JEREMIA 9
9
1എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ! 2മരുഭൂമിയിൽ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കിൽ, എന്റെ ജനത്തെ വിട്ടു ഞാൻ പോകുമായിരുന്നു; അവരെല്ലാവരും വ്യഭിചാരികളാണ്; വഞ്ചകരുടെ ഒരു കൂട്ടം. 3വില്ലുപോലെ അവർ നാവ് വളയ്‍ക്കുന്നു. സത്യമല്ല വ്യാജമാണു ദേശത്തു പ്രത്യക്ഷപ്പെടുന്നത്. അവർ തിന്മയിൽനിന്നു മറ്റൊരു തിന്മയിലേക്കു നീങ്ങുന്നു. അവർ എന്നെ അറിയുന്നില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 4എല്ലാവരും തങ്ങളുടെ അയൽക്കാർക്കെതിരെ കരുതലോടെയിരിക്കട്ടെ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഏതൊരു സഹോദരനും ചതിയനാണ്; സ്നേഹിതരെല്ലാം ഏഷണി പരത്തുന്നു. 5എല്ലാവരും അയൽക്കാരനെ വഞ്ചിക്കുന്നു; ആരും സത്യം പറയുന്നില്ല; വ്യാജം പറയാൻ നാവിനെ അവർ അഭ്യസിപ്പിച്ചിരിക്കുന്നു. തിന്മയിൽനിന്നു പിന്തിരിയാൻ അവർക്കു കഴിയുന്നില്ല. 6മർദനത്തിനുമേൽ മർദനവും ചതിക്കുമേൽ ചതിയും അവർ കൂട്ടിവയ്‍ക്കുന്നു; എന്നെ അവർ അറിയുന്നില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
7അതുകൊണ്ടു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നോക്കൂ! ഞാൻ അവരെ ഉരുക്കി ശോധന ചെയ്യും; എന്റെ ജനത്തിനുവേണ്ടി മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും? 8അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവർ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാർദമായി അയൽക്കാരനോടു സംസാരിക്കുമ്പോൾ തന്നെ ഹൃദയത്തിൽ അയാൾക്കുവേണ്ടി അവർ കെണി ഒരുക്കുന്നു. 9ഇതു നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ? ഇതുപോലെയുള്ള ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
10മലകളെക്കുറിച്ചു വിലപിക്കുവിൻ; വിജനപ്രദേശത്തുള്ള മേച്ചിൽസ്ഥലങ്ങളെക്കുറിച്ചു കരയുവിൻ; അവ ശൂന്യമായതിനാൽ ആരും അതിലൂടെ കടന്നുപോകുന്നില്ല; കന്നുകാലികളുടെ ശബ്ദം അതു കേൾക്കുന്നില്ല; ആകാശത്തിലെ പറവകൾമുതൽ മൃഗങ്ങൾവരെ അവിടെനിന്നു പോയിരിക്കുന്നു. 11ഞാൻ യെരൂശലേമിനെ നാശകൂമ്പാരമാക്കും; അതു കുറുനരികളുടെ പാർപ്പിടമായിത്തീരും; യെഹൂദാപട്ടണങ്ങൾ ഞാൻ വിജനഭൂമിയാക്കും.
12ഇതു ഗ്രഹിക്കാൻ തക്ക ജ്ഞാനം ആർക്കുണ്ട്? ഇതു വിളംബരം ചെയ്യാൻ ആരോടാണു സർവേശ്വരൻ പറഞ്ഞിരുന്നത്? ആരും കടന്നുപോകാത്തവിധം ദേശം നശിച്ചു മരുഭൂമിപോലെ പാഴാകാൻ കാരണമെന്ത്? 13സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ അവർക്കു നല്‌കിയിരുന്ന ധർമശാസ്ത്രം അവർ അവഗണിച്ചു; അവർ എന്റെ വാക്കു കേൾക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. 14ദുശ്ശാഠ്യത്തോടെ തന്നിഷ്ടപ്രകാരം അവർ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ചതുപോലെ അവർ ബാൽവിഗ്രഹങ്ങളെ ആരാധിച്ചു. 15അതുകൊണ്ട് ഇസ്രായേലിന്റെ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ ഇവരെ കാഞ്ഞിരം തീറ്റുകയും, വിഷം കലർത്തിയ വെള്ളം കുടിപ്പിക്കുകയും ചെയ്യും. 16അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാൻ അവരെ ചിതറിക്കും; അവർ നിശ്ശേഷം നശിക്കുന്നതുവരെ വാൾ അവരെ പിന്തുടരും.
സഹായത്തിനായി നിലവിളിക്കുന്നു
17സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “സംഭവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുവിൻ. വിലാപക്കാരികളെ വിളിക്കുവിൻ; അതിൽ സമർഥരായ സ്‍ത്രീകളെ ആളയച്ചു വരുത്തുവിൻ. 18അവർ വേഗമെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ; നമ്മുടെ കണ്ണുകൾ കണ്ണുനീരുകൊണ്ടു നിറയട്ടെ; നമ്മുടെ കൺപോളകൾ കവിഞ്ഞൊഴുകട്ടെ. 19സീയോനിൽനിന്നു വിലാപശബ്ദം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു! നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. നാം ദേശം ഉപേക്ഷിച്ചു; നമ്മുടെ വീടുകൾ അവർ നശിപ്പിച്ചു.
20സ്‍ത്രീകളേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ; അവിടുന്ന് ഉച്ചരിക്കുന്നതു നിങ്ങളുടെ കാതു കേൾക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിൻ; ഓരോരുത്തരും തന്റെ അയൽക്കാരിയെ ശോകഗാനം പഠിപ്പിക്കട്ടെ. 21മൃത്യു കിളിവാതിലുകളിലൂടെ നമ്മുടെ കൊട്ടാരങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞു; തെരുവീഥികളിൽ കുട്ടികളെയും പൊതുസ്ഥലങ്ങളിൽ യുവാക്കളെയും അതു സംഹരിക്കുന്നു.” 22വിളിച്ചുപറയുവിൻ; സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരുടെ ശവശരീരങ്ങൾ വയലിൽ വീഴുന്ന ചാണകം പോലെയും, കൊയ്ത്തുകാരുടെ കൈയിൽനിന്നു വീണുപോകുന്ന കതിർമണിപോലെയും വീഴും; ആരും അവ ശേഖരിക്കുകയില്ല.”
23സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിലും ബലവാൻ തന്റെ ബലത്തിലും ധനവാൻ തന്റെ ധനത്തിലും അഹങ്കരിക്കരുത്. 24ആരെങ്കിലും പ്രശംസിക്കുന്നെങ്കിൽ അത് എന്നെ ഗ്രഹിച്ചറിയുന്നതിൽ ആയിരിക്കട്ടെ. കാരണം, ഭൂമിയിൽ സുസ്ഥിരസ്നേഹവും നീതിയും ന്യായവും പുലർത്തുന്ന സർവേശ്വരനാണല്ലോ ഞാൻ; ഇവയിലാണു ഞാൻ സന്തോഷിക്കുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
25-26ബാഹ്യമായി പരിച്ഛേദനം നടത്തിയവരെങ്കിലും ആന്തരികമായ പരിച്ഛേദനം ഏല്‌ക്കാത്ത എല്ലാവരെയും ശിക്ഷിക്കുന്ന ദിനങ്ങൾ ഇതാ ആഗതമാകുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഈജിപ്ത്, യെഹൂദാ, എദോം, അമ്മോന്യർ, മോവാബ്യർ, തലയുടെ അരികുവടിക്കുന്ന മരുഭൂവാസികൾ എന്നീ ജനതകളും ഇസ്രായേൽഭവനവും ഹൃദയത്തിൽ പരിച്ഛേദനം ഏല്‌ക്കാത്തവരാണല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 9: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.