യിരെമ്യാവ് 9:23-26
യിരെമ്യാവ് 9:23-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്. പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളത് എന്നു യഹോവയുടെ അരുളപ്പാട്. ഇതാ മിസ്രയീം, യെഹൂദാ, എദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികൾ എന്നിങ്ങനെ അഗ്രചർമത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു. സകല ജാതികളും അഗ്രചർമികളല്ലോ; എന്നാൽ യിസ്രായേൽഗൃഹമൊക്കെയും ഹൃദയത്തിൽ അഗ്രചർമികളാകുന്നു എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 9:23-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിലും ബലവാൻ തന്റെ ബലത്തിലും ധനവാൻ തന്റെ ധനത്തിലും അഹങ്കരിക്കരുത്. ആരെങ്കിലും പ്രശംസിക്കുന്നെങ്കിൽ അത് എന്നെ ഗ്രഹിച്ചറിയുന്നതിൽ ആയിരിക്കട്ടെ. കാരണം, ഭൂമിയിൽ സുസ്ഥിരസ്നേഹവും നീതിയും ന്യായവും പുലർത്തുന്ന സർവേശ്വരനാണല്ലോ ഞാൻ; ഇവയിലാണു ഞാൻ സന്തോഷിക്കുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ബാഹ്യമായി പരിച്ഛേദനം നടത്തിയവരെങ്കിലും ആന്തരികമായ പരിച്ഛേദനം ഏല്‌ക്കാത്ത എല്ലാവരെയും ശിക്ഷിക്കുന്ന ദിനങ്ങൾ ഇതാ ആഗതമാകുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഈജിപ്ത്, യെഹൂദാ, എദോം, അമ്മോന്യർ, മോവാബ്യർ, തലയുടെ അരികുവടിക്കുന്ന മരുഭൂവാസികൾ എന്നീ ജനതകളും ഇസ്രായേൽഭവനവും ഹൃദയത്തിൽ പരിച്ഛേദനം ഏല്‌ക്കാത്തവരാണല്ലോ.
യിരെമ്യാവ് 9:23-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്. പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലയോ എനിക്ക് പ്രസാദമുള്ളത്” എന്നു യഹോവയുടെ അരുളപ്പാടു. ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുഭൂനിവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിക്കുവാനുള്ള കാലം വരുന്നു. സകലജനതകളും അഗ്രചർമ്മികളല്ലയോ? എന്നാൽ യിസ്രായേൽഗൃഹം മുഴുവനും ഹൃദയകാഠിന്യമുള്ളവരാകുന്നു” എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 9:23-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുതു; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുതു; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുതു. പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു. ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകലപരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു. സകലജാതികളും അഗ്രചർമ്മികളല്ലോ; എന്നാൽ യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 9:23-26 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്, യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും നടപ്പിൽവരുത്തുന്നു, ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്, എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട് എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,” എന്ന് യഹോവയുടെ അരുളപ്പാട്. “ശരീരത്തിൽമാത്രം പരിച്ഛേദനമേറ്റവരായ—ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോൻ, മോവാബ്, വിദൂരമരുഭൂമികളിൽ വസിക്കുന്നവർ ഇവരെയെല്ലാം ഞാൻ ശിക്ഷിക്കാനിരിക്കുന്ന ദിവസങ്ങൾ ഇതാ വന്നെത്തിയിരിക്കുന്നു. കാരണം ഇവരെല്ലാം യഥാർഥത്തിൽ പരിച്ഛേദനമേൽക്കാത്തവരാണല്ലോ, ഇസ്രായേൽഗൃഹം മുഴുവനുംതന്നെയും ഹൃദയത്തിൽ പരിച്ഛേദനമില്ലാത്തവരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്.