യോഹന്നാൻ 6:45-71

യോഹന്നാൻ 6:45-71 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്ന തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന് സ്വർഗത്തിൽനിന്ന് ഇറങ്ങുന്ന അപ്പം ആകുന്നു. സ്വർഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിനു തരുവാൻ ഇവന് എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു. യേശു അവരോടു പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെനാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവനുള്ള പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിന്മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ഇത് ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. അവൻ കഫർന്നഹൂമിൽ ഉപദേശിക്കുമ്പോൾ പള്ളിയിൽവച്ച് ഇതു പറഞ്ഞു. അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ട്: ഇത് കഠിനവാക്ക്; ഇത് ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽത്തന്നെ അറിഞ്ഞ് അവരോട്: ഇതു നിങ്ങൾക്ക് ഇടർച്ച ആകുന്നുവോ? മനുഷ്യപുത്രൻ മുമ്പേ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു പറഞ്ഞു. -വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചുകൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു.- ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോട്: പിതാവ് കൃപ നല്കിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞത് എന്നും അവൻ പറഞ്ഞു. അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല. ആകയാൽ യേശു പന്തിരുവരോട്: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു. ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട്: നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇത് അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദായെക്കുറിച്ചു പറഞ്ഞു. ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു.

യോഹന്നാൻ 6:45-71 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

‘ദൈവം എല്ലാവരെയും പഠിപ്പിക്കും’ എന്നു പ്രവാചകന്മാർ എഴുതിയിരിക്കുന്നു. പിതാവു പറയുന്നതു കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവൻ എന്റെ അടുക്കൽ വരുന്നു. ദൈവത്തിൽനിന്നു വരുന്നവൻ മാത്രമേ പിതാവിനെ ദർശിച്ചിട്ടുള്ളൂ. മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്. ഞാൻ ജീവന്റെ അപ്പമാകുന്നു. നിങ്ങളുടെ പൂർവപിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു. എന്നാൽ ഇവിടെയുള്ളത് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാൻ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ ശരീരമാകുന്നു.” എങ്ങനെയാണു തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാൻ ഈ മനുഷ്യനു കഴിയുന്നത് എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാർ അന്യോന്യം തർക്കിച്ചു. അപ്പോൾ യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കാതെയും രക്തം പാനം ചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനുണ്ടായിരിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ എന്റെ ശരീരം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവിക്കുന്ന പിതാവത്രേ എന്നെ അയച്ചത്. പിതാവുമൂലം ഞാനും ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ഇതാകുന്നു. നിങ്ങളുടെ പൂർവപിതാക്കൾ അപ്പം ഭക്ഷിച്ചെങ്കിലും മരിച്ചല്ലോ. അതുപോലെയല്ല ഈ അപ്പം. ഈ അപ്പം ഭക്ഷിക്കുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും.’ യേശു കഫർന്നഹൂമിലെ സുനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവയെല്ലാം അരുൾചെയ്തത്. യേശുവിന്റെ ശിഷ്യന്മാരിൽ പലരും ഇതു കേട്ടിട്ട്: “ഈ പ്രബോധനം ദുർഗ്രഹമാണല്ലോ; ആർക്ക് ഇത് ഉൾക്കൊള്ളുവാൻ കഴിയും?” എന്നു പറഞ്ഞു. ഇതിനെച്ചൊല്ലി ശിഷ്യന്മാർ പിറുപിറുക്കുന്നതായി യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നുവോ? അങ്ങനെയെങ്കിൽ മനുഷ്യപുത്രൻ മുമ്പ് എവിടെയായിരുന്നുവോ അവിടേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങൾ കണ്ടാലോ? ആത്മാവാകുന്നു ജീവൻ നല്‌കുന്നത്. ഭൗതികശരീരം നിഷ്പ്രയോജനം; ഞാൻ നിങ്ങളോടു പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാകുന്നു. എങ്കിലും നിങ്ങളിൽ ചിലർ വിശ്വസിക്കുന്നില്ല.” വിശ്വസിക്കാത്തവർ ആരെല്ലാമെന്നും തന്നെ ഒറ്റിക്കൊടുക്കുന്നത് ആരെന്നും ആദിമുതല്‌ക്കേ യേശുവിന് അറിയാമായിരുന്നു. അവിടുന്ന് അവരോടു തുടർന്നു പ്രസ്താവിച്ചു: “ഇതുകൊണ്ടാണ് പിതാവിന്റെ വരം കൂടാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.” ഇതു കേട്ടിട്ട് യേശുവിന്റെ അനുയായികളിൽ പലരും അവിടുത്തെ വിട്ടു പിന്മാറിപ്പോയി. അവർ പിന്നീട് ഒരിക്കലും അവിടുത്തെ അനുഗമിച്ചില്ല. അതുകൊണ്ട് യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു ചോദിച്ചു: “നിങ്ങൾക്കും പോകണമോ?” അപ്പോൾ ശിമോൻപത്രോസ് ചോദിച്ചു: “ഗുരോ, ഞങ്ങൾ ആരുടെ അടുക്കലേക്കാണു പോകുക? അനശ്വരജീവൻ നല്‌കുന്ന വചനങ്ങൾ അങ്ങയിൽനിന്നാണല്ലോ വരുന്നത്. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.” അപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പന്ത്രണ്ടു പേരെയല്ലേ ഞാൻ തിരഞ്ഞെടുത്തത്? എങ്കിലും നിങ്ങളിലൊരുവൻ പിശാചാണ്!” ശിമോൻ ഈസ്കര്യോത്തിന്റെ പുത്രനായ യൂദാസിനെക്കുറിച്ചാണ് യേശു ഇതു പറഞ്ഞത്. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ അയാളാണ് യേശുവിനെ ഒറ്റിക്കൊടുക്കുവാനിരുന്നത്.

യോഹന്നാൻ 6:45-71 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിൽനിന്ന് കേട്ടുപഠിച്ചവൻ എല്ലാം എന്‍റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്‍റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. ഞാൻ ജീവന്‍റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നിട്ടും മരിച്ചുവല്ലോ. ഇതു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ആകുന്നു, ഇതു തിന്നുന്നവൻ മരിക്കുകയില്ല. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ആരെങ്കിലും ഈ അപ്പം തിന്നാൽ, അവൻ എന്നേക്കും ജീവിക്കും; ലോകത്തിന്‍റെ ജീവനുവേണ്ടി ഞാൻ കൊടുക്കാനിരിക്കുന്ന അപ്പമോ എന്‍റെ മാംസം ആകുന്നു. ആകയാൽ യെഹൂദന്മാർ ദേഷ്യത്തോടെ: “ഇവന്‍റെ മാംസം നമുക്കു തിന്നേണ്ടതിന് തരുവാൻ ഇവന് എങ്ങനെ കഴിയും?“ എന്നു പറഞ്ഞു തമ്മിൽ വാദിച്ചു. യേശു അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഉണ്ടായിരിക്കുകയില്ല. എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; അവസാന നാളിൽ ഞാൻ അവനെ ഉയിർത്തെഴുന്നേല്പിക്കും. എന്‍റെ മാംസം യഥാർത്ഥ ഭക്ഷണവും എന്‍റെ രക്തം യഥാർത്ഥ പാനീയവും ആകുന്നു. എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. അവൻ കഫർന്നഹൂമിലെ പള്ളിയിൽവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ഈ കാര്യങ്ങൾ പറഞ്ഞു. അവന്‍റെ ശിഷ്യന്മാർ പലരും അത് കേട്ടിട്ടു: “ഇതു കഠിനമായ ഉപദേശം, ഇതു ആർക്ക് അംഗീകരിക്കുവാൻ കഴിയും“ എന്നു പറഞ്ഞു. ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നത് യേശു തന്നിൽതന്നേ അറിഞ്ഞ് അവരോട്: ഇതു നിങ്ങൾക്ക് ഇടർച്ച ആകുന്നുവോ? മനുഷ്യപുത്രൻ മുമ്പെ ഇരുന്നിടത്തേക്ക് കയറിപ്പോകുന്നത് നിങ്ങൾ കണ്ടാലോ? ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു പറഞ്ഞു, കാരണം അവർ ആരെന്നും തന്നെ ഒറ്റികൊടുക്കുന്നവൻ ആരെന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് ഞാൻ നിങ്ങളോടു: പിതാവ് കൃപ നല്കീട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞത് എന്നും അവൻ പറഞ്ഞു. ഇതിനുശേഷം അവന്‍റെ ശിഷ്യന്മാരിൽ പലരും പിൻമാറിപ്പോയി, പിന്നീടൊരിക്കലും അവനോടുകൂടെ സഞ്ചരിച്ചില്ല. ആകയാൽ യേശു പന്തിരുവരോട്: നിങ്ങളും വിട്ടുപോകുവാൻ ആഗ്രഹിക്കുന്നുവോ? എന്നു ചോദിച്ചു. ശിമോൻ പത്രൊസ് അവനോട്: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവൻ്റെ വചനങ്ങൾ നിന്‍റെ പക്കൽ ഉണ്ട്. നീ ദൈവത്തിന്‍റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു“ എന്നു ഉത്തരം പറഞ്ഞു. യേശു അവരോട്: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ ഒരു പിശാച് ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിൻ്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു. ഇവൻ പന്തിരുവരിൽ ഒരുവൻ എങ്കിലും അവനെ കാണിച്ചുകൊടുക്കുവാനുള്ളവൻ ആയിരുന്നു.

യോഹന്നാൻ 6:45-71 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു. യേശു അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും. സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. അവൻ കഫർന്നഹൂമിൽ ഉപദേശിക്കുമ്പോൾ പള്ളിയിൽവെച്ചു ഇതു പറഞ്ഞു. അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽ തന്നേ അറിഞ്ഞു അവരോടു: ഇതു നിങ്ങൾക്കു ഇടർച്ച ആകുന്നുവോ? മനുഷ്യപുത്രൻ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു പറഞ്ഞു. — വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു — ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു എന്നും അവൻ പറഞ്ഞു. അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല. ആകയാൽ യേശു പന്തിരുവരോടു: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു. ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവരോടു: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു. ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു.

യോഹന്നാൻ 6:45-71 സമകാലിക മലയാളവിവർത്തനം (MCV)

‘എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിത്തീരും,’ ” എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിന്റെ വാക്കുകൾ കേട്ടുപഠിച്ചവരെല്ലാം എന്റെ അടുക്കൽവരും. ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റാരും പിതാവിനെ കണ്ടിട്ടില്ല; അയാൾമാത്രം പിതാവിനെ കണ്ടിരിക്കുന്നു. “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാൻ ആകുന്നു ജീവന്റെ അപ്പം. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു. എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ! ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.” അപ്പോൾ യെഹൂദനേതാക്കന്മാർ പരസ്പരം രൂക്ഷമായി തർക്കിച്ചുതുടങ്ങി: “നമുക്കു ഭക്ഷിക്കാൻ തന്റെ മാംസം തരാൻ ഇദ്ദേഹത്തിന് എങ്ങനെ കഴിയും?” യേശു അവരോട്, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാതെയും അവന്റെ രക്തം പാനംചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനില്ല. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും. എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കും. ജീവിക്കുന്ന പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിനാൽ ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവർ ഞാൻമൂലം ജീവിക്കും. ഇതാകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ, ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.” കഫാർനഹൂമിലെ യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ പ്രസ്താവന ചെയ്തത്. ഇതു കേട്ട് തന്റെ ശിഷ്യന്മാരിൽ പലരും, “ഇത് കഠിനമായ ഉപദേശം; ഇത് അംഗീകരിക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു. ശിഷ്യന്മാർ ഇതെക്കുറിച്ചു പിറുപിറുക്കുന്നെന്നു മനസ്സിലാക്കിയിട്ട് യേശു അവരോടു പറഞ്ഞത്: “ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നോ? മനുഷ്യപുത്രൻ മുമ്പ് ആയിരുന്നേടത്തേക്കു കയറിപ്പോകുന്നത് നിങ്ങൾക്കു കാണാൻ കഴിഞ്ഞെങ്കിലോ? ജീവിപ്പിക്കുന്നത് ആത്മാവാകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. എങ്കിലും വിശ്വസിക്കാത്ത ചിലർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.” അവരിൽ ആരാണു വിശ്വസിക്കാത്തതെന്നും തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്നും ആദ്യംമുതൽ യേശു അറിഞ്ഞിരുന്നു. അവിടന്ന് തുടർന്നു: “ഇതുകൊണ്ടാണ് പിതാവ് വരം നൽകിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.” അപ്പോൾമുതൽ ശിഷ്യന്മാരിൽ പലരും അദ്ദേഹത്തെ വിട്ടുപോയി. അവർ പിന്നെ ഒരിക്കലും അദ്ദേഹത്തെ അനുഗമിച്ചില്ല. “നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നോ?” യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോട് ചോദിച്ചു. അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെപക്കൽ ഉണ്ടല്ലോ. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയുംചെയ്യുന്നു.” അപ്പോൾ യേശു, “നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തെരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ പിശാചാണ്” എന്നു പറഞ്ഞു. (ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദായെ ഉദ്ദേശിച്ചാണ് അദ്ദേഹമിതു പറഞ്ഞത്. അയാൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനെങ്കിലും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനുള്ളവനായിരുന്നു.)