യോഹന്നാൻ 16:1-11

യോഹന്നാൻ 16:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നിങ്ങൾ ഇടറിവീഴാതിരിക്കുന്നതിനാണ് ഞാൻ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്. അവർ നിങ്ങളെ സുനഗോഗുകളിൽനിന്നു പുറന്തള്ളും. നിങ്ങളെ വധിക്കുന്ന ഏതൊരുവനും ദൈവത്തിന് അർപ്പിക്കുന്ന ഒരു പുണ്യകർമം ചെയ്യുന്നു എന്നു കരുതുന്ന സമയം വരുന്നു. അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതിനാൽ ഇവയെല്ലാം ചെയ്യും. അവർ ഇങ്ങനെ ചെയ്യുന്ന സമയം വരുമ്പോൾ ഞാൻ ഇവയെല്ലാം പറഞ്ഞതാണല്ലോ എന്നു നിങ്ങൾ അനുസ്മരിക്കുന്നതിനുവേണ്ടിയാണ് ഇതു പറയുന്നത്. “ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നതുകൊണ്ടാണ് ആദ്യംതന്നെ ഇക്കാര്യങ്ങൾ പറയാതിരുന്നത്. എന്നാൽ ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്കു പോകുന്നു. എങ്കിലും ഞാൻ എവിടെ പോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല. ഞാനിവയെല്ലാം നിങ്ങളോടു പറഞ്ഞതിനാൽ നിങ്ങളുടെ ഹൃദയം ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ സത്യം ഞാൻ പറയട്ടെ, ഞാൻ പോകുന്നതുകൊണ്ട് നിങ്ങൾക്കു പ്രയോജനമുണ്ട്. ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ സഹായകനെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കും. സഹായകൻ വരുമ്പോൾ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും; ലോകത്തിലുള്ളവർ എന്നിൽ വിശ്വസിക്കാത്തതുകൊണ്ടു പാപത്തെക്കുറിച്ചും ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതിനാൽ നിങ്ങൾ ഇനിയും എന്നെ കാണാതിരിക്കുമെന്നതുകൊണ്ടു നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ അധിപതി വിധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.

യോഹന്നാൻ 16:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന് വഴിപാടു കഴിക്കുന്നു എന്ന് വിചാരിക്കുന്ന നാഴിക വരുന്നു. അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ട് ഇങ്ങനെ ചെയ്യും. അതിന്റെ നാഴിക വരുമ്പോൾ ഞാൻ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ. ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്ന് നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല. എങ്കിലും ഇത് നിങ്ങളോടു സംസാരിക്കകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ട് നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചുംതന്നെ.

യോഹന്നാൻ 16:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾ ഇടറിപ്പോകാതിരിക്കുവാൻ ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. തീർച്ചയായും അവർ നിങ്ങളെ പള്ളിയിൽനിന്ന് പുറത്താക്കും; നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിനുവേണ്ടി നല്ലപ്രവൃത്തി ചെയ്യുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. അവർ പിതാവിനെയോ എന്നെയോ അറിയാത്തതുകൊണ്ട് ഇങ്ങനെ ചെയ്യും. അത് സംഭവിക്കുന്ന നാഴിക വരുമ്പോൾ ഞാൻ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ ഓർക്കേണ്ടതിന് ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആരംഭത്തിൽ ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങളോടു പറയാതിരുന്നത് ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടത്രേ. ഇപ്പോഴോ ഞാൻ എന്നെ അയച്ചവൻ്റെ അടുക്കൽ പോകുന്നു: എന്നിട്ടും നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോട് ചോദിക്കുന്നില്ല. എങ്കിലും ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്ക് നല്ലത്; ഞാൻ പോകുന്നില്ലെങ്കിൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും; അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും ഞാൻ പിതാവിന്‍റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നതുകൊണ്ടു നീതിയെക്കുറിച്ചും ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ട് ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും.

യോഹന്നാൻ 16:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും. അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ. ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല. എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.

യോഹന്നാൻ 16:1-11 സമകാലിക മലയാളവിവർത്തനം (MCV)

“നിങ്ങൾക്ക് വിശ്വാസത്യാഗം സംഭവിക്കാതിരിക്കാനാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിക്കുന്നത്. യെഹൂദർ അവരുടെ പള്ളികളിൽനിന്ന് നിങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും; നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിന് ഒരു വഴിപാടു കഴിക്കുന്നു എന്നു കരുതുന്ന കാലം വരും. അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നത്. ഇതു സംഭവിക്കുന്ന സമയത്ത്, ഇതെല്ലാം ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചിട്ടുള്ളവയാണല്ലോ എന്നു നിങ്ങൾ ഓർക്കേണ്ടതിനാണ് നിങ്ങളോട് ഇപ്പോൾ ഞാൻ ഇതു പറയുന്നത്. ഞാൻ നിങ്ങളോടുകൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ ഇതു പറയാതിരുന്നത്. ഇപ്പോൾ ഞാൻ എന്നെ അയച്ച പിതാവിന്റെ അടുത്തേക്കു പോകുകയാണ്. എങ്കിലും, ‘ഞാൻ എവിടെ പോകുന്നുവെന്ന്’ നിങ്ങളിൽ ആരും എന്നോടു ചോദിക്കുന്നില്ലല്ലോ? ഞാൻ ഈ കാര്യങ്ങളെല്ലാം പറഞ്ഞതുകൊണ്ടു നിങ്ങളുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു. എന്നാൽ, ഞാൻ നിങ്ങളോടു സത്യം പറയട്ടെ: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പോകുന്നത്. ഞാൻ പോകാതിരുന്നാൽ ആശ്വാസദായകൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയയ്ക്കും. അവിടന്നു വരുമ്പോൾ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് മാനവരാശിക്ക് ബോധ്യം വരുത്തും. പാപത്തെക്കുറിച്ചു ബോധ്യം വരുത്തും, കാരണം, മാനവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നില്ല. നിങ്ങൾക്ക് ലഭ്യമാകുന്ന ദൈവനീതിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം പിതാവിന്റെ സന്നിധിയിലേക്കു ഞാൻ പോകുന്നു. നിങ്ങൾക്ക് ഇനിയും എന്നെ കാണാൻ കഴിയുകയുമില്ല. ന്യായവിധിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, ഈ ലോകത്തിന്റെ അധിപതി ന്യായംവിധിക്കപ്പെട്ടിരിക്കുന്നു.