യോഹന്നാൻ 16
16
1“നിങ്ങൾക്ക് വിശ്വാസത്യാഗം സംഭവിക്കാതിരിക്കാനാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിക്കുന്നത്. 2യെഹൂദർ അവരുടെ പള്ളികളിൽനിന്ന് നിങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും; നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിന് ഒരു വഴിപാടു കഴിക്കുന്നു എന്നു കരുതുന്ന കാലം വരും. 3അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നത്. 4ഇതു സംഭവിക്കുന്ന സമയത്ത്, ഇതെല്ലാം ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചിട്ടുള്ളവയാണല്ലോ എന്നു നിങ്ങൾ ഓർക്കേണ്ടതിനാണ് നിങ്ങളോട് ഇപ്പോൾ ഞാൻ ഇതു പറയുന്നത്. ഞാൻ നിങ്ങളോടുകൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ ഇതു പറയാതിരുന്നത്. 5ഇപ്പോൾ ഞാൻ എന്നെ അയച്ച പിതാവിന്റെ അടുത്തേക്കു പോകുകയാണ്. എങ്കിലും, ‘ഞാൻ എവിടെ പോകുന്നുവെന്ന്’ നിങ്ങളിൽ ആരും എന്നോടു ചോദിക്കുന്നില്ലല്ലോ? 6ഞാൻ ഈ കാര്യങ്ങളെല്ലാം പറഞ്ഞതുകൊണ്ടു നിങ്ങളുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു. 7എന്നാൽ, ഞാൻ നിങ്ങളോടു സത്യം പറയട്ടെ: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പോകുന്നത്. ഞാൻ പോകാതിരുന്നാൽ ആശ്വാസദായകൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയയ്ക്കും. 8അവിടന്നു വരുമ്പോൾ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് മാനവരാശിക്ക് ബോധ്യം വരുത്തും. 9പാപത്തെക്കുറിച്ചു ബോധ്യം വരുത്തും, കാരണം, മാനവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നില്ല. 10നിങ്ങൾക്ക് ലഭ്യമാകുന്ന ദൈവനീതിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം പിതാവിന്റെ സന്നിധിയിലേക്കു ഞാൻ പോകുന്നു. നിങ്ങൾക്ക് ഇനിയും എന്നെ കാണാൻ കഴിയുകയുമില്ല. 11ന്യായവിധിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, ഈ ലോകത്തിന്റെ അധിപതി ന്യായംവിധിക്കപ്പെട്ടിരിക്കുന്നു.
12“ഇനി വളരെ അധികം കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എങ്കിലും അവ ഉൾക്കൊള്ളാനുള്ള കഴിവ് ഇപ്പോൾ നിങ്ങൾക്കില്ല. 13എന്നാൽ, സത്യത്തിന്റെ ആത്മാവു വരുമ്പോൾ, അവിടന്നു നിങ്ങളെ സകലസത്യത്തിലേക്കും നയിക്കും. അവിടന്നു സ്വയം സംസാരിക്കാതെ താൻ കേൾക്കുന്നതുമാത്രം പറയുകയും ഇനി സംഭവിക്കാനുള്ളവ നിങ്ങൾക്കറിയിച്ചുതരികയും ചെയ്യും. 14അവിടന്ന് എനിക്കുള്ളതിൽനിന്നെടുത്ത് നിങ്ങൾക്കറിയിച്ചുതരുന്നതിലൂടെ എന്നെ മഹത്ത്വപ്പെടുത്തും. 15പിതാവിനുള്ളതെല്ലാം എന്റെ വകയാണ്; അതുകൊണ്ടാണ് ആശ്വാസപ്രദായകൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്കറിയിച്ചുതരും എന്നു ഞാൻ പറഞ്ഞത്.”
ശിഷ്യന്മാരുടെ സങ്കടം ആനന്ദമായിമാറുന്നു
16“അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. എന്നാൽ, വീണ്ടും അൽപ്പസമയത്തിനുശേഷം നിങ്ങൾ എന്നെ കാണും.”
17ശിഷ്യന്മാരിൽ ചിലർ പരസ്പരം ചോദിച്ചു, “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ലെന്നും, എന്നാൽ വീണ്ടും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണുമെന്നും, പിതാവിന്റെ അടുക്കൽ പോകുന്നെന്നും പറയുന്നതിന്റെ അർഥമെന്താണ്?’ 18‘അൽപ്പസമയം’ എന്ന് അദ്ദേഹം പറയുന്നതിന്റെ അർഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ?”
19അവർ ഇതേപ്പറ്റി തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്ന് അറിഞ്ഞിട്ട് യേശു അവരോടു പറഞ്ഞു: “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, എന്നാൽ പിന്നെയും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും,’ എന്നു ഞാൻ പറഞ്ഞതിന്റെ അർഥമെന്താണെന്നാണോ നിങ്ങൾ പരസ്പരം ചോദിക്കുന്നത്? 20സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ലോകജനത ആനന്ദിക്കും; നിങ്ങളോ കരയുകയും വിലപിക്കുകയും ചെയ്യും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും. 21ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല. 22നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഇപ്പോൾ നിങ്ങൾക്കു സങ്കടത്തിന്റെ സമയം. എന്നാൽ, ഞാൻ നിങ്ങളെ വീണ്ടും കാണുമ്പോൾ നിങ്ങൾ ഹൃദയത്തിൽ ആനന്ദിക്കും. നിങ്ങളുടെ ആനന്ദം ആരും എടുത്തുകളയുകയില്ല. 23ആ ദിവസം വരുമ്പോൾ നിങ്ങൾക്കെന്നോട് ഒന്നുംതന്നെ യാചിക്കേണ്ട ആവശ്യം വരികയില്ല; പകരം, എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും എന്ന് സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. 24ഇതുവരെയും നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അങ്ങനെ നിങ്ങളുടെ ആനന്ദം പരിപൂർണമായിത്തീരും.
25“ഞാൻ ആലങ്കാരികഭാഷയിലാണ് നിങ്ങളോടു സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ, ആലങ്കാരികഭാഷയിൽ അല്ലാതെ ഞാൻ എന്റെ പിതാവിനെക്കുറിച്ചു സ്പഷ്ടമായി സംസാരിക്കുന്ന സമയം വരുന്നു. 26അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും. ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു പറയുന്നില്ല. 27കാരണം, പിതാവും നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിന്റെ#16:27 ചി.കൈ.പ്ര. പിതാവിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നല്ലോ. 28ഞാൻ പിതാവിന്റെ അടുക്കൽനിന്ന് ഈ ലോകത്തിലേക്കു വന്നു; ഇപ്പോൾ ഈ ലോകംവിട്ടു പിതാവിന്റെ അടുക്കലേക്കു മടങ്ങുന്നു.”
29“ഇപ്പോൾ അങ്ങ് ആലങ്കാരികമായിട്ടല്ല; സ്പഷ്ടമായിത്തന്നെ സംസാരിക്കുന്നു,” എന്നു ശിഷ്യന്മാർ പറഞ്ഞു. 30“അങ്ങ് സർവജ്ഞാനിയാണെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. അങ്ങ് ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു എന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു.”
31“ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നോ?” എന്ന് യേശു ചോദിച്ചു. 32“എന്നാൽ, നിങ്ങളിൽ ഓരോരുത്തനും അവരവരുടെ സ്ഥലങ്ങളിലേക്കു ചിതറിപ്പോകുകയും എന്നെ ഏകനായി വിടുകയുംചെയ്യുന്ന സമയം വന്നിരിക്കുന്നു; അതേ, വന്നുകഴിഞ്ഞു. എന്നാൽ ഞാൻ ഏകനല്ല, കാരണം പിതാവ് എന്നോടൊപ്പം ഉണ്ടല്ലോ.
33“നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോഹന്നാൻ 16: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.