യോഹന്നാൻ 5:1-8

യോഹന്നാൻ 5:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിന്റെശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ട് യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്ന് എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു. [അതതു സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും.] എന്നാൽ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു. രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.

യോഹന്നാൻ 5:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിനുശേഷം, യെഹൂദന്മാരുടെ ഒരുത്സവമുണ്ടായിരുന്നതിനാൽ യേശു യെരൂശലേമിലേക്കു പോയി. അവിടെ ‘ആട്ടിൻ വാതിൽ’ എന്ന നഗരഗോപുരത്തിനു സമീപം ’ബേത്‍സഥാ’ എന്ന് എബ്രായ ഭാഷയിൽ വിളിക്കപ്പെടുന്ന ഒരു കുളമുണ്ട്. അതിന് അഞ്ചു മുഖമണ്ഡപങ്ങളുമുണ്ട്. അവിടെ അന്ധന്മാർ, മുടന്തന്മാർ, ശരീരം തളർന്നവർ തുടങ്ങി ഒട്ടുവളരെ രോഗഗ്രസ്തർ കിടന്നിരുന്നു. കുളത്തിലെ വെള്ളം ഇളകുന്നതു നോക്കി കിടക്കുകയായിരുന്നു അവർ. ഇടയ്‍ക്കിടെ ഒരു ദൈവദൂതൻ കുളത്തിലിറങ്ങി വെള്ളം ഇളക്കും. അതിനുശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗം പിടിപെട്ടവനായിരുന്നാലും സുഖംപ്രാപിച്ചു വന്നിരുന്നു. മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. യേശു ആ രോഗിയെ കണ്ടു; ദീർഘകാലമായി അയാൾ ഈ അവസ്ഥയിൽ അവിടെ കഴിയുകയാണെന്നു മനസ്സിലാക്കി. യേശു അയാളോട് “നിനക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. രോഗി പറഞ്ഞു: “പ്രഭോ, വെള്ളം ഇളകുമ്പോൾ എന്നെ കുളത്തിലിറക്കുവാൻ ആരുമില്ല; ഞാൻ ചെല്ലുമ്പോഴേക്ക് എനിക്കു മുമ്പായി ആരെങ്കിലും ഇറങ്ങിക്കഴിയും.” യേശു അയാളോട്, “എഴുന്നേറ്റ്, നിന്റെ കിടക്ക എടുത്തു നടക്കുക” എന്നു പറഞ്ഞു.

യോഹന്നാൻ 5:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതിനുശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ആയതുകൊണ്ട് യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം വെള്ളത്തിന്‍റെ ഇളക്കം കാത്തുകൊണ്ട് കിടന്നിരുന്നു. അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവനു സൌഖ്യംവരും. എന്നാൽ മുപ്പത്തെട്ടു വർഷമായി രോഗംപിടിച്ച് കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നത് യേശു കണ്ടു, ഇങ്ങനെ അവൻ അവിടെ വളരെ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോട് ചോദിച്ചു. രോഗി അവനോട്: “യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്ക് മുമ്പായി ഇറങ്ങുന്നു“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: എഴുന്നേറ്റ് നിന്‍റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.

യോഹന്നാൻ 5:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു. [അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൗഖ്യം വരും.] എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു. രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.

യോഹന്നാൻ 5:1-8 സമകാലിക മലയാളവിവർത്തനം (MCV)

പിന്നീടൊരിക്കൽ യെഹൂദരുടെ ഒരു പെരുന്നാളിന് യേശു ജെറുശലേമിലേക്കു പോയി. ജെറുശലേമിൽ ആട്ടിൻകവാടത്തിനു സമീപം അരാമ്യഭാഷയിൽ ബേഥെസ്ദാ എന്ന് പേരുള്ള ഒരു കുളം ഉണ്ട്. അതിന് അഞ്ചു മണ്ഡപമുണ്ട്. അവയിൽ അന്ധർ, മുടന്തർ, തളർവാതം പിടിപെട്ടവർ എന്നിങ്ങനെ അവശരായ പലരും വെള്ളം ഇളകുന്നതു കാത്തു കിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് ഒരു ദൂതൻ ഇറങ്ങിവന്നു വെള്ളം കലക്കും. വെള്ളം കലങ്ങിയശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗംബാധിച്ച ആളായാലും സൗഖ്യംപ്രാപിക്കും. മുപ്പത്തിയെട്ടു വർഷമായി രോഗിയായിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശു അയാളെ കണ്ട്, അയാൾ ഈ അവസ്ഥയിൽ ആയിട്ടു വളരെക്കാലമായെന്നു മനസ്സിലാക്കി, അയാളോട്, “സൗഖ്യമാകാൻ നിനക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. “യജമാനനേ, വെള്ളം ഇളകുന്ന സമയത്ത് എന്നെ കുളത്തിൽ ഇറക്കാൻ എനിക്ക് ആരുമില്ല. ഞാൻ ഇറങ്ങാൻ ചെല്ലുമ്പോഴേക്ക് എനിക്കുമുമ്പേ മറ്റാരെങ്കിലും ഇറങ്ങുന്നു,” രോഗിയായ ആൾ മറുപടി പറഞ്ഞു. അപ്പോൾ യേശു അയാളോടു പറഞ്ഞു, “എഴുന്നേൽക്കുക! കിടക്കയെടുത്തു നടക്കുക!” എന്നു പറഞ്ഞു.