യോഹന്നാൻ 4:43-54

യോഹന്നാൻ 4:43-54 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ടു ഗലീലയ്ക്കു പോയി. പ്രവാചകനു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശുതന്നെ സാക്ഷ്യം പറഞ്ഞിരുന്നു. അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിനു പോയി; അവൻ യെരൂശലേമിൽ വച്ചു പെരുന്നാളിൽ ചെയ്തതൊക്കെയും കണ്ടതുകൊണ്ട് അവനെ അംഗീകരിച്ചു. അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ വന്നു. അന്ന് മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്ന് അവൻ കേട്ട് അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ട് അവൻ വന്ന് അവനെ സൗഖ്യമാക്കേണം എന്ന് അപേക്ഷിച്ചു. യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. രാജഭൃത്യൻ അവനോട്: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു. യേശു അവനോട്: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു; യേശു പറഞ്ഞ വാക്ക് വിശ്വസിച്ച് ആ മനുഷ്യൻ പോയി. അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവനു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്, അവർ അവനോട്: ഇന്നലെ ഏഴു മണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു. ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽതന്നെ എന്ന് അപ്പൻ ഗ്രഹിച്ചു താനും കുടുംബമൊക്കെയും വിശ്വസിച്ചു. യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.

യോഹന്നാൻ 4:43-54 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രണ്ടു ദിവസം കഴിഞ്ഞ് യേശു അവിടെനിന്ന് ഗലീലയിലേക്കു പോയി. ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ബഹുമാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പ്രസ്താവിച്ചിരുന്നു. അവിടെയെത്തിയപ്പോൾ ഗലീലക്കാർ യേശുവിനെ സ്വാഗതം ചെയ്തു. അവരും പെസഹാപെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട് യേശു അവിടെ ചെയ്തതെല്ലാം അവർ കണ്ടിരുന്നു. യേശു വീണ്ടും ഗലീലയിലെ കാനായിൽ വന്നു; അവിടെവച്ചായിരുന്നല്ലോ അവിടുന്നു വെള്ളം വീഞ്ഞാക്കിയത്. കഫർന്നഹൂമിൽ ഒരു ഉദ്യോഗസ്ഥന്റെ പുത്രൻ രോഗിയായി കിടന്നിരുന്നു. യേശു യെഹൂദ്യയിൽനിന്നു വന്നിട്ടുണ്ടെന്നറിഞ്ഞ് ആ ഉദ്യോഗസ്ഥൻ അവിടുത്തെ അടുക്കലെത്തി, ആസന്നമരണനായി കിടക്കുന്ന പുത്രനെ സുഖപ്പെടുത്തണമെന്നപേക്ഷിച്ചു. യേശു അയാളോടു ചോദിച്ചു: “അടയാളങ്ങളും അദ്ഭുതങ്ങളും കാണാതെ നിങ്ങളാരും വിശ്വസിക്കുകയില്ല, അല്ലേ?” ആ ഉദ്യോഗസ്ഥൻ യേശുവിനോട് “പ്രഭോ, എന്റെ കുട്ടി മരിക്കുന്നതിനു മുമ്പ് അങ്ങു വരണമേ” എന്നു വീണ്ടും അപേക്ഷിച്ചു. “പൊയ്‍ക്കൊള്ളുക; നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. യേശുവിന്റെ വാക്കു വിശ്വസിച്ച് ആ ഉദ്യോഗസ്ഥൻ തിരിച്ചുപോയി. അയാൾ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോൾ വഴിയിൽവച്ച് ഭൃത്യന്മാർ വന്നു തന്റെ പുത്രൻ ജീവിച്ചിരിക്കുന്നു എന്നറിയിച്ചു. “എപ്പോൾ മുതലാണ് കുട്ടിക്കു സുഖം കണ്ടു തുടങ്ങിയത്?” എന്നയാൾ ചോദിച്ചു. “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനിവിട്ടു” എന്നവർ പറഞ്ഞു. “നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞത് ആ സമയത്തു തന്നെ ആയിരുന്നു എന്ന് ആ ഉദ്യോഗസ്ഥനു ബോധ്യമായി. അയാളും കുടുംബം മുഴുവനും യേശുവിൽ വിശ്വസിച്ചു. യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നശേഷം യേശു ചെയ്ത രണ്ടാമത്തെ അദ്ഭുതപ്രവൃത്തിയായിരുന്നു ഇത്.

യോഹന്നാൻ 4:43-54 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ട് ഗലീലയ്ക്കു പോയി. പ്രവാചകന് തന്‍റെ സ്വദേശത്ത് ബഹുമാനം ഇല്ല എന്നു യേശു തന്നെ സാക്ഷ്യം പറഞ്ഞിരുന്നു. അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ അവനെ സ്വീകരിച്ചു. തങ്ങൾ പെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട്, അവൻ പെരുന്നാളിൽ ചെയ്തതു ഒക്കെയും കണ്ടിരുന്നു. അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്‍റെ അടുക്കൽ ചെന്നു, തന്‍റെ മകൻ മരിക്കാറായിരിക്കുന്നതുകൊണ്ട് അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു. യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. രാജഭൃത്യൻ അവനോട്: “കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ“ എന്നു പറഞ്ഞു. യേശു അവനോട്: പൊയ്ക്കൊൾക; നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞവാക്ക് വിശ്വസിച്ചു ആ മനുഷ്യൻ പോയി. അവൻ പോകയിൽ അവന്‍റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവനു ഭേദം വന്ന സമയം അവരോട് ചോദിച്ചതിന് അവർ അവനോട്: “ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പനി വിട്ടുമാറി“ എന്നു പറഞ്ഞു. ആകയാൽ നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ ആ സമയത്തുതന്നെ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു. യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ട് ചെയ്തു.

യോഹന്നാൻ 4:43-54 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി. പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു. അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിന്നു പോയി അവൻ യെരൂശലേമിൽവെച്ചു പെരുനാളിൽ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു. അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൗഖ്യമാക്കേണം എന്നു അപേക്ഷിച്ചു. യേശു അവനോടു: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു. യേശു അവനോടു: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി. അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു. ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നേ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു. യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.

യോഹന്നാൻ 4:43-54 സമകാലിക മലയാളവിവർത്തനം (MCV)

രണ്ട് ദിവസം കഴിഞ്ഞ് യേശു ഗലീലയ്ക്കു യാത്രയായി. —ഒരു പ്രവാചകനും സ്വദേശത്തു മാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പറഞ്ഞിരുന്നു— ഗലീലയിൽ എത്തിയപ്പോൾ ആ ദേശവാസികൾ അദ്ദേഹത്തെ സ്വാഗതംചെയ്തു. പെസഹാപ്പെരുന്നാളിന് അവരും പോയിരുന്നതുകൊണ്ട് യേശു ജെറുശലേമിൽ ചെയ്തതെല്ലാം അവർ കണ്ടിരുന്നു. താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു. യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു. യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു. രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു. യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു. ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു. മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു. “നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു. യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നമായിരുന്നു അത്.