യോഹ. 20

20
യേശുവിന്‍റെ പുനരുത്ഥാനം
1ആഴ്ചയുടെ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ, ഇരുട്ടുള്ളപ്പോൾ തന്നെ കല്ലറയ്ക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്ന് കല്ല് നീങ്ങിയിരിക്കുന്നത് കണ്ടു. 2അവൾ ഓടി ശിമോൻ പത്രൊസിൻ്റെയും യേശു സ്നേഹിച്ച മറ്റെ ശിഷ്യൻ്റെയും അടുക്കൽ വന്നു: അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി; അവനെ എവിടെ വച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോട് പറഞ്ഞു.
3അപ്പോൾ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്നു. 4ഇരുവരും ഒന്നിച്ച് ഓടി; മറ്റെ ശിഷ്യൻ പത്രൊസിനേക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി; 5കുനിഞ്ഞുനോക്കി ശീലകൾ അവിടെ കിടക്കുന്നത് കണ്ടു; എന്നാൽ അകത്ത് കടന്നില്ലതാനും. 6പിന്നീട് അവന്‍റെ പിന്നാലെ വന്ന ശിമോൻ പത്രൊസ് കല്ലറയിൽ കടന്നു 7ശീലകൾ അവിടെ കിടക്കുന്നതും, അവന്‍റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്ത് ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു. 8ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്ത് ചെന്നു കണ്ടു വിശ്വസിച്ചു. 9അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല. 10അങ്ങനെ ശിഷ്യന്മാർ വീണ്ടും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയി.
യേശു മറിയയ്ക്ക് പ്രത്യക്ഷപ്പെടുന്നു
11എന്നാൽ മറിയ കല്ലറയ്ക്ക് പുറത്തു കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു; കരയുന്നതിനിടയിൽ അവൾ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി. 12യേശുവിന്‍റെ ശരീരം കിടന്നിരുന്നിടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുവൻ തലയ്ക്കലും ഒരുവൻ കാൽക്കലും ഇരിക്കുന്നത് കണ്ടു.
13അവർ അവളോട്: “സ്ത്രീയേ, നീ കരയുന്നത് എന്ത്?“ എന്നു ചോദിച്ചു.
“അവർ എന്‍റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെ വച്ചു എന്നു ഞാൻ അറിയുന്നില്ല“ എന്നു അവൾ അവരോട് പറഞ്ഞു. 14ഇതു പറഞ്ഞിട്ട് അവൾ പുറകോട്ട് തിരിഞ്ഞപ്പോൾ യേശു അവിടെ നില്ക്കുന്നതു കണ്ടു; എന്നാൽ അത് യേശു എന്നു അറിഞ്ഞില്ലതാനും.
15യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? നീ ആരെ അന്വേഷിക്കുന്നു“ എന്നു ചോദിച്ചു.
അതു തോട്ടക്കാരനാകുന്നു എന്നു നിരൂപിച്ചിട്ട് അവൾ: “യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം“ എന്നു അവനോട് പറഞ്ഞു.
16യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായ ഭാഷയിൽ: ‘റബ്ബൂനി’ എന്നു പറഞ്ഞു; അതിന് ഗുരു എന്നർത്ഥം.
17യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്‍റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവൻ്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോട് പറകഎന്നു പറഞ്ഞു.
18മഗ്ദലക്കാരത്തി മറിയ വന്നു: “ഞാൻ കർത്താവിനെ കണ്ടു” എന്നും അവൻ ഈ കാര്യങ്ങൾ തന്നോട് പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.
യേശു ശിഷ്യൻമാർക്ക് പ്രത്യക്ഷപ്പെടുന്നു
19ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു. 20ഇതു പറഞ്ഞിട്ട് അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; അപ്പോൾ കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു.
21യേശു പിന്നെയും അവരോട്: “നിങ്ങൾക്ക് സമാധാനം.” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു. 22ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെ മേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. 23ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്ക് നിർത്തിയിരിക്കുന്നുഎന്നു പറഞ്ഞു.
24എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. 25പിന്നീട് മറ്റുള്ള ശിഷ്യന്മാർ അവനോട്: “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞപ്പോൾ: “ഞാൻ അവന്‍റെ കൈകളിൽ ആണിപ്പഴുത് കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്‍റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല“ എന്നു അവൻ അവരോട് പറഞ്ഞു.
26എട്ട് ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ പിന്നെയും അകത്ത് കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു പറഞ്ഞു. 27പിന്നെ തോമസിനോട്: നിന്‍റെ വിരൽ ഇങ്ങോട്ട് നീട്ടി എന്‍റെ കൈകളെ കാണുക; നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കഎന്നു പറഞ്ഞു.
28തോമസ് അവനോട്: “എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ“ എന്നു ഉത്തരം പറഞ്ഞു.
29യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർഎന്നു പറഞ്ഞു.
30ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെയ്തു. 31എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്‍റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യോഹ. 20: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക