യിരെമ്യാവ് 5:18-23
യിരെമ്യാവ് 5:18-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ നാളുകളിൽപോലും ഞാൻ അവരെ പൂർണമായി നശിപ്പിക്കുകയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മോട് എന്തുകൊണ്ടാണ് ഇപ്രകാരമെല്ലാം ചെയ്തത് എന്ന് അവർ ചോദിച്ചാൽ, അവരോടു പറയുക: “നിങ്ങളുടെ ദേശത്തു നിങ്ങൾ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സേവിക്കുകയും ചെയ്തതുകൊണ്ട് നിങ്ങളുടേതല്ലാത്ത ദേശത്ത് അപരിചിതരായ ആളുകളെ നിങ്ങൾ സേവിക്കും.” യാക്കോബിന്റെ ഗൃഹത്തിൽ ഇതു പ്രഖ്യാപിക്കുവിൻ, യെഹൂദായിൽ ഇതു ഘോഷിക്കുവിൻ. കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേൾക്കാതെയും മൂഢരും അവിവേകികളുമായിരിക്കുന്ന ജനമേ, ഇതു കേൾക്കുവിൻ. സർവേശ്വരൻ ചോദിക്കുന്നു: “നിങ്ങൾ എന്നെ ഭയപ്പെടുന്നില്ലേ? എന്റെ മുമ്പാകെ നിങ്ങൾ വിറയ്‍ക്കുന്നില്ലേ? ഞാൻ സമുദ്രത്തിനു മണൽകൊണ്ട് അതിരിട്ടു; മറികടക്കാൻ ആവാത്ത സ്ഥിരമായ അതിരുതന്നെ. തിരകൾ ആഞ്ഞടിച്ചാലും വിജയിക്കയില്ല; അവ ആർത്തിരമ്പിയാലും മറികടക്കയില്ല. ഈ ജനം ദുശ്ശാഠ്യവും ധിക്കാരവും നിറഞ്ഞ ഹൃദയമുള്ളവരാണ്; അവർ പുറംതിരിഞ്ഞു പൊയ്‍ക്കളഞ്ഞു.
യിരെമ്യാവ് 5:18-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അന്നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാട്. നമ്മുടെ ദൈവമായ യഹോവ ഇവയൊക്കെയും നമ്മോടു ചെയ്വാൻ സംഗതി എന്തെന്നു ചോദിക്കുമ്പോൾനീ അവരോട്: നിങ്ങൾ എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്ത് അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾക്കുള്ളതല്ലാത്ത ദേശത്ത് നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം. നിങ്ങൾ യാക്കോബ്ഗൃഹത്തിൽ പ്രസ്താവിച്ചു യെഹൂദായിൽ പ്രസിദ്ധമാക്കേണ്ടതെന്തെന്നാൽ: കണ്ണുണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾപ്പിൻ! നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറയ്ക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ കടലിനു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകൾ അലച്ചാലും സാധിക്കയില്ല; എത്ര തന്നെ ഇരച്ചാലും അതിർ കടക്കയില്ല. ഈ ജനത്തിനോ ശാഠ്യവും മത്സരവും ഉള്ളൊരു ഹൃദയം ഉണ്ട്; അവർ ശഠിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു.
യിരെമ്യാവ് 5:18-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ ആ നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളയുകയില്ല” എന്നു യഹോവയുടെ അരുളപ്പാടു. “നമ്മുടെ ദൈവമായ യഹോവ ഇപ്രകാരമെല്ലാം നമ്മളോടു ചെയ്യുവാൻ സംഗതി എന്ത്” എന്നു ചോദിക്കുമ്പോൾ നീ അവരോട്: “നിങ്ങളുടെ ജനങ്ങള്‍ എന്നെ ഉപേക്ഷിച്ച് നിങ്ങളുടെ ദേശത്ത് അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾക്ക് സ്വന്തമല്ലാത്ത ദേശത്ത് നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും” എന്നു ഉത്തരം പറയേണം. നിങ്ങൾ യാക്കോബ് ഗൃഹത്തിൽ പ്രസ്താവിച്ച് യെഹൂദായിൽ പ്രസിദ്ധമാക്കേണ്ടത്: “കണ്ണുണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതുകേൾക്കുവിൻ! നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല. ഈ ജനത്തിന് ശാഠ്യവും മത്സരവും ഉള്ള ഒരു ഹൃദയം ഉണ്ട്; അവർ ശാഠ്യത്തോടെ പോയിരിക്കുന്നു.
യിരെമ്യാവ് 5:18-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ അന്നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാടു. നമ്മുടെ ദൈവമായ യഹോവ ഇവയൊക്കെയും നമ്മോടു ചെയ്വാൻ സംഗതി എന്തെന്നു ചോദിക്കുമ്പോൾ നീ അവരോടു: നിങ്ങൾ എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്തു അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾക്കുള്ളതല്ലാത്ത ദേശത്തു നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം. നിങ്ങൾ യാക്കോബ് ഗൃഹത്തിൽ പ്രസ്താവിച്ചു യെഹൂദയിൽ പ്രസിദ്ധമാക്കേണ്ടതെന്തെന്നാൽ: കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾപ്പിൻ! നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല. ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവർ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു.
യിരെമ്യാവ് 5:18-23 സമകാലിക മലയാളവിവർത്തനം (MCV)
“എന്നാൽ ആ നാളിലും ഞാൻ നിന്നെ നിശ്ശേഷം നശിപ്പിക്കുകയില്ല,” എന്ന് യഹോവയുടെ അരുളപ്പാട്. “ ‘നമ്മുടെ ദൈവമായ യഹോവ ഈ കാര്യങ്ങളൊക്കെയും നമ്മോടു ചെയ്യുന്നത് എന്തുകൊണ്ട്,’ എന്ന് അവർ ചോദിക്കുമ്പോൾ, നീ അവരോട്, ‘നിങ്ങൾ നിങ്ങളുടെ ദേശത്ത് എന്നെ ഉപേക്ഷിച്ച് അന്യദേവതകളെ സേവിച്ചതുപോലെ, നിങ്ങൾ സ്വന്തമല്ലാത്ത ദേശത്ത് വിദേശികളെ സേവിക്കേണ്ടിവരും’ എന്ന് ഉത്തരം പറയണം. “യാക്കോബുഗൃഹത്തിൽ ഇതു പ്രസ്താവിക്കുക യെഹൂദ്യയിൽ ഇതു പ്രസിദ്ധമാക്കുക: ഭോഷരും വിവേകശൂന്യരും കണ്ണുണ്ടെങ്കിലും കാണാത്തവരും ചെവിയുണ്ടെങ്കിലും കേൾക്കാത്തവരുമായ ജനങ്ങളേ, ഇതു കേൾക്കുക: നിങ്ങൾ എന്നെ ഭയപ്പെടേണ്ടതല്ലേ?” എന്ന് യഹോവ ചോദിക്കുന്നു. “എന്റെ സന്നിധിയിൽ നിങ്ങൾ വിറയ്ക്കേണ്ടതല്ലേ? ഞാൻ ശാശ്വതമായൊരു ആജ്ഞയാൽ മണൽത്തിട്ടയെ സമുദ്രത്തിന് മറിച്ചുകടക്കാൻ കഴിയാത്ത ഒരു അതിർത്തിയായി സ്ഥാപിച്ചിരിക്കുന്നു. അതിലെ തിരമാലകൾ ഇളകിമറിഞ്ഞാലും ഒന്നും സംഭവിക്കുകയില്ല. അവ അലറിയാലും അതിനെ മറികടക്കുകയില്ല. എന്നാൽ ഈ ജനത്തിന് ധിക്കാരവും മത്സരവുമുള്ള ഒരു ഹൃദയമാണുള്ളത്; അവർ എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു.