യോഹന്നാൻ 19:1-25

യോഹന്നാൻ 19:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ട് അടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്റെ തലയിൽ വച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു, അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞ് അവനെ കന്നത്തടിച്ചു. പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്ന് നിങ്ങൾ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു. അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തുവന്നു. പീലാത്തൊസ് അവരോട്: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു. മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക എന്ന് ആർത്തുവിളിച്ചു. പീലാത്തൊസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ; ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. യെഹൂദന്മാർ അവനോട്: ഞങ്ങൾക്ക് ഒരു ന്യായപ്രമാണം ഉണ്ട്; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ട് ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്ന് ഉത്തരം പറഞ്ഞു. ഈ വാക്ക് കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു, പിന്നെയും ആസ്ഥാനത്തിൽ ചെന്നു: നീ എവിടെനിന്ന് ആകുന്നു എന്ന് യേശുവിനോട് ചോദിച്ചു. യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോട്: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന് യേശു അവനോട്: മേലിൽനിന്നു നിനക്കു കിട്ടിയിട്ടില്ല എങ്കിൽ എന്റെമേൽ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്റെ പക്കൽ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്ന് ഉത്തരം പറഞ്ഞു. ഇതുനിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു; യെഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്ന് ആർത്തുപറഞ്ഞു. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു. അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. അവൻ യെഹൂദന്മാരോട് ഇതാ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു. അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്ന് നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്ന് പീലാത്തൊസ് അവരോട് ചോദിച്ചു; അതിനു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അവർ യേശുവിനെ കൈയേറ്റു; അവൻ താൻ തന്നെ ക്രൂശിനെ ചുമന്നുകൊണ്ട് എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ട് ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവ് എന്ന് എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോട്: യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്ന് അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു. അതിന് പീലാത്തൊസ്: ഞാൻ എഴുതിയത് എഴുതി എന്ന് ഉത്തരം പറഞ്ഞു. പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്ത് ഓരോ പടയാളിക്ക് ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇത് കീറരുത്; ആർക്കു വരും എന്ന് ചീട്ടിടുക എന്ന് അവർ തമ്മിൽ പറഞ്ഞു. എന്റെ വസ്ത്രം അവർ പകുത്തെടുത്ത് എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെയൊക്കെയും ചെയ്തു. യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.

യോഹന്നാൻ 19:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പീലാത്തോസ് യേശുവിനെ കൊണ്ടു പോയി ചാട്ടവാറുകൊണ്ടടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് തലയിൽ വച്ചു; കടുംചുവപ്പുള്ള ഒരു മേലങ്കിയും അണിയിച്ചു. അവർ അവിടുത്തെ മുമ്പിൽ നിന്ന് “യെഹൂദന്മാരുടെ രാജാവേ, ജയ്! ജയ്!” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ അടിച്ചു. പീലാത്തോസ് വീണ്ടും പുറത്തു ചെന്ന് അവരോടു പറഞ്ഞു: “ഈ ആളിൽ ഞാനൊരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന് ഇതാ ഞാൻ അയാളെ നിങ്ങളുടെ അടുക്കലേക്കു കൊണ്ടുവരുന്നു.” അങ്ങനെ മുൾക്കിരീടവും കടുംചുവപ്പു വസ്ത്രവും ധരിച്ചുകൊണ്ട് യേശു പുറത്തേക്കു വന്നു. “ഇതാ ആ മനുഷ്യൻ” എന്നു പീലാത്തോസ് അവരോടു പറഞ്ഞു. പുരോഹിതമുഖ്യന്മാരും ദേവാലയഭടന്മാരും യേശുവിനെ കണ്ടപ്പോൾ “ക്രൂശിക്കുക! ക്രൂശിക്കുക!” എന്ന് ആക്രോശിച്ചു. അപ്പോൾ പീലാത്തോസ് അവരോട് “നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല” എന്നു പറഞ്ഞു. അതിന് യെഹൂദന്മാർ, “ഞങ്ങൾക്ക് ഒരു നിയമമുണ്ട്; അതനുസരിച്ച് ഇയാൾ വധശിക്ഷയ്‍ക്ക് അർഹനാണ്; എന്തെന്നാൽ ഇയാൾ ദൈവപുത്രനാണെന്നു സ്വയം അവകാശപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് കുറേക്കൂടി ഭയപ്പെട്ടു. അദ്ദേഹം വീണ്ടും അകത്തു പ്രവേശിച്ച് യേശുവിനോട്: “നിങ്ങളുടെ സ്വദേശം ഏതാണ്?” എന്നു ചോദിച്ചു. പക്ഷേ, യേശു അതിന് ഉത്തരം പറഞ്ഞില്ല. വീണ്ടും പീലാത്തോസ് ചോദിച്ചു: “നിങ്ങൾ എന്നോടു പറയുകയില്ലേ? നിങ്ങളെ ക്രൂശിക്കാനും വിട്ടയയ്‍ക്കാനുമുള്ള അധികാരം എനിക്കുണ്ടെന്ന് അറിഞ്ഞുകൂടേ?” അതിന് യേശു, “ഉന്നതത്തിൽനിന്നു നല്‌കപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ അങ്ങേക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല; അതുകൊണ്ട് എന്നെ അങ്ങയുടെ കൈയിലേല്പിച്ചവനാണ് കൂടുതൽ കുറ്റം” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾമുതൽ പീലാത്തോസ് യേശുവിനെ വിട്ടയയ്‍ക്കാനുള്ള മാർഗം അന്വേഷിച്ചുതുടങ്ങി. എന്നാൽ “അങ്ങ് ഈ മനുഷ്യനെ വിട്ടയച്ചാൽ അങ്ങ് കൈസറിന്റെ സ്നേഹിതനല്ല. സ്വയം രാജാവാകുന്ന ഏതൊരുവനും കൈസറിന്റെ ശത്രുവാണ്” എന്ന് യെഹൂദന്മാർ ഉച്ചത്തിൽ ആക്രോശിച്ചു. ഇതു കേട്ടിട്ട് യേശുവിനെ പുറത്തു കൊണ്ടുവന്നശേഷം പീലാത്തോസ് ‘ഗബ്ബഥാ’ എന്നറിയപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തിൽ ഉപവിഷ്ടനായി. എബ്രായഭാഷയിൽ ‘ഗബ്ബഥാ’ എന്ന വാക്കിന് ‘കല്ത്തളം’ എന്നാണർഥം. അത് പെസഹായ്‍ക്കു മുമ്പുള്ള ഒരുക്കദിവസം ഏകദേശം പന്ത്രണ്ടു മണിക്കായിരുന്നു. “ഇതാ നിങ്ങളുടെ രാജാവ്” എന്നു പീലാത്തോസ് യെഹൂദന്മാരോടു പറഞ്ഞു. അപ്പോൾ “കൊല്ലുക! കൊല്ലുക! അവനെ ക്രൂശിക്കുക!” എന്ന് യെഹൂദന്മാർ വീണ്ടും ഉച്ചത്തിൽ അലറി. പീലാത്തോസ് അവരോട്: “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണോ?” എന്നു ചോദിച്ചു. “കൈസർ അല്ലാതെ മറ്റൊരു രാജാവ് ഞങ്ങൾക്കില്ല” എന്നു പുരോഹിതമുഖ്യന്മാർ പറഞ്ഞു. അപ്പോൾ യേശുവിനെ ക്രൂശിക്കുന്നതിനായി പീലാത്തോസ് അവരെ ഏല്പിച്ചു. അവർ യേശുവിനെ ഏറ്റുവാങ്ങി. യേശു കുരിശു ചുമന്നുകൊണ്ട് ഗോൽഗോഥായിലേക്കു പോയി. എബ്രായഭാഷയിൽ ‘ഗോൽഗോഥാ’ എന്ന വാക്കിന് ‘തലയോടിന്റെ സ്ഥലം’ എന്നർഥം. അവിടെ അവർ അവിടുത്തെ ക്രൂശിച്ചു. മറ്റു രണ്ടാളുകളെയും യേശുവിന്റെ ഇരുവശങ്ങളിലുമായി ക്രൂശിച്ചു. ‘നസറായനായ യേശു, യെഹൂദന്മാരുടെ രാജാവ്’ എന്ന മേലെഴുത്ത് പീലാത്തോസ് എഴുതി കുരിശിന്റെ മുകളിൽ വയ്പിച്ചു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ അത് എഴുതപ്പെട്ടിരുന്നതുകൊണ്ടും അനേകം യെഹൂദന്മാർ ആ മേലെഴുത്തു വായിച്ചു. ‘യെഹൂദന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാൻ യെഹൂദന്മാരുടെ രാജാവാകുന്നു എന്ന് ആ മനുഷ്യൻ പറഞ്ഞു’ എന്നത്രേ എഴുതേണ്ടത് എന്ന് യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാർ പറഞ്ഞു. “ഞാൻ എഴുതിയത് എഴുതി” എന്നു പീലാത്തോസ് പ്രതിവചിച്ചു. യേശുവിനെ ക്രൂശിച്ചശേഷം പടയാളികൾ അവിടുത്തെ വസ്ത്രങ്ങൾ നാലായി പങ്കിട്ടെടുത്തു. അവിടുത്തെ പുറങ്കുപ്പായവും അവരെടുത്തു. എന്നാൽ അത് മുകൾമുതൽ അടിവരെ തയ്യലില്ലാതെ നെയ്തുണ്ടാക്കിയതായിരുന്നതുകൊണ്ട് “ഇതു നമുക്കു കീറണ്ടാ, നറുക്കിട്ട് ആർക്കു കിട്ടുമെന്ന് നിശ്ചയിക്കാം” എന്നു പരസ്പരം പറഞ്ഞു. എന്റെ വസ്ത്രങ്ങൾ അവർ പങ്കിട്ടെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിട്ടു എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരം സംഭവിച്ചു. യേശുവിന്റെ കുരിശിനു സമീപം അവിടുത്തെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പായുടെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‌ക്കുന്നുണ്ടായിരുന്നു.

യോഹന്നാൻ 19:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അനന്തരം പീലാത്തോസ് യേശുവിനെ കൊണ്ടുപോയി ചാട്ടകൊണ്ട് അടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്‍റെ തലയിൽ വച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു. അവർ അവന്‍റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞ് അവരുടെ കൈകൾകൊണ്ട് അവനെ അടിച്ചു. പീലാത്തോസ് പിന്നെയും പുറത്തു വന്നു: “ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു“ എന്നു പറഞ്ഞു. അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തോസ് അവരോട്: “ആ മനുഷ്യൻ ഇതാ“ എന്നു പറഞ്ഞു. മുഖ്യപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: “അവനെ ക്രൂശിയ്ക്ക, അവനെ ക്രൂശിയ്ക്ക!“ എന്നു ആർത്തുവിളിച്ചു. പീലാത്തോസ് അവരോട്: “നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല“ എന്നു പറഞ്ഞു. യെഹൂദന്മാർ അവനോട്: “ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ട്; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ട് ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കണ്ടതാകുന്നു“ എന്നു ഉത്തരം പറഞ്ഞു. ഈ പ്രസ്താവന കേട്ടപ്പോൾ പീലാത്തോസ് ഏറ്റവും ഭയപ്പെട്ടു, അവൻ പിന്നെയും ആസ്ഥാനത്തിൽ ചെന്നു; “നീ എവിടെ നിന്നു ആകുന്നു?“ എന്നു യേശുവിനോടു ചോദിച്ചു. യേശു അവനോട് മറുപടിയൊന്നും പറഞ്ഞില്ല. അപ്പോൾ പീലാത്തോസ് അവനോട്: “നീ എന്നോട് സംസാരിക്കുന്നില്ലയോ? എനിക്ക് നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ?“ എന്നു ചോദിച്ചു. അതിന് യേശു അവനോട്: ഉയരത്തിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ എന്‍റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്‍റെ പക്കൽ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്നു ഉത്തരം പറഞ്ഞു. ഈ വാക്കുനിമിത്തം പീലാത്തോസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യെഹൂദന്മാരോ: “നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോട് മത്സരിക്കുന്നുവല്ലോ“ എന്നു ആർത്തു പറഞ്ഞു. ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, ‘കല്ത്തളമെന്നും’ എബ്രായ ഭാഷയിൽ ‘ഗബ്ബഥാ’ എന്നും വിളിക്കപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തിൽ ഇരുന്നു. അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോട്: “ഇതാ, നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു. അവരോ: “അവനെ കൊണ്ടുപോക, അവനെ കൊണ്ടുപോക; അവനെ ക്രൂശിയ്ക്ക!“ എന്നു നിലവിളിച്ചു. “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ?“ എന്നു പീലാത്തോസ് അവരോട് ചോദിച്ചു; അതിന് മുഖ്യപുരോഹിതന്മാർ: “ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല“ എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അവർ യേശുവിനെ ഏറ്റുവാങ്ങി; അവൻ തന്നത്താൻ ക്രൂശിനെ ചുമന്നുകൊണ്ടു, എബ്രായ ഭാഷയിൽ ഗൊല്ഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേയ്ക്ക് പോയി. അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുവനെ അപ്പുറത്തും ഒരുവനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു. പീലാത്തോസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: “നസറായനായ യേശു യെഹൂദന്മാരുടെ രാജാവ്” എന്നു എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന് സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്ത് വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മുഖ്യപുരോഹിതന്മാർ പീലാത്തോസിനോട്: “യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത്“ എന്നു പറഞ്ഞു. അതിന് പീലാത്തോസ്: “ഞാൻ എഴുതിയത് എഴുതി“ എന്നു ഉത്തരം പറഞ്ഞു. പടയാളികൾ യേശുവിനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രം എടുത്തു ഓരോ പടയാളിക്ക് ഓരോ പങ്കായിട്ട് നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് മുഴുവനും നെയ്തതായിരുന്നു. “ഇതു കീറരുത്; ആർക്ക് വരും എന്നു ചീട്ടിടുക“ എന്നു അവർ തമ്മിൽ പറഞ്ഞു. “എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു എന്‍റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തിവന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു. യേശുവിന്‍റെ ക്രൂശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.

യോഹന്നാൻ 19:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു. അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു. പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു. അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു. മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക എന്നു ആർത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു, പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു. യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു: മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെമേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കൽ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തുപറഞ്ഞു. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു. അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു: ഇതാ, നിങ്ങളുടെ രാജാവു എന്നു പറഞ്ഞു. അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു. അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു. അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു. പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇതു കീറരുതു; ആർക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.

യോഹന്നാൻ 19:1-25 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ പീലാത്തോസ് യേശുവിനെ അരമനയ്ക്കുള്ളിൽ കൊണ്ടുപോയി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. സൈനികർ ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. പിന്നീട് ഊതനിറമുള്ള ഒരു പുറങ്കുപ്പായം ധരിപ്പിച്ചു. “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് യേശുവിന്റെ കരണത്തടിച്ചു. പീലാത്തോസ് പിന്നെയും പുറത്തുവന്നു, “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല!” എന്നും, തുടർന്ന് “അത് നിങ്ങൾ അറിയേണ്ടതിന് ഇതാ ഞാൻ അയാളെ നിങ്ങളുടെ അടുക്കൽ പുറത്തുകൊണ്ടുവരുന്നു.” എന്നും യെഹൂദനേതാക്കന്മാരോടു പറഞ്ഞു. യേശു മുൾക്കിരീടവും ഊതനിറമുള്ള പുറങ്കുപ്പായവും ധരിച്ചു പുറത്തുവന്നപ്പോൾ പീലാത്തോസ് അവരോട്, “ഇതാ ആ മനുഷ്യൻ!” എന്നു പറഞ്ഞു. പുരോഹിതമുഖ്യന്മാരും അവരുടെ സേവകരും യേശുവിനെ കണ്ടപ്പോൾ “ക്രൂശിക്ക, ക്രൂശിക്ക,” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പീലാത്തോസ്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല,” എന്നു പറഞ്ഞു. യെഹൂദനേതാക്കന്മാർ അതിനു മറുപടിയായി, “ഞങ്ങൾക്കൊരു ന്യായപ്രമാണമുണ്ട്. ദൈവപുത്രൻ എന്നു സ്വയം അവകാശപ്പെടുകയാൽ ആ ന്യായപ്രമാണം അനുസരിച്ച് ഇയാൾ മരണയോഗ്യനാണ്” എന്നു പറഞ്ഞു. ഈ പ്രസ്താവം കേട്ടപ്പോൾ പീലാത്തോസ് വളരെയധികം ഭയപ്പെട്ടു. അയാൾ വീണ്ടും അരമനയ്ക്കുള്ളിലേക്കു ചെന്ന്, “നീ എവിടെനിന്നുള്ളവൻ?” എന്ന് യേശുവിനോടു ചോദിച്ചു. എന്നാൽ, യേശു അതിനു മറുപടിയൊന്നും പറഞ്ഞില്ല. പീലാത്തോസ് വീണ്ടും ചോദിച്ചു: “നീ എന്നോടൊന്നും സംസാരിക്കാത്തതെന്ത്? നിന്നെ മോചിപ്പിക്കാനും ക്രൂശിൽ തറപ്പിക്കാനും എനിക്കധികാരമുണ്ടെന്ന് നീ അറിയുന്നില്ലേ?” അതിന് യേശു മറുപടി പറഞ്ഞു, “മുകളിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ താങ്കൾക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്നെ താങ്കളുടെപക്കൽ ഏൽപ്പിച്ചുതന്നവനാണ് കൂടുതൽ പാപമുള്ളത്.” അപ്പോൾമുതൽ യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് പരിശ്രമിച്ചു. എന്നാൽ യെഹൂദനേതാക്കന്മാർ, “ഈ മനുഷ്യനെ വിട്ടയച്ചാൽ, അങ്ങ് കൈസറുടെ സ്നേഹിതനല്ല. സ്വയം രാജാവെന്ന് അവകാശപ്പെടുന്നവൻ കൈസറോടു മത്സരിക്കുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഈ വാക്കുകൾ പീലാത്തോസ് കേട്ടപ്പോൾ, യേശുവിനെ പുറത്തുകൊണ്ടുവന്നു; എബ്രായഭാഷയിൽ ഗബ്ബഥാ, അതായത്, കൽത്തളം എന്നു പേരുള്ള സ്ഥലത്തുവന്ന് ന്യായാസനത്തിൽ ഉപവിഷ്ടനായി. ഇതു സംഭവിച്ചത് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കനാളിന്റെ മധ്യാഹ്നസമയത്ത് ആയിരുന്നു. പീലാത്തോസ് യെഹൂദനേതാക്കന്മാരോട്, “ഇതാ നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു. എന്നാൽ അവർ, “അവനെ കൊന്നുകളക, കൊന്നുകളക, അവനെ ക്രൂശിക്ക” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു. “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിലേറ്റണമോ?” പീലാത്തോസ് ചോദിച്ചു. “ഞങ്ങൾക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല,” പുരോഹിതമുഖ്യന്മാർ ഉത്തരം പറഞ്ഞു. ഒടുവിൽ പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു. പടയാളികൾ യേശുവിനെ ഏറ്റുവാങ്ങി. യേശു തന്റെ ക്രൂശു സ്വയം ചുമന്നുകൊണ്ട്, അരാമ്യഭാഷയിൽ തലയോട്ടിയുടെ സ്ഥലം എന്നർഥം വരുന്ന ഗൊൽഗോഥാ എന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ, യേശുവിനെ മധ്യത്തിലും വേറെ രണ്ടുപേരെ ഇരുവശത്തുമായി ക്രൂശിച്ചു. പീലാത്തോസ് ഒരു കുറ്റപത്രം എഴുതി ക്രൂശിൽ പതിപ്പിച്ചു. നസറായനായ യേശു, യെഹൂദരുടെ രാജാവ്, എന്നായിരുന്നു അത്. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും ആ മേലെഴുത്ത് എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ എഴുതിയിരുന്നതുകൊണ്ടും യെഹൂദരിൽ പലരും അതു വായിച്ചു. യെഹൂദരുടെ പുരോഹിതമുഖ്യന്മാർ പീലാത്തോസിനോട്, “ ‘യെഹൂദരുടെ രാജാവ്’ എന്നല്ല, ‘യെഹൂദരുടെ രാജാവ് ഞാനാണ് എന്ന് ഈ മനുഷ്യൻ അവകാശപ്പെട്ടു,’ എന്നാണ് എഴുതേണ്ടത്” എന്നു പറഞ്ഞു. അതിന് “ഞാൻ എഴുതിയത് എഴുതി,” എന്നു പീലാത്തോസ് മറുപടി പറഞ്ഞു. യേശുവിനെ ക്രൂശിച്ചതിനുശേഷം പടയാളികൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ, ഓരോരുത്തനും ലഭിക്കത്തക്കവിധം നാലായി ഭാഗിച്ചു; പുറങ്കുപ്പായം അവർ ഭാഗിച്ചില്ല; അതു തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിവരെ മുഴുവനും നെയ്തെടുത്തതായിരുന്നു. “ഇത് നാം കീറരുത്, ആർക്കു കിട്ടുമെന്ന് നറുക്കിട്ടു തീരുമാനിക്കാം,” എന്ന് അവർ പരസ്പരം പറഞ്ഞു. “എന്റെ വസ്ത്രങ്ങൾ അവർ പകുത്തെടുത്തു. എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിട്ടു,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിനാണ് സൈനികർ ഇങ്ങനെയെല്ലാം ചെയ്തത്. ക്രൂശിനരികെ യേശുവിന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിന്നിരുന്നു.