യോഹന്നാൻ 11:30-57
യോഹന്നാൻ 11:30-57 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തുതന്നെ ആയിരുന്നു. വീട്ടിൽ അവളോടുകൂടെ ഇരുന്ന് അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റുപോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരവാൻ പോകുന്നു എന്ന് വിചാരിച്ചു പിൻചെന്നു. യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ട് അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട്, ഉള്ളം നൊന്തു കലങ്ങി: അവനെ വച്ചത് എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്ന് അവർ അവനോട് പറഞ്ഞു. യേശു കണ്ണുനീർ വാർത്തു. ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോട് എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു. ചിലരോ: കുരുടന്റെ കണ്ണുതുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു. യേശു പിന്നെയും ഉള്ളംനൊന്ത് കല്ലറയ്ക്കൽ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വച്ചിരുന്നു. കല്ലു നീക്കുവിൻ എന്ന് യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, നാറ്റം വച്ചുതുടങ്ങി; നാലു ദിവസമായല്ലോ എന്നു പറഞ്ഞു. യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണും എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ: ലാസറേ, പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും, മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിപ്പിൻ; അവൻ പോകട്ടെ” എന്ന് യേശു അവരോടു പറഞ്ഞു. മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തത് അവരോട് അറിയിച്ചു. മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടൂ? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവുതന്നെ, അവരോട്: നിങ്ങൾ ഒന്നും അറിയുന്നില്ല. ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന് എന്ന് ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ, ജനത്തിനുവേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിനുംതന്നെ. അന്നുമുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹയ്ക്കു മുമ്പേ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ട്: എന്തു തോന്നുന്നു? അവൻ പെരുന്നാൾക്കു വരികയില്ലയോ എന്ന് തമ്മിൽ പറഞ്ഞു. എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവച്ച് അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.
യോഹന്നാൻ 11:30-57 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുവരെ യേശു ഗ്രാമത്തിൽ പ്രവേശിക്കാതെ മാർത്ത അദ്ദേഹത്തെ എതിരേറ്റ സ്ഥലത്തുതന്നെ നില്‌ക്കുകയായിരുന്നു. മറിയം തിടുക്കത്തിൽ എഴുന്നേറ്റു പോകുന്നത് അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ടു വീട്ടിൽ ഇരുന്ന യെഹൂദന്മാർ കണ്ടു. അവൾ ശവക്കല്ലറയ്‍ക്കടുത്തു ചെന്നു വിലപിക്കുവാൻ പോകുകയായിരിക്കുമെന്നു വിചാരിച്ച് അവർ അവളുടെ പിന്നാലെ ചെന്നു. യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോൾ മറിയം അവിടുത്തെ കാല്‌ക്കൽ വീണു, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോൾ ദുഃഖംകൊണ്ട് യേശുവിന്റെ അന്തരംഗം നൊന്തുകലങ്ങി. അവിടുന്ന് അവരോട് ചോദിച്ചു: “അവനെ എവിടെയാണു സംസ്കരിച്ചത്?” അവർ മറുപടിയായി, “കർത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു. യേശു കണ്ണുനീർ ചൊരിഞ്ഞു. അപ്പോൾ യെഹൂദന്മാർ പറഞ്ഞു: “നോക്കൂ, അദ്ദേഹം അയാളെ എത്രയധികം സ്നേഹിച്ചിരുന്നു!” എന്നാൽ ചിലർ ചോദിച്ചു: “അന്ധനു കാഴ്ചനല്‌കിയ ഇദ്ദേഹത്തിന് ഈ മനുഷ്യന്റെ മരണം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ?” യേശു വീണ്ടും ദുഃഖാർത്തനായി ലാസറിന്റെ കല്ലറയ്‍ക്കു സമീപമെത്തി. അതൊരു ഗുഹ ആയിരുന്നു. അതിന്റെ വാതില്‌ക്കൽ ഒരു കല്ലും വച്ചിരുന്നു. “ആ കല്ലെടുത്തു മാറ്റുക” എന്ന് യേശു ആജ്ഞാപിച്ചു. മരിച്ചുപോയ ലാസറിന്റെ സഹോദരി മാർത്ത പറഞ്ഞു: “കർത്താവേ, മരിച്ചിട്ട് നാലു ദിവസമായല്ലോ; ഇപ്പോൾ ദുർഗന്ധം ഉണ്ടായിരിക്കും.” യേശു അവളോട്, “നീ വിശ്വസിക്കുന്നു എങ്കിൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ പറഞ്ഞില്ലേ?” എന്നു ചോദിച്ചു. അവർ ഗുഹാദ്വാരത്തിൽനിന്നു കല്ലു നീക്കി. യേശു കണ്ണുകൾ ഉയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, എന്റെ പ്രാർഥന അങ്ങു കേട്ടതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു. അങ്ങ് എപ്പോഴും എന്റെ പ്രാർഥന കേൾക്കുന്നു എന്നു ഞാൻ അറിയുന്നു; എന്നാൽ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്ന് എന്റെ ചുറ്റും നില്‌ക്കുന്ന ജനങ്ങൾ വിശ്വസിക്കുന്നതിനുവേണ്ടിയത്രേ ഞാനിതു പറയുന്നത്. ഇങ്ങനെ പറഞ്ഞശേഷം അവിടുന്ന് “ലാസറേ, പുറത്തുവരിക” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഉടനെ മരിച്ചവൻ പുറത്തുവന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ടു ചുറ്റപ്പെട്ടിരുന്നു; മുഖം ഒരു തുവാലകൊണ്ടു മൂടിയുമിരുന്നു. യേശു അവരോട് “അവന്റെ കെട്ടുകൾ അഴിക്കുക; അവൻ പൊയ്‍ക്കൊള്ളട്ടെ” എന്നു കല്പിച്ചു. മാർത്തയെയും മറിയമിനെയും സന്ദർശിക്കുവാൻ വന്ന യെഹൂദന്മാരിൽ പലരും യേശു ചെയ്ത ഈ അദ്ഭുതം കണ്ട് തന്നിൽ വിശ്വസിച്ചു. എന്നാൽ അവരിൽ ചിലർ യേശു ചെയ്തത് പരീശന്മാരോടു പോയി അറിയിച്ചു. പുരോഹിതമുഖ്യന്മാരും പരീശന്മാരും സന്നദ്രിംസമിതി വിളിച്ചുകൂട്ടി: “നാം എന്താണു ചെയ്യുക! ഈ മനുഷ്യൻ ഒട്ടുവളരെ അടയാളപ്രവൃത്തികൾ ചെയ്യുന്നുവല്ലോ. ഇങ്ങനെ മുന്നോട്ടു പോകാൻ അനുവദിച്ചാൽ എല്ലാവരും ഇയാളിൽ വിശ്വസിക്കും; റോമൻ അധികാരികൾ വന്ന് നമ്മുടെ നാടിനെയും ജനതയെയും നശിപ്പിക്കുകയും ചെയ്യും” എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവരിൽ ഒരാൾ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാസ് ആയിരുന്നു. അദ്ദേഹം അവരോട് “നിങ്ങൾക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടാ; ഒരു ജനത മുഴുവൻ നശിക്കാതിരിക്കുന്നതിന് അവർക്കു പകരം ഒരുവൻ മരിക്കുന്നത് യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ?” എന്നു ചോദിച്ചു. ഇത് അദ്ദേഹം സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, യെഹൂദ ജനതയ്‍ക്കുവേണ്ടി മാത്രമല്ല, ചിന്നിച്ചിതറപ്പെട്ട ദൈവമക്കളെ എല്ലാവരെയും ഒരുമിച്ച് കൂട്ടിച്ചേർക്കുന്നതിനുവേണ്ടി യേശു മരിക്കണമെന്നുള്ളത്, ആ വർഷത്തെ മഹാപുരോഹിതൻ എന്ന നിലയ്‍ക്ക്, അദ്ദേഹം ഒരു പ്രവാചകനായി പറയുകയാണു ചെയ്തത്. അന്നുമുതൽ യേശുവിനെ വധിക്കുന്നതിനെപ്പറ്റി അവർ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് പിന്നീട് യേശു പരസ്യമായി യെഹൂദന്മാരുടെ ഇടയിൽ സഞ്ചരിക്കാതെ വിജനപ്രദേശത്തിനടുത്തുള്ള എഫ്രയീം എന്ന പട്ടണത്തിലേക്കു പോയി ശിഷ്യന്മാരോടുകൂടി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. അതിനുമുമ്പ് തങ്ങളുടെ ശുദ്ധീകരണകർമം നടത്തുന്നതിനുവേണ്ടി നാട്ടിൻപുറങ്ങളിൽനിന്നു ധാരാളം ആളുകൾ പെസഹായ്‍ക്കു മുമ്പുതന്നെ യെരൂശലേമിലെത്തി. അവർ യേശുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു. “നിങ്ങൾക്ക് എന്തു തോന്നുന്നു? അയാൾ പെരുന്നാളിനു വരികയില്ലേ?” എന്ന് ദേവാലയത്തിൽവച്ച് അവർ അന്യോന്യം ചോദിച്ചു. യേശു എവിടെയെങ്കിലും ഉള്ളതായി ആരെങ്കിലും അറിഞ്ഞാൽ അവിടുത്തെ പിടിക്കുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്ന് പുരോഹിതമുഖ്യന്മാരും പരീശന്മാരും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
യോഹന്നാൻ 11:30-57 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്ത് തന്നെ ആയിരുന്നു. വീട്ടിൽ മറിയയോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിച്ചിരുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റ് പോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരയുവാൻ പോകുന്നു എന്നു വിചാരിച്ചു അവളെ പിൻചെന്നു. യേശു ഇരിക്കുന്നിടത്ത് മറിയ എത്തി അവനെ കണ്ടപ്പോൾ കാല്ക്കൽ വീണു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു“ എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ആത്മാവിൽ ഞരങ്ങി, അസ്വസ്ഥനായി: അവനെ വെച്ചത് എവിടെ? എന്നു ചോദിച്ചു. “കർത്താവേ, വന്നു കാണുക“ എന്നു അവർ അവനോട് പറഞ്ഞു. യേശു കണ്ണുനീർ വാർത്തു. അപ്പോൾ യെഹൂദന്മാർ: “കണ്ടോ ഇവൻ ലാസറിനെ എത്ര സ്നേഹിച്ചിരുന്നു“ എന്നു പറഞ്ഞു. ചിലരോ: “കുരുടന്‍റെ കണ്ണ് തുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ?“ എന്നു പറഞ്ഞു. യേശു പിന്നെയും ഉള്ളം നൊന്ത് കല്ലറയ്ക്കൽ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു. “ആ കല്ല് എടുത്തുമാറ്റുവിൻ” എന്നു യേശു പറഞ്ഞു. മരിച്ചവൻ്റെ സഹോദരിയായ മാർത്ത: “കർത്താവേ, ഇപ്പോൾ ശരീരം ജീർണ്ണിച്ചിരിക്കും; അവൻ മരിച്ചിട്ട് നാലുദിവസമായല്ലോ“ എന്നു പറഞ്ഞു. യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവർ ആ കല്ല് എടുത്തുമാറ്റി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്കു നന്ദിപറയുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ: “ലാസറേ, പുറത്തു വരിക” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിക്കുവിൻ; അവൻ പോകട്ടെ എന്നു യേശു അവരോട് പറഞ്ഞു. മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോട് അറിയിച്ചു. മുഖ്യപുരോഹിതന്മാരും പരീശന്മാരും ചേർന്ന് ആലോചനാസംഘം വിളിച്ചുകൂട്ടി: “നാം എന്ത് ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും“ എന്നു പറഞ്ഞു. അവരിൽ ഒരുവൻ, ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവ് തന്നെ, അവരോട്: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ; ജനതകൾ മുഴുവനും നശിച്ചുപോകുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതു നല്ലത് എന്നു നിങ്ങൾ കണക്കാക്കുന്നതുമില്ല“ എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ വർഷത്തെ മഹാപുരോഹിതൻ ആകയാൽ രാജ്യത്തിന് വേണ്ടി യേശു മരിക്കേണം എന്നു പ്രവചിച്ചതത്രേ. രാജ്യത്തിന് വേണ്ടി മാത്രമല്ല, പലസ്ഥലങ്ങളിലായി ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ട് ചേർക്കേണ്ടതിനും തന്നെ. അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്ക് പോയി ശിഷ്യന്മാരുമായി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കുകയാൽ പലരും തങ്ങളെത്തന്നെ ശുദ്ധിവരുത്തുവാൻ പെസഹയ്ക്ക് മുമ്പെ നാട്ടിൽനിന്ന് യെരൂശലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: “എന്ത് തോന്നുന്നു? അവൻ പെരുന്നാൾക്ക് വരികയില്ലയോ?“ എന്നു തമ്മിൽ പറഞ്ഞു. എന്നാൽ മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിനെ പിടിക്കേണ്ടതിന് അവൻ എവിടെയാണെന്ന് ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.
യോഹന്നാൻ 11:30-57 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു. വീട്ടിൽ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവൾ കല്ലറെക്കൽ കരവാൻ പോകുന്നു എന്നു വിചാരിച്ചു പിൻചെന്നു. യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി: അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണ്ക എന്നു അവർ അവനോടു പറഞ്ഞു. യേശു കണ്ണുനീർ വാർത്തു. ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു. ചിലരോ: കുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു. യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കൽ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു. കല്ലു നീക്കുവിൻ എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു. യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു. മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു. എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു. മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല; ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ. അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു. എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവെച്ചു അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.
യോഹന്നാൻ 11:30-57 സമകാലിക മലയാളവിവർത്തനം (MCV)
യേശു ആ സമയംവരെ ഗ്രാമത്തിൽ കടക്കാതെ, മാർത്ത തന്നെ എതിരേറ്റ ആ സ്ഥലത്തുതന്നെ ആയിരുന്നു. മറിയയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് അവളോടൊപ്പം ഭവനത്തിൽ ഉണ്ടായിരുന്ന യെഹൂദർ, അവൾ വേഗത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതുകണ്ട്, കല്ലറയ്ക്കൽ ചെന്നു കരയാൻ പോകുന്നു എന്നുകരുതി അവളുടെ പിന്നാലെ ചെന്നു. യേശു ഉണ്ടായിരുന്ന സ്ഥലത്തു മറിയ എത്തി അദ്ദേഹത്തെ കണ്ടു കാൽക്കൽവീണു, “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു. “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു. “കർത്താവേ, വന്നു കണ്ടാലും,” അവർ പറഞ്ഞു. യേശു കരഞ്ഞു. അപ്പോൾ യെഹൂദർ പറഞ്ഞു, “നോക്കൂ, യേശു അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു!” എന്നാൽ അവരിൽ ചിലർ ചോദിച്ചു, “അന്ധന്റെ കണ്ണു തുറന്ന ഇദ്ദേഹത്തിന് ഇവനെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?” യേശു വീണ്ടും ദുഃഖാർത്തനായി കല്ലറയുടെ അടുത്തെത്തി. അത് ഒരു ഗുഹയായിരുന്നു. ഗുഹാമുഖം ഒരു കല്ലുവെച്ച് അടച്ചിരുന്നു. “കല്ല് ഉരുട്ടിമാറ്റുക,” യേശു പറഞ്ഞു. മരിച്ചയാളുടെ സഹോദരിയായ മാർത്ത അപ്പോൾ, “കർത്താവേ, നാറ്റംവെച്ചുതുടങ്ങി; ഇപ്പോൾ നാലു ദിവസമായല്ലോ” എന്നു പറഞ്ഞു. “നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ,” എന്ന് യേശു ചോദിച്ചു. അവർ കല്ലു നീക്കി. അപ്പോൾ യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, അവിടന്ന് എന്റെ അപേക്ഷ കേട്ടതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു. അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നെന്ന് എനിക്കറിയാം. എങ്കിലും അവിടന്നാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ഈ നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന് ഇവർ നിമിത്തം എല്ലാവരും കേൾക്കെ ഞാനിതു പറയുന്നു.” തുടർന്ന് യേശു ഉച്ചസ്വരത്തിൽ, “ലാസറേ, പുറത്തുവരിക” എന്നു വിളിച്ചുപറഞ്ഞു. മരിച്ചുപോയിരുന്നയാൾ ജീവനുള്ളയാളായി പുറത്തുവന്നു; അവന്റെ കൈകാലുകൾ ശവക്കച്ചകൊണ്ടു ചുറ്റിയും മുഖം തൂവാലകൊണ്ടു മൂടിയുമിരുന്നു. “അവന്റെ കെട്ടുകൾ അഴിക്കുക, അവൻ പോകട്ടെ,” എന്ന് യേശു പറഞ്ഞു. മറിയയെ സന്ദർശിക്കാൻ വന്ന യെഹൂദരിൽ പലരും യേശു ചെയ്ത ഈ അത്ഭുതപ്രവൃത്തി കണ്ട് അദ്ദേഹത്തിൽ വിശ്വസിച്ചു. അവരിൽ ചിലരോ പരീശന്മാരുടെ അടുത്തുചെന്ന് യേശു ചെയ്തത് അറിയിച്ചു. അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരുംകൂടി ന്യായാധിപസമിതിയുടെ ഒരു യോഗം വിളിച്ചുകൂട്ടി. “ഇനി നാം എന്തുചെയ്യും?” അവർ ചോദിച്ചു. “ഈ മനുഷ്യൻ അനേകം അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുന്നല്ലോ! ഇങ്ങനെ തുടരാൻ അനുവദിച്ചാൽ ജനമെല്ലാം അയാളിൽ വിശ്വസിക്കും; അപ്പോൾ റോമാക്കാർ വന്നു നമ്മുടെ ദൈവാലയവും രാഷ്ട്രവും പൂർണമായി കൈവശപ്പെടുത്തും.” അവിടെ കൂടിയിരുന്നവരിൽ ഒരാളും ആ വർഷത്തെ മഹാപുരോഹിതനുമായ കയ്യഫാവ് അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. ഒരു ജനത മുഴുവൻ നശിക്കുന്നതിനെക്കാൾ, ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതാണ് യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല.” ഇത് അയാൾ സ്വമേധയാ പറഞ്ഞതല്ല, പിന്നെയോ, ആ വർഷത്തെ മഹാപുരോഹിതൻ എന്നനിലയിൽ ജനത്തിനുവേണ്ടി യേശു മരിക്കുമെന്നുള്ളതു പ്രവചിക്കുകയായിരുന്നു. ആ മരണം ഇസ്രായേൽജനതയ്ക്കുവേണ്ടിമാത്രമല്ല, ലോകംമുഴുവനും ചിതറിപ്പോയിരിക്കുന്ന ദൈവമക്കളെയെല്ലാം ഒരുമിച്ചു ചേർക്കുന്നതിനുവേണ്ടിയുംകൂടിയാണ്. അന്നുമുതൽ അവർ യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തി. അതുകൊണ്ട് യേശു യെഹൂദ്യനാട്ടുകാർക്കിടയിൽ പരസ്യമായി സഞ്ചരിക്കാതെ, അവിടത്തെ ശിഷ്യന്മാരുമായി മരുഭൂമിക്കടുത്ത് എഫ്രയീം എന്ന ഗ്രാമത്തിലേക്കു പിൻവാങ്ങി അവിടെ താമസിച്ചു. യെഹൂദരുടെ പെസഹ അടുത്തിരുന്നതിനാൽ പെസഹയ്ക്കുമുമ്പുള്ള ആചാരപരമായ ശുദ്ധീകരണം നടത്തേണ്ടതിന് അനേകർ സ്വന്തം ഗ്രാമപ്രദേശങ്ങളിൽനിന്ന് ജെറുശലേമിലേക്കു യാത്രയായി. അവർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. ദൈവാലയാങ്കണത്തിൽവെച്ച് അവർ പരസ്പരം ചോദിച്ചു, “നിങ്ങൾക്ക് എന്തുതോന്നുന്നു? അദ്ദേഹം പെരുന്നാളിന് ഇനി വരാതിരിക്കുമോ?” യേശു എവിടെയാണെന്ന് ആർക്കെങ്കിലും അറിവു കിട്ടിയാൽ അദ്ദേഹത്തെ പിടികൂടുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്നു പുരോഹിതമുഖ്യന്മാരും പരീശന്മാരും കൽപ്പന പുറപ്പെടുവിച്ചിരുന്നു.