യോഹ. 4:43-54

യോഹ. 4:43-54 IRVMAL

ആ രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ട് ഗലീലയ്ക്കു പോയി. പ്രവാചകന് തന്‍റെ സ്വദേശത്ത് ബഹുമാനം ഇല്ല എന്നു യേശു തന്നെ സാക്ഷ്യം പറഞ്ഞിരുന്നു. അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ അവനെ സ്വീകരിച്ചു. തങ്ങൾ പെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട്, അവൻ പെരുന്നാളിൽ ചെയ്തതു ഒക്കെയും കണ്ടിരുന്നു. അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്‍റെ അടുക്കൽ ചെന്നു, തന്‍റെ മകൻ മരിക്കാറായിരിക്കുന്നതുകൊണ്ട് അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു. യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. രാജഭൃത്യൻ അവനോട്: “കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ“ എന്നു പറഞ്ഞു. യേശു അവനോട്: പൊയ്ക്കൊൾക; നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞവാക്ക് വിശ്വസിച്ചു ആ മനുഷ്യൻ പോയി. അവൻ പോകയിൽ അവന്‍റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവനു ഭേദം വന്ന സമയം അവരോട് ചോദിച്ചതിന് അവർ അവനോട്: “ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പനി വിട്ടുമാറി“ എന്നു പറഞ്ഞു. ആകയാൽ നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ ആ സമയത്തുതന്നെ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു. യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ട് ചെയ്തു.

യോഹ. 4:43-54 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും