യോഹന്നാൻ 6:1-21
യോഹന്നാൻ 6:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരയ്ക്കു പോയി. അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു. യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. യെഹൂദന്മാരുടെ പെസഹാപെരുന്നാൾ അടുത്തിരുന്നു. യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്കു തിന്നുവാൻ നാം എവിടെനിന്ന് അപ്പം വാങ്ങും എന്നു ചോദിച്ചു. ഇത് അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്തു ചെയ്വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോട്: ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറു പണത്തിന് അപ്പം മതിയാകയില്ല എന്ന് ഉത്തരം പറഞ്ഞു. ശിഷ്യന്മാരിൽ ഒരുത്തനായ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോട്: ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളൂ എന്നു പറഞ്ഞു. ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെതന്നെ മീനും വേണ്ടുന്നേടത്തോളം കൊടുത്തു. അവർക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു. അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു; പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു. അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി. സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി പടകു കയറി കടലക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല. കൊടുങ്കാറ്റ് അടിക്കയാൽ കടൽ കോപിച്ചു. അവർ നാലഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു. അവൻ അവരോട്: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടക് അവർ പോകുന്ന ദേശത്ത് എത്തിപ്പോയി.
യോഹന്നാൻ 6:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം യേശു ഗലീലത്തടാകത്തിന്റെ മറുകരയിലേക്കു പോയി. തിബെര്യാസ് തടാകം എന്നും അതിനു പേരുണ്ട്. രോഗികൾക്കു സൗഖ്യം നല്‌കിക്കൊണ്ട് യേശു ചെയ്ത അടയാളപ്രവൃത്തികൾ കണ്ട് ഒരു വലിയ ജനാവലി അവിടുത്തെ പിന്നാലെ അവിടെയെത്തി. യേശു ഒരു മലയിൽ കയറി ശിഷ്യന്മാരോടുകൂടി അവിടെയിരുന്നു. യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. യേശു തല ഉയർത്തി നോക്കി. ഒരു വലിയ ജനസഞ്ചയം തന്റെ അടുക്കലേക്കു വരുന്നതു കണ്ടിട്ട് അവിടുന്നു ഫീലിപ്പോസിനോട് ചോദിച്ചു: “ഇവർക്കു ഭക്ഷിക്കുവാൻ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?” ഫീലിപ്പോസിനെ പരീക്ഷിക്കുന്നതിനായിരുന്നു യേശു ഇപ്രകാരം ചോദിച്ചത്. താൻ എന്താണു ചെയ്യാൻ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. “ഇരുനൂറു ദിനാറിന് അപ്പം വാങ്ങിയാൽപോലും ഇവരിൽ ഓരോരുത്തനും അല്പമെങ്കിലും കൊടുക്കുവാൻ മതിയാകുകയില്ല” എന്നു ഫീലിപ്പോസ് മറുപടി പറഞ്ഞു. ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയാസ് എന്ന ശിഷ്യൻ യേശുവിനോട്, “ഇവിടെ ഒരു ബാലനുണ്ട്; അവന്റെ കൈയിൽ അഞ്ചു ബാർലി അപ്പവും രണ്ടു മീനുമുണ്ട്; പക്ഷേ, ഇത്ര വളരെ ആളുകൾക്ക് അത് എന്താകാനാണ്?” എന്നു പറഞ്ഞു. യേശു ശിഷ്യന്മാരോട്, “ആളുകളെ എല്ലാം ഇരുത്തുക” എന്നാജ്ഞാപിച്ചു. ധാരാളം പുല്ലുള്ള സ്ഥലമായിരുന്നു അത്. പുരുഷന്മാർ ഏകദേശം അയ്യായിരം പേരുണ്ടായിരുന്നു. യേശു അപ്പമെടുത്തു സ്തോത്രം ചെയ്തശേഷം ഇരുന്നവർക്കു പങ്കിട്ടു കൊടുത്തു. അങ്ങനെതന്നെ മീനും വേണ്ടുവോളം വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോട്: “ശേഷിച്ച കഷണങ്ങൾ ഒന്നും നഷ്ടപ്പെടുത്താതെ ശേഖരിക്കുക” എന്നു പറഞ്ഞു. അങ്ങനെ അഞ്ചപ്പത്തിൽനിന്ന് അയ്യായിരം പേർ ഭക്ഷിച്ചശേഷം ബാക്കി വന്ന കഷണങ്ങൾ അവർ ശേഖരിച്ചു; അവ പന്ത്രണ്ടു കുട്ട നിറയെ ഉണ്ടായിരുന്നു. യേശു ചെയ്ത ഈ അദ്ഭുതപ്രവൃത്തി കണ്ട്: “തീർച്ചയായും ലോകത്തിലേക്കു വരുവാനിരിക്കുന്ന പ്രവാചകൻ ഇദ്ദേഹം തന്നെ” എന്ന് ആളുകൾ പറഞ്ഞു. അവർ വന്നു തന്നെ പിടിച്ചുകൊണ്ടുപോയി രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു മനസ്സിലാക്കി യേശു തനിച്ചു മലയിലേക്കു വീണ്ടും പിൻവാങ്ങി. സന്ധ്യ ആയപ്പോൾ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തെത്തി. അവർ ഒരു വഞ്ചിയിൽ കയറി മറുകരെയുള്ള കഫർന്നഹൂമിലേക്കു പോയി. രാത്രി ആയിട്ടും യേശു അവരുടെ അടുക്കൽ എത്തിയിരുന്നില്ല. ഉഗ്രമായ ഒരു കൊടുങ്കാറ്റടിച്ച് തടാകം ക്ഷോഭിച്ചിരുന്നു. അഞ്ചാറു കിലോമീറ്റർ ദൂരം തുഴഞ്ഞു കഴിഞ്ഞപ്പോൾ, യേശു ജലപ്പരപ്പിലൂടെ നടന്നു വഞ്ചിയെ സമീപിക്കുന്നതു കണ്ട് അവർ ഭയപരവശരായി. യേശു അവരോട് “ഭയപ്പെടേണ്ടാ, ഞാൻ തന്നെയാണ്” എന്നു പറഞ്ഞു. യേശുവിനെ വഞ്ചിയിൽ കയറ്റാൻ ശിഷ്യന്മാർ ആഗ്രഹിച്ചു; എന്നാൽ അപ്പോഴേക്ക് അവർക്ക് എത്തേണ്ട സ്ഥലത്തു വഞ്ചി എത്തിക്കഴിഞ്ഞു.
യോഹന്നാൻ 6:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം യേശു തിബര്യാസ് കടൽ എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലക്കടലിൻ്റെ അക്കരയ്ക്ക് പോയി. അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു. യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. യെഹൂദന്മാരുടെ പെസഹാപ്പെരുന്നാൾ സമീപിച്ചിരുന്നു. യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്ക് തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്ത് ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോട്: “ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറ് പണത്തിന് അപ്പം മതിയാകയില്ല“ എന്നു ഉത്തരം പറഞ്ഞു. ശിഷ്യന്മാരിൽ ഒരുവനും ശിമോൻ പത്രോസിന്‍റെ സഹോദരനുമായ അന്ത്രെയാസ് അവനോട്: “ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടുമീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളു?“ എന്നു പറഞ്ഞു. ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്ത് വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്ക് പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നെ മീനും വേണ്ടുന്നിടത്തോളം കൊടുത്തു. അവർക്ക് തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു. അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: “ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം“ എന്നു പറഞ്ഞു. അവർ വന്നു തന്നെ ബലമായി പിടിച്ച് രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് പിന്നെയും തനിച്ചു മലമുകളിലേക്കു പോയി. സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി. അവർ ഒരു പടകിൽ കയറി കടലിനക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല. ആ സമയത്ത് ശക്തമായ കാറ്റ് അടിച്ചു, കടൽ ക്ഷോഭിച്ചു. അവർ ഇരുപത്തഞ്ച്-മുപ്പത് നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോട് സമീപിക്കുന്നത് കണ്ടു പേടിച്ചു. അവൻ അവരോട്: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ പടകിലേക്ക് കയറ്റുവാൻ തയ്യാറായി; ഉടനെ പടക് അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
യോഹന്നാൻ 6:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി. അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു. യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. യെഹൂദന്മാരുടെ പെസഹപെരുനാൾ അടുത്തിരുന്നു. യേശു വലിയോരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു. ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു: ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കു അതു എന്തുള്ളു എന്നു പറഞ്ഞു. ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു. അവർക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു. അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു. അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി. സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി പടകുകയറി കടലക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല. കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു. അവർ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു. അവൻ അവരോടു: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
യോഹന്നാൻ 6:1-21 സമകാലിക മലയാളവിവർത്തനം (MCV)
കുറെ നാളുകൾക്കുശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലാതടാകത്തിന്റെ അക്കരയ്ക്കു യാത്രയായി. രോഗികളിൽ അദ്ദേഹം പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങൾ കണ്ടിരുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു. യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുമൊത്ത് അവിടെ ഇരുന്നു. യെഹൂദരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു. യേശു തല ഉയർത്തിനോക്കി; ഒരു വലിയ ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതുകണ്ടിട്ട് ഫിലിപ്പൊസിനോട്, “ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?” എന്നു ചോദിച്ചു. അയാളെ പരീക്ഷിക്കുന്നതിനായിരുന്നു ഇത് ചോദിച്ചത്; കാരണം, താൻ ചെയ്യാൻപോകുന്നത് എന്തെന്ന് അദ്ദേഹത്തിനു നേരത്തേ അറിയാമായിരുന്നു. “ഓരോരുത്തനും ഒരു ചെറിയ കഷണമെങ്കിലും കിട്ടണമെങ്കിൽ ഇരുനൂറു ദിനാറിന് അപ്പം മതിയാകുകയില്ല,” എന്നും ഫിലിപ്പൊസ് പറഞ്ഞു. മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, പറഞ്ഞു, “ഇവിടെ ഒരു ബാലന്റെ കൈവശം യവംകൊണ്ടുള്ള അഞ്ചപ്പവും രണ്ടുമീനും ഉണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുള്ളൂ?” “ജനത്തെ ഇരുത്തുക,” എന്ന് യേശു പറഞ്ഞു. അവിടെ ധാരാളം പുല്ലുണ്ടായിരുന്നു; അവരിൽ പുരുഷന്മാർമാത്രം അയ്യായിരത്തോളം ഉണ്ടായിരുന്നു. തുടർന്ന് യേശു, അപ്പമെടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു, “ശേഷിച്ച കഷണങ്ങൾ ശേഖരിക്കുക, ഒന്നും നഷ്ടപ്പെടുത്തരുത്.” അവർ അവ ശേഖരിച്ചു; അഞ്ചു യവത്തപ്പത്തിൽനിന്ന് ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കുട്ട നിറച്ചെടുത്തു. യേശു ചെയ്ത അത്ഭുതചിഹ്നം കണ്ടിട്ടു ജനങ്ങൾ, “വാസ്തവമായി, ലോകത്തിലേക്കു വരാനുള്ള പ്രവാചകൻ ഇദ്ദേഹം ആകുന്നു” എന്നു പറഞ്ഞു. അവർ വന്നു തന്നെ പിടിച്ചു രാജാവാക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ് യേശു ഏകനായി വീണ്ടും മലയിലേക്കു മടങ്ങി. സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്കിറങ്ങി. അവർ ഒരു വള്ളത്തിൽ കയറി തടാകത്തിനക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല. പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു. അവർ ഇരുപത്തഞ്ചോ മുപ്പതോ സ്റ്റേഡിയ തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു. യേശു അവരോടു പറഞ്ഞു, “ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു.