യോഹന്നാൻ 10:24-42

യോഹന്നാൻ 10:24-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്ന് അവനോട് പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കൈയിൽനിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കൈയിൽനിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. ഞാനും പിതാവും ഒന്നാകുന്നു. യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ല് എടുത്തു. യേശു അവരോട്: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു. യെഹൂദന്മാർ അവനോട്: നല്ല പ്രവൃത്തി നിമിത്തമല്ല; ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട്: നിങ്ങൾ ദേവന്മാർ ആകുന്നു എന്ന് ഞാൻ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ -തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ- ഞാൻ ദൈവത്തിന്റെ പുത്രൻ എന്ന് പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ച് അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ. അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോയി. അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്ന് അവിടെ പാർത്തു. പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതൊക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു.

യോഹന്നാൻ 10:24-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ യെഹൂദന്മാർ അവനെ വളഞ്ഞു: “നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ വ്യക്തമായി ഞങ്ങളോടു പറക“ എന്നു അവനോട് പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്‍റെ പിതാവിന്‍റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എന്നെക്കുറിച്ചുള്ള സാക്ഷ്യം നൽകുന്നു. എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾ എന്‍റെ ആടുകളല്ല. എന്‍റെ ആടുകൾ എന്‍റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്‍റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്‍റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്‍റെ കയ്യിൽ നിന്നു അവയെ പിടിച്ചുപറിപ്പാൻ ആർക്കും കഴിയുകയില്ല ഞാനും പിതാവും ഒന്നാകുന്നു. അപ്പോൾ യെഹൂദന്മാർ അവനെ എറിയുവാൻ പിന്നെയും കല്ല് എടുത്തു. യേശു അവരോട്: പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏത് പ്രവൃത്തി നിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു. യെഹൂദന്മാർ അവനോട്: “ഒരു നല്ലപ്രവൃത്തി നിമിത്തവുമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത്“ എന്നു ഉത്തരം പറഞ്ഞു. യേശു അവരോട്: ‘നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന് നീക്കം വരികയില്ലല്ലോ - ഞാൻ ദൈവത്തിന്‍റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ? ഞാൻ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ട; ഞാൻ അവ ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ. അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി. അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പിന്നെയും ചെന്നു അവിടെ പാർത്തു. അനേകർ അവന്‍റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ച് യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ അനേകർ യേശുവിൽ വിശ്വസിച്ചു.

യോഹന്നാൻ 10:24-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല ഞാനും പിതാവും ഒന്നാകുന്നു. യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു. യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണംനിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ ‒ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ ‒ ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ. അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി. അവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാർത്തു. പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു.

യോഹന്നാൻ 10:24-42 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദനേതാക്കന്മാരിൽ ചിലർ അദ്ദേഹത്തിന്റെ ചുറ്റും വന്നു പറഞ്ഞു, “താങ്കൾ എത്രനാൾ ഞങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തും? താങ്കൾ ക്രിസ്തുവാണെങ്കിൽ ഞങ്ങളോടു തുറന്നുപറയുക.” യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. എന്നാൽ, നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം പറയുന്നു. എന്നാൽ നിങ്ങൾ എന്റെ ആടുകൾ അല്ലാത്തതുകൊണ്ടു വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു. ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. അവയെ എനിക്കു തന്നിരിക്കുന്ന എന്റെ പിതാവ് പരമോന്നതനാണ്; എന്റെ പിതാവിന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. ഞാനും പിതാവും ഒന്നാകുന്നു.” യെഹൂദനേതാക്കന്മാർ വീണ്ടും അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു. എന്നാൽ, യേശു അവരോടു ചോദിച്ചു: “പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു നിമിത്തമാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?” യെഹൂദനേതാക്കന്മാർ മറുപടി പറഞ്ഞു: “സൽപ്രവൃത്തികളൊന്നും നിമിത്തമല്ല, പിന്നെയോ വെറും മനുഷ്യനായ നീ ദൈവമാണെന്നവകാശപ്പെട്ടു ദൈവദൂഷണം പറയുന്നതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്.” യേശു ഉത്തരം പറഞ്ഞു: “ ‘നിങ്ങൾ “ദേവന്മാർ” എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടില്ലേ? ദൈവത്തിൽനിന്ന് വചനം ലഭിച്ചവർ ‘ദേവന്മാർ,’ എന്നു വിളിക്കപ്പെട്ടെങ്കിൽ—തിരുവെഴുത്ത് നിരർഥകമാകരുതല്ലോ— പിതാവ് സ്വന്തമായി വേർതിരിച്ചു ലോകത്തിലേക്ക് അയച്ചവനെപ്പറ്റി എന്താണു പറയേണ്ടത്? ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു നിങ്ങൾ എന്റെമേൽ എന്തിനു ദൈവദൂഷണം ആരോപിക്കുന്നു? ഞാൻ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നിൽ വിശ്വസിക്കേണ്ടതില്ലായിരുന്നു. എന്നാൽ, ഞാൻ അവ പ്രവർത്തിക്കുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽപോലും, എന്റെ പ്രവൃത്തികൾ വിശ്വസിക്കുക; അങ്ങനെ പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു എന്നു നിങ്ങൾക്കറിയാനും ഗ്രഹിക്കാനും കഴിയും.” അവർ വീണ്ടും യേശുവിനെ ബന്ധിക്കാൻ ശ്രമിച്ചു, എന്നാൽ, അദ്ദേഹം അവരുടെ പിടിയിൽപ്പെടാതെ മാറിപ്പോയി. അതിനുശേഷം യേശു യോർദാൻനദിയുടെ അക്കരെ, യോഹന്നാൻസ്നാപകൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു തിരിച്ചെത്തി അവിടെ താമസിച്ചു. ധാരാളംപേർ അദ്ദേഹത്തിന്റെ അടുക്കൽവന്നു, “യോഹന്നാൻ അത്ഭുതചിഹ്നം ഒന്നും ചെയ്തിട്ടില്ലെങ്കിലും ഇദ്ദേഹത്തെക്കുറിച്ചു യോഹന്നാൻ പറഞ്ഞിട്ടുള്ളതെല്ലാം സത്യംതന്നെ” എന്ന് അവർ പറഞ്ഞു. അവിടെയുള്ള പലരും യേശുവിൽ വിശ്വാസമർപ്പിച്ചു.