യോഹന്നാൻ 20:11-29

യോഹന്നാൻ 20:11-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ മറിയ കല്ലറയ്ക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി. യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലയ്ക്കലും ഒരുത്തൻ കാല്ക്കലും ഇരിക്കുന്നത് കണ്ടു. അവർ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞാൻ അറിയുന്നില്ല എന്ന് അവൾ അവരോട് പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൾ പിന്നോക്കം തിരിഞ്ഞ്, യേശു നില്ക്കുന്നത് കണ്ടു; യേശു എന്ന് അറിഞ്ഞില്ലതാനും. യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്ന് നിരൂപിച്ചിട്ട് അവൾ: യജമാനനേ, നീ അവനെ എടുത്തു കൊണ്ടുപോയി എങ്കിൽ അവനെ എവിടെ വച്ചു എന്ന് പറഞ്ഞുതരിക; ഞാൻ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം എന്ന് അവനോടു പറഞ്ഞു. യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞ് എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിനു ഗുരു എന്നർഥം. യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്നു പറഞ്ഞു. മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ട്: നിങ്ങൾക്കു സമാധാനം എന്ന് അവരോട് പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൻ കൈയും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു. യേശു പിന്നെയും അവരോട്: നിങ്ങൾക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. മറ്റേ ശിഷ്യന്മാർ അവനോട്: ഞങ്ങൾ കർത്താവിനെ കണ്ടു എന്ന് പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്ന് അവൻ അവരോട് പറഞ്ഞു. എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ട്: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. പിന്നെ തോമാസിനോട്: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. തോമാസ് അവനോട്: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

യോഹന്നാൻ 20:11-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മറിയം കല്ലറയുടെ വെളിയിൽ കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയ്‍ക്ക് കല്ലറയ്‍ക്കുള്ളിലേക്കു കുനിഞ്ഞു നോക്കി; യേശുവിന്റെ ശരീരം വച്ചിരുന്ന സ്ഥലത്ത് ശുഭ്രവസ്ത്രധാരികളായ രണ്ടു മാലാഖമാർ ഒരാൾ തലയ്‍ക്കലും മറ്റെയാൾ കാല്‌ക്കലും ആയി ഇരിക്കുന്നതു കണ്ടു. അവർ മറിയമിനോട്, “എന്തിനാണു കരയുന്നത്” എന്നു ചോദിച്ചു. മറിയം പറഞ്ഞു: “എന്റെ കർത്താവിനെ അവർ എടുത്തു കൊണ്ടുപോയി; അദ്ദേഹത്തെ എവിടെവച്ചു എന്ന് എനിക്കറിഞ്ഞുകൂടാ.” ഇതു പറഞ്ഞിട്ട് മറിയം പിറകോട്ടു തിരിഞ്ഞപ്പോൾ യേശു നില്‌ക്കുന്നതു കണ്ടു; പക്ഷേ യേശുവാണ് അതെന്നു മനസ്സിലാക്കിയില്ല. യേശു മറിയമിനോട് “നീ എന്തിനാണു കരയുന്നത്?” എന്നു ചോദിച്ചു. അതു തോട്ടക്കാരനായിരിക്കുമെന്നു വിചാരിച്ച് “അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെയാണു വച്ചിരിക്കുന്നത് എന്നു പറഞ്ഞാലും; ഞാൻ അദ്ദേഹത്തെ എടുത്തുകൊണ്ടു പൊയ്‍ക്കൊള്ളാം” എന്ന് അവൾ പറഞ്ഞു. അപ്പോൾ യേശു “മറിയം” എന്നു വിളിച്ചു. അവൾ തിരിഞ്ഞ് എബ്രായഭാഷയിൽ “റബ്ബൂനീ” എന്നു പറഞ്ഞു. അതിന്റെ അർഥം ‘ഗുരോ’ എന്നാണ്. അപ്പോൾ യേശു മറിയമിനോട്, “എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കലേക്കു കയറിപ്പോയില്ല. എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കലേക്കു ഞാൻ കയറിപ്പോകുകയാണെന്ന് എന്റെ സഹോദരന്മാരോടു പോയി പറയുക” എന്നു പറഞ്ഞു. മഗ്ദലേനമറിയം പോയി ശിഷ്യന്മാരോട് “ഞാൻ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. തന്നോട് അദ്ദേഹം പറഞ്ഞ കാര്യങ്ങളും മറിയം അവരെ അറിയിച്ചു. ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകുന്നേരം യെഹൂദന്മാരെ ഭയന്ന് ശിഷ്യന്മാർ ഇരുന്ന മുറിയുടെ വാതിൽ അടച്ചിരുന്നു. യേശു തത്സമയം അവരുടെ മധ്യത്തിൽ വന്നുനിന്നുകൊണ്ട് “നിങ്ങൾക്കു മംഗളം ഭവിക്കട്ടെ” എന്ന് അരുൾചെയ്തു. അതിനുശേഷം അവിടുന്ന് തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ അവർ ആനന്ദഭരിതരായി. യേശു വീണ്ടും അരുൾചെയ്തു: “നിങ്ങൾക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‍ക്കുന്നു.” ഇതു പറഞ്ഞശേഷം അവിടുന്ന് അവരുടെമേൽ ഊതി. “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക; നിങ്ങൾ ആരുടെ പാപങ്ങൾക്കു മാപ്പു കൊടുക്കുന്നുവോ അവർക്കു മാപ്പു ലഭിക്കുന്നു; ആരുടെ പാപങ്ങൾക്കു മോചനം നല്‌കാതിരിക്കുന്നുവോ അവ മോചിക്കപ്പെടാതിരിക്കുന്നു” എന്നും അവരോട് അരുൾചെയ്തു. യേശു ചെന്ന സമയത്ത് പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ ദിദിമോസ് എന്ന തോമസ് ഇതരശിഷ്യന്മാരോടുകൂടി ഇല്ലായിരുന്നു. “ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് അവർ തോമസിനോടു പറഞ്ഞു. തോമസ് ആകട്ടെ, “അവിടുത്തെ കൈകളിലെ ആണിപ്പഴുതുകൾ കാണുകയും അവയിൽ എന്റെ വിരലിടുകയും അവിടുത്തെ പാർശ്വത്തിൽ എന്റെ കൈയിടുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല” എന്ന് അവരോടു പറഞ്ഞു. എട്ടാം ദിവസം യേശുവിന്റെ ശിഷ്യന്മാർ വീണ്ടും വാതിലടച്ചു വീടിനകത്ത് ഇരിക്കുകയായിരുന്നു. തോമസും അവരോടുകൂടി ഉണ്ടായിരുന്നു. യേശു അവരുടെ മധ്യത്തിൽ വന്നുനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു. പിന്നീട് അവിടുന്നു തോമസിനോട് അരുൾചെയ്തു: “എന്റെ കൈകൾ കാണുക; നിന്റെ വിരൽ ഇങ്ങോട്ടു നീട്ടൂ; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിലിടുക; അവിശ്വസിക്കാതെ വിശ്വാസിയായിരിക്കുക.” അപ്പോൾ തോമസ് “എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്നു പ്രതിവചിച്ചു. യേശു തോമസിനോട് “എന്നെ കണ്ടതു കൊണ്ടാണല്ലോ നീ വിശ്വസിക്കുന്നത്; കാണാതെതന്നെ വിശ്വസിക്കുന്നവർ! എത്ര അനുഗ്രഹിക്കപ്പെട്ടവർ!” എന്നു പറഞ്ഞു.

യോഹന്നാൻ 20:11-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ മറിയ കല്ലറയ്ക്ക് പുറത്തു കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു; കരയുന്നതിനിടയിൽ അവൾ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി. യേശുവിന്‍റെ ശരീരം കിടന്നിരുന്നിടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുവൻ തലയ്ക്കലും ഒരുവൻ കാൽക്കലും ഇരിക്കുന്നത് കണ്ടു. അവർ അവളോട്: “സ്ത്രീയേ, നീ കരയുന്നത് എന്ത്?“ എന്നു ചോദിച്ചു. “അവർ എന്‍റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെ വച്ചു എന്നു ഞാൻ അറിയുന്നില്ല“ എന്നു അവൾ അവരോട് പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൾ പുറകോട്ട് തിരിഞ്ഞപ്പോൾ യേശു അവിടെ നില്ക്കുന്നതു കണ്ടു; എന്നാൽ അത് യേശു എന്നു അറിഞ്ഞില്ലതാനും. യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? നീ ആരെ അന്വേഷിക്കുന്നു“ എന്നു ചോദിച്ചു. അതു തോട്ടക്കാരനാകുന്നു എന്നു നിരൂപിച്ചിട്ട് അവൾ: “യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം“ എന്നു അവനോട് പറഞ്ഞു. യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായ ഭാഷയിൽ: ‘റബ്ബൂനി’ എന്നു പറഞ്ഞു; അതിന് ഗുരു എന്നർത്ഥം. യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്‍റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവൻ്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോട് പറകഎന്നു പറഞ്ഞു. മഗ്ദലക്കാരത്തി മറിയ വന്നു: “ഞാൻ കർത്താവിനെ കണ്ടു” എന്നും അവൻ ഈ കാര്യങ്ങൾ തന്നോട് പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു. ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; അപ്പോൾ കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു. യേശു പിന്നെയും അവരോട്: “നിങ്ങൾക്ക് സമാധാനം.” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെ മേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്ക് നിർത്തിയിരിക്കുന്നുഎന്നു പറഞ്ഞു. എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. പിന്നീട് മറ്റുള്ള ശിഷ്യന്മാർ അവനോട്: “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞപ്പോൾ: “ഞാൻ അവന്‍റെ കൈകളിൽ ആണിപ്പഴുത് കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്‍റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല“ എന്നു അവൻ അവരോട് പറഞ്ഞു. എട്ട് ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ പിന്നെയും അകത്ത് കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു പറഞ്ഞു. പിന്നെ തോമസിനോട്: നിന്‍റെ വിരൽ ഇങ്ങോട്ട് നീട്ടി എന്‍റെ കൈകളെ കാണുക; നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കഎന്നു പറഞ്ഞു. തോമസ് അവനോട്: “എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർഎന്നു പറഞ്ഞു.

യോഹന്നാൻ 20:11-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി. യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു. അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു. ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും. യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു. യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നർത്ഥം. യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു. യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു. എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

യോഹന്നാൻ 20:11-29 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ, മറിയ കല്ലറയ്ക്കു പുറത്തു കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയിൽ അവൾ കുനിഞ്ഞു കല്ലറയുടെ ഉള്ളിലേക്കു നോക്കി. യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്തു വെള്ളവസ്ത്രം ധരിച്ച രണ്ട് ദൂതന്മാർ, ഒരാൾ തലയ്ക്കലും മറ്റേയാൾ കാൽക്കലുമായി ഇരിക്കുന്നതു കണ്ടു. അവർ അവളോട്, “സ്ത്രീയേ, നീ എന്തിനു കരയുന്നു?” എന്നു ചോദിച്ചു. “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെയാണു വെച്ചിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ,” എന്ന് അവൾ പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൾ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു; എന്നാൽ യേശുവാണെന്ന് അവൾ തിരിച്ചറിഞ്ഞില്ല. “സ്ത്രീയേ, നീ എന്തിനു കരയുന്നു? ആരെയാണ് അന്വേഷിക്കുന്നത്?” യേശു ചോദിച്ചു. അതു തോട്ടക്കാരനായിരിക്കും എന്നുകരുതി അവൾ പറഞ്ഞു: “യജമാനനേ, അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെ വെച്ചിരിക്കുന്നു എന്നു പറഞ്ഞുതരിക, ഞാൻ ചെന്ന് എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം.” യേശു അവളെ, “മറിയേ” എന്നു വിളിച്ചു. അവൾ അദ്ദേഹത്തിന്റെ നേർക്കു തിരിഞ്ഞ് അരാമ്യഭാഷയിൽ, “ റബ്ബൂനീ, ” എന്ന് ഉറക്കെ വിളിച്ചു. “ഗുരോ,” എന്നാണ് അതിനർഥം. യേശു അവളോടു പറഞ്ഞു: “എന്നെ മുറുകെ പിടിച്ചുകൊണ്ടിരിക്കേണ്ട; എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ ഇതുവരെ കയറിപ്പോയിട്ടില്ല. എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന്, ‘എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു ഞാൻ കയറിപ്പോകുന്നു’ എന്നു പറയുക.” അപ്പോൾ മഗ്ദലക്കാരി മറിയ, താൻ കർത്താവിനെ കണ്ടിരിക്കുന്നു എന്ന വാർത്തയുമായി ശിഷ്യന്മാരുടെ അടുത്തെത്തി. അവിടന്നു തന്നോടു പറഞ്ഞ കാര്യങ്ങൾ അവൾ അവരോടു പറഞ്ഞു. ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു. ഇതു പറഞ്ഞതിനുശേഷം അവിടന്നു തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ അത്യധികം ആനന്ദിച്ചു. യേശു പിന്നെയും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” ഇതു പറഞ്ഞുകൊണ്ട് അവിടന്ന് അവരുടെമേൽ ഊതി; “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവർക്ക് ആ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ അവ ക്ഷമിക്കപ്പെടാതിരിക്കും” എന്നു പറഞ്ഞു. യേശു വന്നപ്പോൾ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളും ദിദിമൊസ് എന്നും പേരുള്ളവനുമായ തോമസ് ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നില്ല. മറ്റേ ശിഷ്യന്മാർ അയാളോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. അപ്പോൾ തോമസ്, “അദ്ദേഹത്തിന്റെ കൈകളിലെ ആണിപ്പാടുകൾ കാണുകയും അവയിൽ എന്റെ വിരൽകൊണ്ട് സ്പർശിക്കുകയും പാർശ്വത്തിൽ കൈവെക്കുകയും ചെയ്തിട്ടല്ലാതെ ഞാൻ വിശ്വസിക്കുകയില്ല!” എന്നു പറഞ്ഞു. എട്ടു ദിവസത്തിനുശേഷം, ശിഷ്യന്മാർ വീട്ടിൽ കൂടിയിരിക്കുമ്പോൾ തോമസും അവരോടുകൂടെ ഉണ്ടായിരുന്നു. വാതിലുകൾ അടച്ചിരിക്കുമ്പോൾ യേശു വന്ന് അവരുടെമധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു, “നിങ്ങൾക്കു സമാധാനം.” പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, “നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.” തോമസ് അദ്ദേഹത്തോട്, “എന്റെ കർത്താവും എന്റെ ദൈവവും” എന്നു പറഞ്ഞു. അപ്പോൾ യേശു, “നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ അനുഗൃഹീതർ” എന്നു പറഞ്ഞു.