യോഹന്നാൻ 18:12-18

യോഹന്നാൻ 18:12-18 MCV

അതിനുശേഷം സൈന്യാധിപനും സൈന്യത്തിന്റെ ഒരുവിഭാഗവും യെഹൂദയുദ്യോഗസ്ഥന്മാരുംകൂടി യേശുവിനെ പിടിച്ചു. അവർ യേശുവിനെ ബന്ധിച്ച് ആദ്യം ഹന്നാവിന്റെ അടുത്തു കൊണ്ടുപോയി. അയാൾ ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാവിന്റെ ഭാര്യാപിതാവ് ആയിരുന്നു. ഈ കയ്യഫാവ് ആയിരുന്നു “ജനങ്ങൾക്കുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് ഉചിതം,” എന്ന് യെഹൂദനേതാക്കന്മാർക്ക് ഉപദേശം നൽകിയത്. ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഈ ശിഷ്യൻ മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നതുകൊണ്ട് യേശുവിനോടുകൂടെ മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. എന്നാൽ, പത്രോസിന് വാതിലിനു പുറത്തുതന്നെ നിൽക്കേണ്ടിവന്നു. മഹാപുരോഹിതനു പരിചയമുള്ള മറ്റേ ശിഷ്യൻ തിരികെവന്നു വാതിൽ കാവൽ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയോടു സംസാരിച്ച് പത്രോസിനെയും ഉള്ളിൽ കൂട്ടിക്കൊണ്ടുവന്നു. അപ്പോൾ ആ വാതിൽകാവൽക്കാരി പത്രോസിനോടു ചോദിച്ചു, “താങ്കൾ ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരാൾ അല്ലേ?” “ഞാൻ അല്ല,” അയാൾ മറുപടി പറഞ്ഞു. തണുപ്പുണ്ടായിരുന്നതുകൊണ്ട് ദാസന്മാരും ഉദ്യോഗസ്ഥന്മാരും കനൽകൂട്ടി തീകായുകയായിരുന്നു. പത്രോസും തീകാഞ്ഞുകൊണ്ട് അവരുടെകൂടെ നിന്നു.