എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിൽനിന്ന് കേട്ടുപഠിച്ചവൻ എല്ലാം എന്‍റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്‍റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. ഞാൻ ജീവന്‍റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നിട്ടും മരിച്ചുവല്ലോ. ഇതു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ആകുന്നു, ഇതു തിന്നുന്നവൻ മരിക്കുകയില്ല. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ആരെങ്കിലും ഈ അപ്പം തിന്നാൽ, അവൻ എന്നേക്കും ജീവിക്കും; ലോകത്തിന്‍റെ ജീവനുവേണ്ടി ഞാൻ കൊടുക്കാനിരിക്കുന്ന അപ്പമോ എന്‍റെ മാംസം ആകുന്നു. ആകയാൽ യെഹൂദന്മാർ ദേഷ്യത്തോടെ: “ഇവന്‍റെ മാംസം നമുക്കു തിന്നേണ്ടതിന് തരുവാൻ ഇവന് എങ്ങനെ കഴിയും?“ എന്നു പറഞ്ഞു തമ്മിൽ വാദിച്ചു. യേശു അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഉണ്ടായിരിക്കുകയില്ല. എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; അവസാന നാളിൽ ഞാൻ അവനെ ഉയിർത്തെഴുന്നേല്പിക്കും. എന്‍റെ മാംസം യഥാർത്ഥ ഭക്ഷണവും എന്‍റെ രക്തം യഥാർത്ഥ പാനീയവും ആകുന്നു. എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. അവൻ കഫർന്നഹൂമിലെ പള്ളിയിൽവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ഈ കാര്യങ്ങൾ പറഞ്ഞു. അവന്‍റെ ശിഷ്യന്മാർ പലരും അത് കേട്ടിട്ടു: “ഇതു കഠിനമായ ഉപദേശം, ഇതു ആർക്ക് അംഗീകരിക്കുവാൻ കഴിയും“ എന്നു പറഞ്ഞു. ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നത് യേശു തന്നിൽതന്നേ അറിഞ്ഞ് അവരോട്: ഇതു നിങ്ങൾക്ക് ഇടർച്ച ആകുന്നുവോ? മനുഷ്യപുത്രൻ മുമ്പെ ഇരുന്നിടത്തേക്ക് കയറിപ്പോകുന്നത് നിങ്ങൾ കണ്ടാലോ? ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു പറഞ്ഞു, കാരണം അവർ ആരെന്നും തന്നെ ഒറ്റികൊടുക്കുന്നവൻ ആരെന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് ഞാൻ നിങ്ങളോടു: പിതാവ് കൃപ നല്കീട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞത് എന്നും അവൻ പറഞ്ഞു. ഇതിനുശേഷം അവന്‍റെ ശിഷ്യന്മാരിൽ പലരും പിൻമാറിപ്പോയി, പിന്നീടൊരിക്കലും അവനോടുകൂടെ സഞ്ചരിച്ചില്ല. ആകയാൽ യേശു പന്തിരുവരോട്: നിങ്ങളും വിട്ടുപോകുവാൻ ആഗ്രഹിക്കുന്നുവോ? എന്നു ചോദിച്ചു. ശിമോൻ പത്രൊസ് അവനോട്: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവൻ്റെ വചനങ്ങൾ നിന്‍റെ പക്കൽ ഉണ്ട്. നീ ദൈവത്തിന്‍റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു“ എന്നു ഉത്തരം പറഞ്ഞു. യേശു അവരോട്: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ ഒരു പിശാച് ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിൻ്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു. ഇവൻ പന്തിരുവരിൽ ഒരുവൻ എങ്കിലും അവനെ കാണിച്ചുകൊടുക്കുവാനുള്ളവൻ ആയിരുന്നു.
യോഹ. 6 വായിക്കുക
കേൾക്കുക യോഹ. 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹ. 6:45-71
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ