അപ്പോൾ യെഹൂദന്മാർ അവനെ വളഞ്ഞു: “നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ വ്യക്തമായി ഞങ്ങളോടു പറക“ എന്നു അവനോട് പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്‍റെ പിതാവിന്‍റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എന്നെക്കുറിച്ചുള്ള സാക്ഷ്യം നൽകുന്നു. എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾ എന്‍റെ ആടുകളല്ല. എന്‍റെ ആടുകൾ എന്‍റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്‍റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്‍റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്‍റെ കയ്യിൽ നിന്നു അവയെ പിടിച്ചുപറിപ്പാൻ ആർക്കും കഴിയുകയില്ല ഞാനും പിതാവും ഒന്നാകുന്നു. അപ്പോൾ യെഹൂദന്മാർ അവനെ എറിയുവാൻ പിന്നെയും കല്ല് എടുത്തു. യേശു അവരോട്: പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏത് പ്രവൃത്തി നിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു. യെഹൂദന്മാർ അവനോട്: “ഒരു നല്ലപ്രവൃത്തി നിമിത്തവുമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത്“ എന്നു ഉത്തരം പറഞ്ഞു. യേശു അവരോട്: ‘നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന് നീക്കം വരികയില്ലല്ലോ - ഞാൻ ദൈവത്തിന്‍റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ? ഞാൻ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ട; ഞാൻ അവ ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ. അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി. അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പിന്നെയും ചെന്നു അവിടെ പാർത്തു. അനേകർ അവന്‍റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ച് യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ അനേകർ യേശുവിൽ വിശ്വസിച്ചു.
യോഹ. 10 വായിക്കുക
കേൾക്കുക യോഹ. 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹ. 10:24-42
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ