യോഹന്നാൻ 5:1-8

യോഹന്നാൻ 5:1-8 MCV

പിന്നീടൊരിക്കൽ യെഹൂദരുടെ ഒരു പെരുന്നാളിന് യേശു ജെറുശലേമിലേക്കു പോയി. ജെറുശലേമിൽ ആട്ടിൻകവാടത്തിനു സമീപം അരാമ്യഭാഷയിൽ ബേഥെസ്ദാ എന്ന് പേരുള്ള ഒരു കുളം ഉണ്ട്. അതിന് അഞ്ചു മണ്ഡപമുണ്ട്. അവയിൽ അന്ധർ, മുടന്തർ, തളർവാതം പിടിപെട്ടവർ എന്നിങ്ങനെ അവശരായ പലരും വെള്ളം ഇളകുന്നതു കാത്തു കിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് ഒരു ദൂതൻ ഇറങ്ങിവന്നു വെള്ളം കലക്കും. വെള്ളം കലങ്ങിയശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗംബാധിച്ച ആളായാലും സൗഖ്യംപ്രാപിക്കും. മുപ്പത്തിയെട്ടു വർഷമായി രോഗിയായിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശു അയാളെ കണ്ട്, അയാൾ ഈ അവസ്ഥയിൽ ആയിട്ടു വളരെക്കാലമായെന്നു മനസ്സിലാക്കി, അയാളോട്, “സൗഖ്യമാകാൻ നിനക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. “യജമാനനേ, വെള്ളം ഇളകുന്ന സമയത്ത് എന്നെ കുളത്തിൽ ഇറക്കാൻ എനിക്ക് ആരുമില്ല. ഞാൻ ഇറങ്ങാൻ ചെല്ലുമ്പോഴേക്ക് എനിക്കുമുമ്പേ മറ്റാരെങ്കിലും ഇറങ്ങുന്നു,” രോഗിയായ ആൾ മറുപടി പറഞ്ഞു. അപ്പോൾ യേശു അയാളോടു പറഞ്ഞു, “എഴുന്നേൽക്കുക! കിടക്കയെടുത്തു നടക്കുക!” എന്നു പറഞ്ഞു.