യോഹന്നാൻ 18:12-18

യോഹന്നാൻ 18:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി ഒന്നാമത് ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് നന്ന് എന്ന് യെഹൂദന്മാരോട് ആലോചന പറഞ്ഞവൻതന്നെ. ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന് പരിചയമുളളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പത്രൊസ് വാതിൽക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന് പരിചയമുള്ള മറ്റേ ശിഷ്യൻ പുറത്തുവന്നു വാതിൽക്കാവല്ക്കാരത്തിയോട് പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. വാതിൽകാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്ന് അവൻ പറഞ്ഞു. അന്ന് കുളിർ ആകകൊണ്ട് ദാസന്മാരും ചേവകരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീകാഞ്ഞുകൊണ്ടു നിന്നു.

യോഹന്നാൻ 18:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ പട്ടാളവും സഹസ്രാധിപനും ദേവാലയഭടന്മാരും യേശുവിനെ പിടിച്ചു ബന്ധിച്ചു. അവിടുത്തെ ആദ്യം ഹന്നാസിന്റെ അടുക്കലേക്ക് അവർ കൊണ്ടുപോയി. ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാസിന്റെ ഭാര്യാപിതാവായിരുന്നു ഹന്നാസ്. ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നത് യുക്തം എന്ന് യെഹൂദന്മാർക്ക് ഉപദേശം നല്‌കിയത് കയ്യഫാസ് ആയിരുന്നു. ശിമോൻപത്രോസ് മറ്റൊരു ശിഷ്യനോടൊപ്പം യേശുവിനെ പിന്തുടർന്നു. ആ ശിഷ്യൻ മഹാപുരോഹിതനു പരിചിതനായിരുന്നതിനാൽ യേശുവിനോടുകൂടി നടുമുറ്റത്തു പ്രവേശിച്ചു. പത്രോസ് പടിവാതിലിനു വെളിയിൽ നില്‌ക്കുകയായിരുന്നു. മഹാപുരോഹിതനു പരിചിതനായിരുന്ന ശിഷ്യൻ വാതിൽക്കാവല്‌ക്കാരിയോടു പറഞ്ഞ് പത്രോസിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോൾ കാവല്‌ക്കാരിയായ ആ പെൺകുട്ടി പത്രോസിനോടു ചോദിച്ചു: “താങ്കളും ആ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനല്ലേ?” “അല്ല” എന്നു പത്രോസ് പറഞ്ഞു. തണുപ്പുള്ള രാത്രി ആയിരുന്നതിനാൽ ഭൃത്യന്മാരും ദേവാലയഭടന്മാരും കനൽക്കൂട്ടി തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. പത്രോസും അവരോടുചേർന്നു തീ കാഞ്ഞുകൊണ്ടു നിന്നു.

യോഹന്നാൻ 18:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പടയാളികളും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി അവർ അവനെ ആദ്യം ഹന്നാവിൻ്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവിൻ്റെ അമ്മാവിയപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നല്ലത് എന്നു യെഹൂദന്മാരോട് ആലോചന പറഞ്ഞവൻ തന്നെ. ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്‍റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന് പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്‍റെ നടുമുറ്റത്ത് കടന്നു. എന്നാൽ പത്രൊസ് വാതില്ക്കൽ പുറത്തുതന്നെ നില്ക്കുകയായിരുന്നു. അതുകൊണ്ട് മഹാപുരോഹിതന് പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തു വന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്ത് കയറ്റി. അപ്പോൾ വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: “നീയും ഈ മനുഷ്യന്‍റെ ശിഷ്യന്മാരിൽ ഒരുവനോ?“ എന്നു ചോദിച്ചു; “അല്ല“ എന്നു അവൻ പറഞ്ഞു. അന്നു തണുപ്പായിരുന്നതിനാൽ ദാസന്മാരും ചേവകരും കനൽ കൂട്ടി അവിടെനിന്നു തീ കായുകയായിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ട് നിന്നു.

യോഹന്നാൻ 18:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ. ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പത്രൊസ് വാതില്ക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു. അന്നു കുളിർ ആകകൊണ്ടു ദാസന്മാരും ചേവകരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു.

യോഹന്നാൻ 18:12-18 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം സൈന്യാധിപനും സൈന്യത്തിന്റെ ഒരുവിഭാഗവും യെഹൂദയുദ്യോഗസ്ഥന്മാരുംകൂടി യേശുവിനെ പിടിച്ചു. അവർ യേശുവിനെ ബന്ധിച്ച് ആദ്യം ഹന്നാവിന്റെ അടുത്തു കൊണ്ടുപോയി. അയാൾ ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാവിന്റെ ഭാര്യാപിതാവ് ആയിരുന്നു. ഈ കയ്യഫാവ് ആയിരുന്നു “ജനങ്ങൾക്കുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് ഉചിതം,” എന്ന് യെഹൂദനേതാക്കന്മാർക്ക് ഉപദേശം നൽകിയത്. ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഈ ശിഷ്യൻ മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നതുകൊണ്ട് യേശുവിനോടുകൂടെ മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. എന്നാൽ, പത്രോസിന് വാതിലിനു പുറത്തുതന്നെ നിൽക്കേണ്ടിവന്നു. മഹാപുരോഹിതനു പരിചയമുള്ള മറ്റേ ശിഷ്യൻ തിരികെവന്നു വാതിൽ കാവൽ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയോടു സംസാരിച്ച് പത്രോസിനെയും ഉള്ളിൽ കൂട്ടിക്കൊണ്ടുവന്നു. അപ്പോൾ ആ വാതിൽകാവൽക്കാരി പത്രോസിനോടു ചോദിച്ചു, “താങ്കൾ ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരാൾ അല്ലേ?” “ഞാൻ അല്ല,” അയാൾ മറുപടി പറഞ്ഞു. തണുപ്പുണ്ടായിരുന്നതുകൊണ്ട് ദാസന്മാരും ഉദ്യോഗസ്ഥന്മാരും കനൽകൂട്ടി തീകായുകയായിരുന്നു. പത്രോസും തീകാഞ്ഞുകൊണ്ട് അവരുടെകൂടെ നിന്നു.