യോഹന്നാൻ 6:1-21

യോഹന്നാൻ 6:1-21 MCV

കുറെ നാളുകൾക്കുശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലാതടാകത്തിന്റെ അക്കരയ്ക്കു യാത്രയായി. രോഗികളിൽ അദ്ദേഹം പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങൾ കണ്ടിരുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു. യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുമൊത്ത് അവിടെ ഇരുന്നു. യെഹൂദരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു. യേശു തല ഉയർത്തിനോക്കി; ഒരു വലിയ ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതുകണ്ടിട്ട് ഫിലിപ്പൊസിനോട്, “ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?” എന്നു ചോദിച്ചു. അയാളെ പരീക്ഷിക്കുന്നതിനായിരുന്നു ഇത് ചോദിച്ചത്; കാരണം, താൻ ചെയ്യാൻപോകുന്നത് എന്തെന്ന് അദ്ദേഹത്തിനു നേരത്തേ അറിയാമായിരുന്നു. “ഓരോരുത്തനും ഒരു ചെറിയ കഷണമെങ്കിലും കിട്ടണമെങ്കിൽ ഇരുനൂറു ദിനാറിന് അപ്പം മതിയാകുകയില്ല,” എന്നും ഫിലിപ്പൊസ് പറഞ്ഞു. മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, പറഞ്ഞു, “ഇവിടെ ഒരു ബാലന്റെ കൈവശം യവംകൊണ്ടുള്ള അഞ്ചപ്പവും രണ്ടുമീനും ഉണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുള്ളൂ?” “ജനത്തെ ഇരുത്തുക,” എന്ന് യേശു പറഞ്ഞു. അവിടെ ധാരാളം പുല്ലുണ്ടായിരുന്നു; അവരിൽ പുരുഷന്മാർമാത്രം അയ്യായിരത്തോളം ഉണ്ടായിരുന്നു. തുടർന്ന് യേശു, അപ്പമെടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു, “ശേഷിച്ച കഷണങ്ങൾ ശേഖരിക്കുക, ഒന്നും നഷ്ടപ്പെടുത്തരുത്.” അവർ അവ ശേഖരിച്ചു; അഞ്ചു യവത്തപ്പത്തിൽനിന്ന് ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കുട്ട നിറച്ചെടുത്തു. യേശു ചെയ്ത അത്ഭുതചിഹ്നം കണ്ടിട്ടു ജനങ്ങൾ, “വാസ്തവമായി, ലോകത്തിലേക്കു വരാനുള്ള പ്രവാചകൻ ഇദ്ദേഹം ആകുന്നു” എന്നു പറഞ്ഞു. അവർ വന്നു തന്നെ പിടിച്ചു രാജാവാക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ് യേശു ഏകനായി വീണ്ടും മലയിലേക്കു മടങ്ങി. സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്കിറങ്ങി. അവർ ഒരു വള്ളത്തിൽ കയറി തടാകത്തിനക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല. പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു. അവർ ഇരുപത്തഞ്ചോ മുപ്പതോ സ്റ്റേഡിയ തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു. യേശു അവരോടു പറഞ്ഞു, “ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു.