യോഹന്നാൻ 7:14-24

യോഹന്നാൻ 7:14-24 MCV

പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ യേശു ദൈവാലയത്തിലെത്തി; അങ്കണത്തിലിരുന്ന് ഉപദേശിച്ചുതുടങ്ങി. യെഹൂദനേതാക്കന്മാർ ആശ്ചര്യപ്പെട്ട്, “വിദ്യാഭ്യാസം ചെയ്യാത്ത ഈ മനുഷ്യന് ഇത്രയും അറിവു ലഭിച്ചത് എങ്ങനെ?” എന്നു ചോദിച്ചു. യേശു അതിനു മറുപടി പറഞ്ഞു: “എന്റെ ഉപദേശം എന്റെ സ്വന്തമല്ല; എന്നെ അയച്ചവന്റേതാണ്. ഒരാൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നെങ്കിൽ, അയാൾ എന്റെ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പറയുന്നതോ എന്നു മനസ്സിലാക്കും. സ്വന്തം നിലയിൽ സംസാരിക്കുന്നവൻ ബഹുമതിനേടാൻ ആഗ്രഹിക്കുന്നു. എന്നാൽ, തന്നെ അയച്ചവന്റെ മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവൻ സത്യസന്ധൻ; അവനിൽ കാപട്യമില്ല. മോശ നിങ്ങൾക്കു ന്യായപ്രമാണം തന്നില്ലയോ? എന്നാൽ നിങ്ങളിൽ ആരും അതനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്തിന്?” “നിന്നെ ഭൂതം ബാധിച്ചിരിക്കുകയാണ്,” ജനക്കൂട്ടം മറുപടി പറഞ്ഞു, “ആരാണു നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്?” യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു അത്ഭുതപ്രവൃത്തിചെയ്തു; നിങ്ങളെല്ലാവരും അതിൽ ആശ്ചര്യപ്പെട്ടു. മോശ നിങ്ങൾക്കു പരിച്ഛേദനം ഏർപ്പെടുത്തി. എന്നാൽ, അതു മോശയിൽനിന്നല്ല, പിതാക്കന്മാരിൽനിന്നാണ് ഉണ്ടായത്. നിങ്ങൾ ശബ്ബത്തുനാളിൽ പരിച്ഛേദനം നടത്തുന്നതുകൊണ്ട് മോശയുടെ ന്യായപ്രമാണം ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ശബ്ബത്തുനാളിൽ ഒരു മനുഷ്യനു പരിപൂർണമായ സൗഖ്യം നൽകിയതിനു നിങ്ങൾ എന്നോടു കോപിക്കുന്നതെന്തിന്? ബാഹ്യമായി കാണുന്നതനുസരിച്ച് വിധിക്കാതെ നീതിപൂർവം വിധി നിർണയിക്കുക.”