JEREMIA 52

52
യെരൂശലേമിന്റെ പതനം
(2 രാജാ. 24:18—25:7)
1ഭരണം ആരംഭിച്ചപ്പോൾ സിദെക്കിയായ്‍ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു. അയാൾ പതിനൊന്നു വർഷം യെരൂശലേമിൽ ഭരിച്ചു. ലിബ്നാക്കാരൻ യിരെമ്യായുടെ പുത്രി ഹമൂതൽ ആയിരുന്നു അയാളുടെ മാതാവ്. 2യെഹോയാക്കീമിനെപ്പോലെ അയാളും സർവേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. 3അവിടുത്തെ കോപം യെരൂശലേം യെഹൂദാനിവാസികൾക്കെതിരെ ജ്വലിക്കുകയും അവിടുന്ന് അവരെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കിയാ ബാബിലോൺരാജാവിനെതിരെ മത്സരിച്ചു.
4സിദെക്കീയായുടെ ഭരണത്തിന്റെ ഒമ്പതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബുഖദ്നേസർ തന്റെ സർവസൈന്യവുമായി യെരൂശലേമിനു നേരെ വന്ന് അതിനെതിരെ പാളയമടിക്കുകയും ചുറ്റും മൺകൂന ഉയർത്തി ഉപരോധിക്കുകയും ചെയ്തു. 5സിദെക്കീയാരാജാവിന്റെ വാഴ്ചയുടെ പതിനൊന്നാം വർഷംവരെ നഗരത്തെ അവർ ഉപരോധിച്ചു. 6ആ വർഷം നാലാം മാസം ഒമ്പതാം ദിവസമായപ്പോൾ നഗരത്തിൽ ക്ഷാമം അതിരൂക്ഷമായി. ജനത്തിനു ഭക്ഷിക്കാൻ യാതൊന്നുമില്ലാതെയായി. 7ബാബിലോണ്യർ നഗരം വളഞ്ഞിരിക്കുമ്പോൾ തന്നെ സിദെക്കിയാ രാജാവും പടയാളികളും നഗരമതിലിൽ വിള്ളലുണ്ടാക്കി. രാത്രിയിൽ അവർ രാജാവിന്റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്‍ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവർ പലായനം ചെയ്തത്. 8എന്നാൽ ബാബിലോണ്യസൈന്യം സിദെക്കിയാരാജാവിനെ പിന്തുടർന്ന് യെരീഹോ സമഭൂമിയിൽവച്ച് അയാൾക്കൊപ്പമെത്തി. 9തത്സമയം സൈനികരെല്ലാം രാജാവിനെ വിട്ട് ഓടിപ്പോയി. ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ചു ഹമാത്തിലെ രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. അയാൾ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു. 10സിദെക്കീയായുടെ പുത്രന്മാരെ അയാൾ കാൺകെ വധിച്ചു; യെഹൂദായിലെ എല്ലാ പ്രഭുക്കന്മാരെയും അയാൾ രിബ്ലയിൽ വച്ചു കൊന്നുകളഞ്ഞു. 11അയാൾ സിദെക്കീയായുടെ കണ്ണു ചൂഴ്ന്നെടുത്തു. പിന്നീടയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി ജീവപര്യന്തം തടവിലാക്കി.
ദേവാലയത്തിന്റെ നാശം
12നെബുഖദ്നേസർ രാജാവിന്റെ വാഴ്ചയുടെ പത്തൊമ്പതാം വർഷം അഞ്ചാം മാസം പത്താം ദിവസം രാജാവിന്റെ അകമ്പടി സേനാനായകനായ നെബൂസർ-അദാൻ യെരൂശലേമിലെത്തി. 13അയാൾ സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ എല്ലാ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി. 14അകമ്പടിസേനാനായകനോടു കൂടെയുണ്ടായിരുന്ന ബാബിലോൺസൈന്യം യെരൂശലേമിന്റെ മതിലുകൾ ഇടിച്ചു നിരത്തി. 15ജനത്തിൽ ഏറ്റവും ദരിദ്രരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺ രാജാവിനെ അഭയം പ്രാപിച്ചവരെയും കരകൗശലപ്പണിക്കാരെയും 16അകമ്പടിസേനാനായകനായ നെബൂസർ-അദാൻ കൂട്ടിക്കൊണ്ടുപോയി. മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാൻ നെബൂസർ-അദാൻ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു.
17സർവേശ്വരന്റെ ആലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും ഓടുകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബിലോണ്യർ ഇടിച്ചുതകർത്തു; ഓട്ടുകഷണങ്ങൾ ബാബിലോണിലേക്കു കൊണ്ടുപോയി. 18കലങ്ങളും ചട്ടുകങ്ങളും തിരിതെളിക്കാനുള്ള കത്രികകളും താലങ്ങളും തവികളും ദേവാലയത്തിലെ ശുശ്രൂഷയ്‍ക്ക് ഉപയോഗിച്ചിരുന്ന സകല താമ്രഉപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി. 19പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുകാലുകളും ചട്ടുകങ്ങളും കലശങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകല ഉപകരണങ്ങളും അകമ്പടിസേനാനായകൻ കൊണ്ടുപോയവയിൽ ഉൾപ്പെട്ടിരുന്നു. 20സർവേശ്വരന്റെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് നിർമിച്ച രണ്ടുസ്തംഭങ്ങൾ, ജലസംഭരണി, അതിന്റെ കീഴിൽ ഉണ്ടായിരുന്ന പന്ത്രണ്ട് ഓട്ടുകാളകൾ, പീഠങ്ങൾ എന്നിവയുടെ താമ്രത്തിന്റെ തൂക്കം നിർണയിക്കാൻ കഴിയുമായിരുന്നില്ല. 21ഒരേ വലിപ്പമുള്ള രണ്ടു സ്തംഭങ്ങളിൽ ഒന്നിന്റെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ് പന്ത്രണ്ടു മുഴവും നാലുവിരൽ കനവും ആയിരുന്നു; അതു പൊള്ളയുമായിരുന്നു. 22അതിന്റെ മുകളിലുള്ള ഓട്ടുമകുടത്തിന്റെ ഉയരം അഞ്ചുമുഴം ആയിരുന്നു. ഓരോ മകുടത്തിന്റെയും ചുറ്റും ഓടുകൊണ്ടു നിർമിച്ചവലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭത്തിനും ഒരുപോലെ ആയിരുന്നു. 23നാലുവശത്തുമായി തൊണ്ണൂറ്റാറു മാതളപ്പഴം ഉണ്ടായിരുന്നു; വലയ്‍ക്കു ചുറ്റുമുള്ള മാതളപ്പഴരൂപങ്ങൾ ആകെ നൂറ് ആയിരുന്നു.
യെഹൂദ്യയിലെ ജനങ്ങൾ പ്രവാസത്തിലേക്ക്
(2 രാജാ. 25:18-21)
24മഹാപുരോഹിതനായ സെരായായെയും പുരോഹിതന്മാരിൽ രണ്ടാമനായ സെഫന്യായെയും വാതിൽകാവല്‌ക്കാരായ മൂന്നു പേരെയും അകമ്പടിസേനാനായകൻ പിടിച്ചുകൊണ്ടുപോയി. 25നഗരത്തിലെ ഒരു സൈന്യാധിപനെയും രാജാവിന്റെ ഉപദേശകസമിതിയിലെ ഏഴുപേരെയും ജനങ്ങളെ വിളിച്ചുകൂട്ടിയിരുന്ന സൈന്യാധിപന്റെ കാര്യസ്ഥനെയും നഗരത്തിൽനിന്നു വേറെ അറുപതു പേരെയും കൂടി അയാൾ കൊണ്ടുപോയി. 26നെബൂസർ - അദാൻ ഇവരെ രിബ്ലയിൽ ബാബിലോൺ രാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. 27ബാബിലോൺരാജാവ് ഹാമാത്തിലെ രിബ്ലയിൽ വച്ച് അവരെ വധിച്ചു; അങ്ങനെ യെഹൂദാനിവാസികൾ പ്രവാസികളായി പോകേണ്ടിവന്നു.
28നെബുഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം; നെബുഖദ്നേസറിന്റെ ഭരണത്തിന്റെ ഏഴാമത്തെ വർഷം മൂവായിരത്തിയിരുപത്തിമൂന്നു യെഹൂദന്മാരെയും 29പതിനെട്ടാം വർഷം യെരൂശലേമിൽനിന്ന് എണ്ണൂറ്റിമുപ്പത്തിരണ്ടുപേരെയും 30ഇരുപത്തിമൂന്നാമാണ്ടിൽ സൈന്യാധിപനായ നെബൂസർ-അദാൻ എഴുനൂറ്റി നാല്പത്തിയഞ്ചു പേരെയും ബന്ദികളാക്കി കൊണ്ടുപോയി. അവർ ആകെ നാലായിരത്തിയറുനൂറുപേർ ആയിരുന്നു.
31യെഹൂദാരാജാവായ യെഹോയാഖീൻ പ്രവാസിയായതിന്റെ മുപ്പത്തിയേഴാം വർഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസം എവിൽ-മെരൊദക് ബാബിലോൺരാജാവായി. 32അയാൾക്ക് യെഹൂദാരാജാവായ യെഹോയാഖീനോടു കരുണ തോന്നുകയും അയാളെ കാരാഗൃഹത്തിൽനിന്നു മോചിപ്പിക്കുകയും ചെയ്തു. രാജാവ് അയാളോടു ദയാപൂർവം പെരുമാറുകയും തന്റെ രാജ്യത്തു പ്രവാസികളായി പാർത്തിരുന്ന മറ്റു രാജാക്കന്മാരെക്കാൾ ഉയർന്ന സ്ഥാനം നല്‌കുകയും ചെയ്തു. 33അയാൾ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു ജീവപര്യന്തം രാജാവിന്റെ കൂടെ ഭക്ഷണം കഴിച്ചു. 34മരണംവരെ അയാളുടെ ദൈനംദിനാവശ്യത്തിനു വേണ്ടതെല്ലാം ബാബിലോൺരാജാവ് അയാൾക്കു നല്‌കിവന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JEREMIA 52: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക