യിരെമ്യാവ് 52:31-34
യിരെമ്യാവ് 52:31-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ചു, അവനോട് ആദരവായി സംസാരിച്ച്, അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വച്ചു, അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു. അവന്റെ അഹോവൃത്തിയോ ബാബേൽരാജാവ് അവന് അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.
യിരെമ്യാവ് 52:31-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദാരാജാവായ യെഹോയാഖീൻ പ്രവാസിയായതിന്റെ മുപ്പത്തിയേഴാം വർഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസം എവിൽ-മെരൊദക് ബാബിലോൺരാജാവായി. അയാൾക്ക് യെഹൂദാരാജാവായ യെഹോയാഖീനോടു കരുണ തോന്നുകയും അയാളെ കാരാഗൃഹത്തിൽനിന്നു മോചിപ്പിക്കുകയും ചെയ്തു. രാജാവ് അയാളോടു ദയാപൂർവം പെരുമാറുകയും തന്റെ രാജ്യത്തു പ്രവാസികളായി പാർത്തിരുന്ന മറ്റു രാജാക്കന്മാരെക്കാൾ ഉയർന്ന സ്ഥാനം നല്‌കുകയും ചെയ്തു. അയാൾ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു ജീവപര്യന്തം രാജാവിന്റെ കൂടെ ഭക്ഷണം കഴിച്ചു. മരണംവരെ അയാളുടെ ദൈനംദിനാവശ്യത്തിനു വേണ്ടതെല്ലാം ബാബിലോൺരാജാവ് അയാൾക്കു നല്‌കിവന്നു.
യിരെമ്യാവ് 52:31-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെഹൂദാ രാജാവായ യെഹോയാഖീന്‍റെ പ്രവാസത്തിന്‍റെ മുപ്പത്തിയേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക്ക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാ രാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ചു, അവനോട് കരുണയോട് സംസാരിച്ചു, അവന്‍റെ സിംഹാസനം തന്നോട് കൂടി ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ഇരിപ്പിടങ്ങൾക്കു മേലായി വച്ചു. അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവകാലം മുഴുവൻ നിത്യവും രാജസന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു. അവന്‍റെ നിത്യവൃത്തിയ്ക്ക്, ബാബേൽരാജാവ് അവന്‍റെ ജീവകാലം മുഴുവനും ദിവസംപ്രതിയുള്ള ഓഹരി അവന് കൊടുത്തുപോന്നു. ഇത് അവന്‍റെ മരണദിവസം വരെ തുടർന്നുപോന്നു.
യിരെമ്യാവ് 52:31-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേൽരാജാവായ എവീൽ-മെരോദക്ക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു, അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു, അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു. അവന്റെ അഹോവൃത്തിയോ ബാബേൽരാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഓഹരി കൊടുത്തു പോന്നു.
യിരെമ്യാവ് 52:31-34 സമകാലിക മലയാളവിവർത്തനം (MCV)
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തിയേഴാമാണ്ടിൽ എവീൽ-മെരോദക്ക് ബാബേൽരാജാവായി. ആ വർഷം പന്ത്രണ്ടാംമാസം അദ്ദേഹം യെഹൂദാരാജാവായ യെഹോയാഖീനെ കാരാഗൃഹത്തിൽനിന്നു മോചിപ്പിച്ചു. അദ്ദേഹം യെഹോയാഖീനോട് ദയാപൂർവം സംസാരിക്കുകയും തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന മറ്റു രാജാക്കന്മാരെക്കാൾ കൂടുതൽ ബഹുമാന്യമായ ഒരു ഇരിപ്പിടം അദ്ദേഹത്തിനു നൽകുകയും ചെയ്തു. അങ്ങനെ യെഹോയാഖീൻ തന്റെ കാരാഗൃഹവേഷം മാറ്റിക്കളയുകയും തന്റെ ആയുസ്സിന്റെ ശേഷിച്ചകാലം രാജാവിന്റെ മേശയിൽനിന്നു പതിവായി ഭക്ഷണം കഴിക്കുകയും ചെയ്തുപോന്നു. യെഹോയാഖീൻ ജീവിച്ചിരുന്ന കാലംമുഴുവൻ അദ്ദേഹത്തിന്റെ ജീവിതാവശ്യങ്ങൾക്കുവേണ്ട പണം ദിനംതോറും ക്രമമായി ബാബേൽരാജാവ് കൊടുത്തുപോന്നു. ഇത് അദ്ദേഹത്തിന്റെ മരണംവരെ തുടർന്നുവന്നു.