നെ അയച്ചവൻ്റേതത്രേ. ആരെങ്കിലും അവന്‍റെ ഇഷ്ടം ചെയ്‌വാൻ ഇച്ഛിക്കുന്നുവോ അവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. സ്വയമായി പ്രസ്താവിക്കുന്നവനെല്ലാം സ്വന്തമഹത്വം അന്വേഷിക്കുന്നു; എന്നാൽ തന്നെ അയച്ചവൻ്റെ മഹത്വം അന്വേഷിക്കുന്നവനോ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല. മോശെ നിങ്ങൾക്ക് ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്ത്? അതിന് പുരുഷാരം: “നിനക്കു ഒരു ഭൂതം ഉണ്ട്; ആരാണ് നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത്?“ എന്നു ഉത്തരം പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. മോശെ നിങ്ങൾക്ക് പരിച്ഛേദന നിയമിച്ചിരിക്കയാൽ അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്, നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിന് നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ പൂർണ്ണമായി സൌഖ്യമാക്കിയതിനാൽ എന്നോട് ഈർഷ്യപ്പെടുന്നുവോ? പുറമേയുള്ള കാഴ്ചപ്രകാരം വിധിക്കരുത്; നീതിയോടെ വിധിപ്പിൻ.
യോഹന്നാൻ 7:14-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു. യേശു അവരോടു ഉത്തരം പറഞ്ഞതു: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല. മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു? അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ ‒ അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു ‒ നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ? കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
യോഹന്നാൻ 7:14-24 സമകാലിക മലയാളവിവർത്തനം (MCV)
പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ യേശു ദൈവാലയത്തിലെത്തി; അങ്കണത്തിലിരുന്ന് ഉപദേശിച്ചുതുടങ്ങി. യെഹൂദനേതാക്കന്മാർ ആശ്ചര്യപ്പെട്ട്, “വിദ്യാഭ്യാസം ചെയ്യാത്ത ഈ മനുഷ്യന് ഇത്രയും അറിവു ലഭിച്ചത് എങ്ങനെ?” എന്നു ചോദിച്ചു. യേശു അതിനു മറുപടി പറഞ്ഞു: “എന്റെ ഉപദേശം എന്റെ സ്വന്തമല്ല; എന്നെ അയച്ചവന്റേതാണ്. ഒരാൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നെങ്കിൽ, അയാൾ എന്റെ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പറയുന്നതോ എന്നു മനസ്സിലാക്കും. സ്വന്തം നിലയിൽ സംസാരിക്കുന്നവൻ ബഹുമതിനേടാൻ ആഗ്രഹിക്കുന്നു. എന്നാൽ, തന്നെ അയച്ചവന്റെ മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവൻ സത്യസന്ധൻ; അവനിൽ കാപട്യമില്ല. മോശ നിങ്ങൾക്കു ന്യായപ്രമാണം തന്നില്ലയോ? എന്നാൽ നിങ്ങളിൽ ആരും അതനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്തിന്?” “നിന്നെ ഭൂതം ബാധിച്ചിരിക്കുകയാണ്,” ജനക്കൂട്ടം മറുപടി പറഞ്ഞു, “ആരാണു നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്?” യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു അത്ഭുതപ്രവൃത്തിചെയ്തു; നിങ്ങളെല്ലാവരും അതിൽ ആശ്ചര്യപ്പെട്ടു. മോശ നിങ്ങൾക്കു പരിച്ഛേദനം ഏർപ്പെടുത്തി. എന്നാൽ, അതു മോശയിൽനിന്നല്ല, പിതാക്കന്മാരിൽനിന്നാണ് ഉണ്ടായത്. നിങ്ങൾ ശബ്ബത്തുനാളിൽ പരിച്ഛേദനം നടത്തുന്നതുകൊണ്ട് മോശയുടെ ന്യായപ്രമാണം ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ശബ്ബത്തുനാളിൽ ഒരു മനുഷ്യനു പരിപൂർണമായ സൗഖ്യം നൽകിയതിനു നിങ്ങൾ എന്നോടു കോപിക്കുന്നതെന്തിന്? ബാഹ്യമായി കാണുന്നതനുസരിച്ച് വിധിക്കാതെ നീതിപൂർവം വിധി നിർണയിക്കുക.”