യിരെമ്യാവ് 7:1-11

യിരെമ്യാവ് 7:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയിങ്കൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ: നീ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽക്കൂടി കടക്കുന്നവരായ എല്ലാ യെഹൂദായുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും. യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്. നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽ തമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ, പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങൾക്ക് ആപത്തിനായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നുവെങ്കിൽ, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും. നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്‍ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു. പിന്നെ വന്ന് എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ട്: ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു എന്നു പറയുന്നത് ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിനു തന്നെയോ? എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അത് അങ്ങനെ തന്നെ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 7:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യിരെമ്യാക്കു സർവേശ്വരനിൽ നിന്നുണ്ടായ അരുളപ്പാട്: “ദേവാലയവാതില്‌ക്കൽ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സർവേശ്വരനെ ആരാധിക്കാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേൾക്കുവിൻ.” ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും നേരെയാക്കുവിൻ; എന്നാൽ ഈ ദേശത്തു പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.” ഇതു സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം എന്നുള്ള കപടവാക്കുകളിൽ ആശ്രയിക്കരുത്. നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും വാസ്തവമായി തിരുത്തുകയും അയൽക്കാരോടു നീതി പുലർത്തുകയും പരദേശിയെയും അനാഥരെയും വിധവയെയും ചൂഷണം ചെയ്യാതിരിക്കുകയും ഈ സ്ഥലത്തു കുറ്റമില്ലാത്തവന്റെ രക്തം ചിന്താതെയും സ്വന്തം നാശത്തിനായി അന്യദേവന്മാരുടെ പിന്നാലെ പോകാതെയും ഇരുന്നാൽ, നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ നല്‌കിയ ഈ ദേശത്ത് എന്നേക്കും പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും. നിങ്ങൾ വ്യർഥമായി കപടവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്‍ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമർപ്പിക്കുകയും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു. പിന്നീട് എന്റെ നാമത്തിലുള്ള ഈ ആലയത്തിൽ വന്ന് എന്റെ സന്നിധിയിൽ നിന്നുകൊണ്ടു ഞങ്ങൾ സുരക്ഷിതരാണെന്നു പറയുന്നു; ഈ മ്ലേച്ഛതകളെല്ലാം തുടരുന്നതിനു വേണ്ടിയുള്ള സുരക്ഷിതത്വമാണോ ഇത്? എന്റെ നാമത്തിലുള്ള ഈ ആലയം കള്ളന്മാരുടെ ഗുഹയായിട്ടാണോ നിങ്ങൾ കാണുന്നത്? അതേ, അങ്ങനെ തന്നെ ഞാൻ കാണുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു”.

യിരെമ്യാവ് 7:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയിൽ നിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാടു എന്തെന്നാൽ: “നീ യഹോവയുടെ ആലയത്തിന്‍റെ വാതില്ക്കൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: ‘യഹോവയെ നമസ്കരിക്കുവാൻ ഈ വാതിലുകളിൽ കൂടി കടക്കുന്നവരായ എല്ലാ യെഹൂദായുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ.’ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും. ‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്. നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ, പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്ത് ചൊരിയാതെയും നിങ്ങൾക്ക് ദോഷത്തിനായി അന്യദേവന്മാരോടു ചേർന്ന് നടക്കാതെയും ഇരിക്കുന്നു എങ്കിൽ, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്ത് നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും. “നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു. പിന്നെ വന്ന് എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്‍റെ സന്നിധിയിൽ നിന്നുകൊണ്ട്: ‘ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു’ എന്നു പറയുന്നത് ഈ മ്ലേച്ഛതകളെല്ലാം ചെയ്യേണ്ടതിന് തന്നെയോ? എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം ‘കള്ളന്മാരുടെ ഗുഹ’ എന്നു നിങ്ങൾക്ക് തോന്നുന്നുവോ? എനിക്കും അങ്ങനെ തന്നെ തോന്നുന്നു” എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 7:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ: നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും. യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുതു. നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ, പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങൾക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കിൽ, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും. നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു. പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ടു: ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ? എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 7:1-11 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: “യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: “ ‘യഹോവയെ ആരാധിക്കുന്നതിന് ഈ വാതിലിൽക്കൂടി പ്രവേശിക്കുന്ന എല്ലാ യെഹൂദരുമേ, യഹോവയുടെ അരുളപ്പാടു കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; എന്നാൽ നിങ്ങൾ ഈ സ്ഥലത്തു വസിക്കാൻ ഞാൻ ഇടയാക്കും. “ഇത് യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം,” എന്നിങ്ങനെയുള്ള വഞ്ചനനിറഞ്ഞ വാക്കുകളിൽ നിങ്ങൾ ആശ്രയിക്കരുത്. എന്നാൽ, നിങ്ങളുടെ വഴികളും പ്രവൃത്തികളും നിങ്ങൾ പൂർണമായും തിരുത്തി, പരസ്പരം നീതിപൂർവം ന്യായപാലനംചെയ്യുമെങ്കിൽ, വിദേശികളെയും അനാഥരെയും വിധവകളെയും പീഡിപ്പിക്കാതിരിക്കുമെങ്കിൽ, ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയാതിരിക്കുമെങ്കിൽ, നിങ്ങളുടെ നാശത്തിനായി അന്യദേവതകളെ സേവിച്ചു ജീവിക്കാതിരിക്കുമെങ്കിൽ, നിങ്ങളുടെ പിതാക്കന്മാർക്ക് എന്നേക്കും വസിക്കുന്നതിനു നൽകിയ ഈ ദേശത്ത് ഞാൻ നിങ്ങളെ ജീവിക്കാൻ അനുവദിക്കും. എന്നാൽ ഇതാ, പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ നിങ്ങൾ ആശ്രയിക്കുന്നു. “ ‘നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും വ്യാജശപഥംചെയ്യുകയും ബാലിനു ധൂപംകാട്ടുകയും നിങ്ങൾ അറിയാത്ത അന്യദേവന്മാരെ സേവിക്കുകയും ചെയ്തശേഷം, എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തിൽ വന്ന് എന്റെ മുമ്പിൽനിന്നുകൊണ്ട്, “ഞങ്ങൾ സുരക്ഷിതരായിരിക്കുന്നു” എന്നു പറയുന്നത് ഈ മ്ലേച്ഛതകൾ ചെയ്യേണ്ടതിനു തന്നെയോ? എന്റെ നാമം വഹിക്കുന്ന ഈ മന്ദിരം നിങ്ങൾക്ക് കള്ളന്മാരുടെ ഗുഹയായി തീർന്നിരിക്കുന്നോ? എന്നാൽ ഞാൻ വീക്ഷിച്ചുകൊണ്ടിരിക്കുന്നു! എന്ന് യഹോവ അരുളിച്ചെയ്യുന്നു.