അപ്പോൾ പീലാത്തോസ് യേശുവിനെ അരമനയ്ക്കുള്ളിൽ കൊണ്ടുപോയി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. സൈനികർ ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. പിന്നീട് ഊതനിറമുള്ള ഒരു പുറങ്കുപ്പായം ധരിപ്പിച്ചു. “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് യേശുവിന്റെ കരണത്തടിച്ചു.
പീലാത്തോസ് പിന്നെയും പുറത്തുവന്നു, “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല!” എന്നും, തുടർന്ന് “അത് നിങ്ങൾ അറിയേണ്ടതിന് ഇതാ ഞാൻ അയാളെ നിങ്ങളുടെ അടുക്കൽ പുറത്തുകൊണ്ടുവരുന്നു.” എന്നും യെഹൂദനേതാക്കന്മാരോടു പറഞ്ഞു. യേശു മുൾക്കിരീടവും ഊതനിറമുള്ള പുറങ്കുപ്പായവും ധരിച്ചു പുറത്തുവന്നപ്പോൾ പീലാത്തോസ് അവരോട്, “ഇതാ ആ മനുഷ്യൻ!” എന്നു പറഞ്ഞു.
പുരോഹിതമുഖ്യന്മാരും അവരുടെ സേവകരും യേശുവിനെ കണ്ടപ്പോൾ “ക്രൂശിക്ക, ക്രൂശിക്ക,” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
പീലാത്തോസ്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല,” എന്നു പറഞ്ഞു.
യെഹൂദനേതാക്കന്മാർ അതിനു മറുപടിയായി, “ഞങ്ങൾക്കൊരു ന്യായപ്രമാണമുണ്ട്. ദൈവപുത്രൻ എന്നു സ്വയം അവകാശപ്പെടുകയാൽ ആ ന്യായപ്രമാണം അനുസരിച്ച് ഇയാൾ മരണയോഗ്യനാണ്” എന്നു പറഞ്ഞു.
ഈ പ്രസ്താവം കേട്ടപ്പോൾ പീലാത്തോസ് വളരെയധികം ഭയപ്പെട്ടു. അയാൾ വീണ്ടും അരമനയ്ക്കുള്ളിലേക്കു ചെന്ന്, “നീ എവിടെനിന്നുള്ളവൻ?” എന്ന് യേശുവിനോടു ചോദിച്ചു. എന്നാൽ, യേശു അതിനു മറുപടിയൊന്നും പറഞ്ഞില്ല. പീലാത്തോസ് വീണ്ടും ചോദിച്ചു: “നീ എന്നോടൊന്നും സംസാരിക്കാത്തതെന്ത്? നിന്നെ മോചിപ്പിക്കാനും ക്രൂശിൽ തറപ്പിക്കാനും എനിക്കധികാരമുണ്ടെന്ന് നീ അറിയുന്നില്ലേ?”
അതിന് യേശു മറുപടി പറഞ്ഞു, “മുകളിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ താങ്കൾക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്നെ താങ്കളുടെപക്കൽ ഏൽപ്പിച്ചുതന്നവനാണ് കൂടുതൽ പാപമുള്ളത്.”
അപ്പോൾമുതൽ യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് പരിശ്രമിച്ചു. എന്നാൽ യെഹൂദനേതാക്കന്മാർ, “ഈ മനുഷ്യനെ വിട്ടയച്ചാൽ, അങ്ങ് കൈസറുടെ സ്നേഹിതനല്ല. സ്വയം രാജാവെന്ന് അവകാശപ്പെടുന്നവൻ കൈസറോടു മത്സരിക്കുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
ഈ വാക്കുകൾ പീലാത്തോസ് കേട്ടപ്പോൾ, യേശുവിനെ പുറത്തുകൊണ്ടുവന്നു; എബ്രായഭാഷയിൽ ഗബ്ബഥാ, അതായത്, കൽത്തളം എന്നു പേരുള്ള സ്ഥലത്തുവന്ന് ന്യായാസനത്തിൽ ഉപവിഷ്ടനായി. ഇതു സംഭവിച്ചത് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കനാളിന്റെ മധ്യാഹ്നസമയത്ത് ആയിരുന്നു.
പീലാത്തോസ് യെഹൂദനേതാക്കന്മാരോട്, “ഇതാ നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു.
എന്നാൽ അവർ, “അവനെ കൊന്നുകളക, കൊന്നുകളക, അവനെ ക്രൂശിക്ക” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു.
“നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിലേറ്റണമോ?” പീലാത്തോസ് ചോദിച്ചു.
“ഞങ്ങൾക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല,” പുരോഹിതമുഖ്യന്മാർ ഉത്തരം പറഞ്ഞു.
ഒടുവിൽ പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു.
പടയാളികൾ യേശുവിനെ ഏറ്റുവാങ്ങി. യേശു തന്റെ ക്രൂശു സ്വയം ചുമന്നുകൊണ്ട്, അരാമ്യഭാഷയിൽ തലയോട്ടിയുടെ സ്ഥലം എന്നർഥം വരുന്ന ഗൊൽഗോഥാ എന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ, യേശുവിനെ മധ്യത്തിലും വേറെ രണ്ടുപേരെ ഇരുവശത്തുമായി ക്രൂശിച്ചു.
പീലാത്തോസ് ഒരു കുറ്റപത്രം എഴുതി ക്രൂശിൽ പതിപ്പിച്ചു.
നസറായനായ യേശു, യെഹൂദരുടെ രാജാവ്,
എന്നായിരുന്നു അത്. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും ആ മേലെഴുത്ത് എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ എഴുതിയിരുന്നതുകൊണ്ടും യെഹൂദരിൽ പലരും അതു വായിച്ചു. യെഹൂദരുടെ പുരോഹിതമുഖ്യന്മാർ പീലാത്തോസിനോട്, “ ‘യെഹൂദരുടെ രാജാവ്’ എന്നല്ല, ‘യെഹൂദരുടെ രാജാവ് ഞാനാണ് എന്ന് ഈ മനുഷ്യൻ അവകാശപ്പെട്ടു,’ എന്നാണ് എഴുതേണ്ടത്” എന്നു പറഞ്ഞു.
അതിന് “ഞാൻ എഴുതിയത് എഴുതി,” എന്നു പീലാത്തോസ് മറുപടി പറഞ്ഞു.
യേശുവിനെ ക്രൂശിച്ചതിനുശേഷം പടയാളികൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ, ഓരോരുത്തനും ലഭിക്കത്തക്കവിധം നാലായി ഭാഗിച്ചു; പുറങ്കുപ്പായം അവർ ഭാഗിച്ചില്ല; അതു തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിവരെ മുഴുവനും നെയ്തെടുത്തതായിരുന്നു.
“ഇത് നാം കീറരുത്, ആർക്കു കിട്ടുമെന്ന് നറുക്കിട്ടു തീരുമാനിക്കാം,” എന്ന് അവർ പരസ്പരം പറഞ്ഞു.
“എന്റെ വസ്ത്രങ്ങൾ അവർ പകുത്തെടുത്തു.
എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിട്ടു,”
എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിനാണ് സൈനികർ ഇങ്ങനെയെല്ലാം ചെയ്തത്.
ക്രൂശിനരികെ യേശുവിന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിന്നിരുന്നു.