JEREMIA 7:1-11

JEREMIA 7:1-11 MALCLBSI

യിരെമ്യാക്കു സർവേശ്വരനിൽ നിന്നുണ്ടായ അരുളപ്പാട്: “ദേവാലയവാതില്‌ക്കൽ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സർവേശ്വരനെ ആരാധിക്കാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേൾക്കുവിൻ.” ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും നേരെയാക്കുവിൻ; എന്നാൽ ഈ ദേശത്തു പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.” ഇതു സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം എന്നുള്ള കപടവാക്കുകളിൽ ആശ്രയിക്കരുത്. നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും വാസ്തവമായി തിരുത്തുകയും അയൽക്കാരോടു നീതി പുലർത്തുകയും പരദേശിയെയും അനാഥരെയും വിധവയെയും ചൂഷണം ചെയ്യാതിരിക്കുകയും ഈ സ്ഥലത്തു കുറ്റമില്ലാത്തവന്റെ രക്തം ചിന്താതെയും സ്വന്തം നാശത്തിനായി അന്യദേവന്മാരുടെ പിന്നാലെ പോകാതെയും ഇരുന്നാൽ, നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ നല്‌കിയ ഈ ദേശത്ത് എന്നേക്കും പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും. നിങ്ങൾ വ്യർഥമായി കപടവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്‍ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമർപ്പിക്കുകയും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു. പിന്നീട് എന്റെ നാമത്തിലുള്ള ഈ ആലയത്തിൽ വന്ന് എന്റെ സന്നിധിയിൽ നിന്നുകൊണ്ടു ഞങ്ങൾ സുരക്ഷിതരാണെന്നു പറയുന്നു; ഈ മ്ലേച്ഛതകളെല്ലാം തുടരുന്നതിനു വേണ്ടിയുള്ള സുരക്ഷിതത്വമാണോ ഇത്? എന്റെ നാമത്തിലുള്ള ഈ ആലയം കള്ളന്മാരുടെ ഗുഹയായിട്ടാണോ നിങ്ങൾ കാണുന്നത്? അതേ, അങ്ങനെ തന്നെ ഞാൻ കാണുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു”.

JEREMIA 7 വായിക്കുക