യിരെമ്യാവ് 38:14-28
യിരെമ്യാവ് 38:14-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെശേഷം സിദെക്കീയാരാജാവ് ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവോട്: ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത് എന്നു കല്പിച്ചു. അതിനു യിരെമ്യാവ് സിദെക്കീയാവോട്: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു. സിദെക്കീയാരാജാവ്: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കൈയിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യം ചെയ്തു. എന്നാറെ യിരെമ്യാവ് സിദെക്കീയാവോട്: യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും. നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു. സിദെക്കീയാരാജാവ് യിരെമ്യാവോട്: കല്ദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കയും അവർ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു എന്നു പറഞ്ഞു. അതിനു യിരെമ്യാവ് പറഞ്ഞത്: അവർ നിന്നെ ഏല്പിക്കയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും. പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിത്: യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകല സ്ത്രീകളും പുറത്തു ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു എന്ന് അവർ പറയും. നിന്റെ സകല ഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കൈയിൽ അകപ്പെടും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളയുന്നതിനു നീ ഹേതുവാകും. സിദെക്കീയാവ് യിരെമ്യാവോടു പറഞ്ഞത്: ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കയില്ല. ഞാൻ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്റെ അടുക്കൽ വന്നു: നീ രാജാവിനോട് എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവ് നിന്നോട് എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ, നീ അവരോട്: യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നുവെന്നു പറയേണം. സകല പ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്ന് അവനോടു ചോദിച്ചാറെ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെയൊക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി. യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാർത്തു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.
യിരെമ്യാവ് 38:14-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാ പ്രവാചകനെ ദേവാലയത്തിന്റെ മൂന്നാം കവാടത്തിലേക്കു വരുത്തി; രാജാവ് യിരെമ്യായോട് പറഞ്ഞു: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ, ഒന്നും എന്നിൽനിന്നു മറച്ചു വയ്‍ക്കരുത്.” യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഞാൻ സത്യം പറഞ്ഞാൽ അങ്ങ് എന്നെ നിശ്ചയമായും വധിക്കുകയില്ലേ? എന്റെ ഉപദേശം അങ്ങ് സ്വീകരിക്കുകയില്ലല്ലോ.” സിദെക്കീയാ യിരെമ്യായോടു രഹസ്യമായി സത്യം ചെയ്തു പറഞ്ഞു: “നമുക്കു ജീവൻ നല്‌കിയ സർവേശ്വരന്റെ നാമത്തിൽ ശപഥം ചെയ്തു പറയുന്നു; ഞാൻ നിന്നെ വധിക്കുകയോ നിന്നെ കൊല്ലാൻ ശ്രമിക്കുന്നവരുടെ കൈയിൽ ഏല്പിച്ചു കൊടുക്കുകയോ ഇല്ല.” അപ്പോൾ യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ബാബിലോൺ രാജാവിന്റെ പ്രഭുക്കന്മാർക്കു കീഴടങ്ങിയാൽ അങ്ങയുടെ ജീവൻ രക്ഷപെടും; ഈ നഗരം അഗ്നിക്ക് ഇരയാവുകയില്ല; അങ്ങയും അങ്ങയുടെ ഭവനവും ജീവിച്ചിരിക്കും. ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്ക് അങ്ങ് കീഴടങ്ങുന്നില്ലെങ്കിൽ നഗരം ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെടുകയും അവർ അതിനെ അഗ്നിക്ക് ഇരയാക്കുകയും ചെയ്യും; അവരുടെ കൈയിൽനിന്ന് അങ്ങു രക്ഷപെടുകയുമില്ല.” സിദെക്കീയാരാജാവ് യിരെമ്യായോടു പറഞ്ഞു: “ബാബിലോണ്യരുടെ പക്ഷം ചേർന്ന യെഹൂദന്മാരെ എനിക്കു ഭയമാണ്; എന്നെ അവരുടെ കൈയിൽ ഏല്പിക്കുകയും അവർ എന്നെ ഉപദ്രവിക്കുകയും ചെയ്തേക്കാം.” യിരെമ്യാ പറഞ്ഞു: “അങ്ങയെ അവരുടെ കൈയിൽ ഏല്പിക്കയില്ല; സർവേശ്വരന്റെ വാക്കു കേൾക്കുക; എന്നാൽ അങ്ങേക്കു ശുഭമായിരിക്കും. അങ്ങു രക്ഷപെടുകയും ചെയ്യും. അവിടുന്ന് എനിക്ക് ഈ ദർശനം കാണിച്ചു തന്നിരിക്കുന്നു. അങ്ങു കീഴടങ്ങുന്നില്ലെങ്കിൽ, യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ അവശേഷിച്ച സ്‍ത്രീകളെയെല്ലാം ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു കൊണ്ടുപോകും; അപ്പോൾ അവർ ഇങ്ങനെ പറയും. “അങ്ങയുടെ ആപ്തമിത്രങ്ങൾ അങ്ങയെ വഞ്ചിച്ചു; അവർ അങ്ങയെ തോല്പിച്ചു; അങ്ങയുടെ കാൽ ചെളിയിൽ താണപ്പോൾ, അവർ അങ്ങയെ വിട്ടുപോയി. അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബിലോണ്യരുടെ അടുക്കലേക്കു കൊണ്ടുപോകും; അങ്ങയും അവരുടെ കൈകളിൽനിന്നു രക്ഷപെടുകയില്ല; ബാബിലോൺരാജാവ് അങ്ങയെ പിടിക്കും; ഈ നഗരം അഗ്നിക്ക് ഇരയാക്കുകയും ചെയ്യും.” അപ്പോൾ സിദെക്കീയാ യിരെമ്യായോടു പറഞ്ഞു: “മറ്റാരും ഇക്കാര്യം അറിയരുത്; എന്നാൽ നീ മരിക്കുകയില്ല. ഞാൻ നിന്നോടു സംസാരിച്ച വിവരം പ്രഭുക്കന്മാർ അറിഞ്ഞ്, രാജാവ് നിന്നോട് എന്തു പറഞ്ഞു? നീ എന്താണു രാജാവിനോടു പറഞ്ഞത്? നീ ഒന്നും മറച്ചുവയ്‍ക്കരുത്; എന്നാൽ ഞങ്ങൾ നിന്നെ വധിക്കുകയില്ല എന്നു പറഞ്ഞാൽ, ‘ഞാൻ മരിച്ചുപോകാതെയിരിക്കേണ്ടതിനു, യോനാഥാന്റെ ഗൃഹത്തിലേക്ക് എന്നെ അയക്കരുതേ എന്നു രാജാവിനോടു ഞാൻ അപേക്ഷിക്കുകയായിരുന്നു’ എന്നു നീ അവരോടു പറയണം.” പ്രഭുക്കന്മാർ യിരെമ്യായെ ചോദ്യം ചെയ്തു; രാജാവ് കല്പിച്ചിരുന്നതുപോലെ യിരെമ്യാ അവരോടു പറഞ്ഞു; അപ്പോൾ അവർ അദ്ദേഹത്തെ വിട്ടുപോയി. കാരണം രാജാവും യിരെമ്യായും സംസാരിച്ചതു മറ്റാരും കേട്ടിരുന്നില്ല. ബാബിലോൺരാജാവ് യെരൂശലേം പിടിച്ചടക്കുന്നതുവരെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽതന്നെ പാർത്തു.
യിരെമ്യാവ് 38:14-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന്‍റെശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി. രാജാവ് യിരെമ്യാവിനോട്: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത്” എന്നു കല്പിച്ചു. അതിന് യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ അത് ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരാലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കുകയില്ലല്ലോ” എന്നു പറഞ്ഞു. സിദെക്കീയാരാജാവ്: “ഈ പ്രാണൻ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കുകയുമില്ല” എന്നു യിരെമ്യാവിനോട് രഹസ്യമായി സത്യംചെയ്തു. അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും. നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ല എങ്കിൽ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീവച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്ന് രക്ഷപെടുകയുമില്ല” എന്നു പറഞ്ഞു. സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “കൽദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്നു പറഞ്ഞു. അതിന് യിരെമ്യാവ് പറഞ്ഞത്: “അവർ നിന്നെ ഏല്പിക്കുകയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു ശുഭമായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും. പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടു ഇതാണ്: യെഹൂദാരാജാവിന്‍റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്ത് ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ച് തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു” എന്നു അവർ പറയും. നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്ത് കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് രക്ഷപെടാതെ ബാബേൽരാജാവിന്‍റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിനു നീ കാരണക്കാരനാകും.” സിദെക്കീയാവ് യിരെമ്യാവിനോട് പറഞ്ഞത്: “ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കുകയില്ല. ഞാൻ നിന്നോട് സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്‍റെ അടുക്കൽവന്ന്: ‘നീ രാജാവിനോട് എന്ത് സംസാരിച്ചു? ഞങ്ങളോടു പറയുക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോട് എന്ത് സംസാരിച്ചു’ എന്നിങ്ങനെ ചോദിച്ചാൽ, നീ അവരോട്: ‘യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കുകയായിരുന്നു’ എന്നു പറയേണം.” സകലപ്രഭുക്കന്മാരും യിരെമ്യാവിന്‍റെ അടുക്കൽവന്ന് അവനോട് ചോദിച്ചപ്പോൾ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; രാജാവുമായുള്ള സംഭാഷണം ആരും കേട്ടിരുന്നില്ല; അതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി. യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവൽപ്പുരമുറ്റത്തു താമസിച്ചു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.
യിരെമ്യാവ് 38:14-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവു യിരെമ്യാവോടു: ഞാൻ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു. അതിന്നു യിരെമ്യാവു സിദെക്കീയാവോടു: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു. സിദെക്കീയാരാജാവു: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു. എന്നാറെ യിരെമ്യാവു സിദെക്കീയാവോടു: യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും. നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു. സിദെക്കീയാരാജാവു യിരെമ്യാവോടു: കല്ദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കയും അവർ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു എന്നു പറഞ്ഞു. അതിന്നു യിരെമ്യാവു പറഞ്ഞതു: അവർ നിന്നെ ഏല്പിക്കയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും. പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു: യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്തു ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു എന്നു അവർ പറയും. നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിന്നു നീ ഹേതുവാകും. സിദെക്കീയാവു യിരെമ്യാവോടു പറഞ്ഞതു: ഈ കാര്യം ആരും അറിയരുതു: എന്നാൽ നീ മരിക്കയില്ല. ഞാൻ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്റെ അടുക്കൽ വന്നു: നീ രാജാവിനോടു എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറെച്ചുവെക്കരുതു; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോടു എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ, നീ അവരോടു: യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നു എന്നു പറയേണം. സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്നു അവനോടു ചോദിച്ചാറെ അവൻ, രാജാവു കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ടു അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി. യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.
യിരെമ്യാവ് 38:14-28 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനദ്വാരത്തിൽ തന്റെ അടുക്കൽ വരുത്തി. “ഞാൻ ഒരു കാര്യം താങ്കളോടു ചോദിക്കുകയാണ്. എന്നിൽനിന്ന് ഒന്നും മറച്ചുവെക്കരുത്,” എന്നു രാജാവ് യിരെമ്യാവിനോട് കൽപ്പിച്ചു. അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ പറഞ്ഞാൽ അങ്ങ് എന്നെ കൊല്ലുകയില്ലേ? ഞാൻ അങ്ങയെ ഉപദേശിച്ചാൽ അങ്ങ് അതു കേൾക്കുകയുമില്ല” എന്നു പറഞ്ഞു. എന്നാൽ സിദെക്കീയാരാജാവ് രഹസ്യത്തിൽ യിരെമ്യാവിനോട് ഇപ്രകാരം ശപഥംചെയ്തുപറഞ്ഞു: “ഈ ജീവൻ നമുക്കു തന്ന ജീവിക്കുന്ന യഹോവയാണെ, ഞാൻ തീർച്ചയായും താങ്കളെ കൊല്ലുകയോ താങ്കൾക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്ന ആളുകളുടെ കൈയിൽ താങ്കളെ ഏൽപ്പിക്കുകയോ ഇല്ല.” അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അങ്ങ് കീഴടങ്ങി ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു ചെല്ലുന്നെങ്കിൽ അങ്ങ് ജീവിച്ചിരിക്കും; ഈ നഗരം അഗ്നിക്കിരയായി നശിപ്പിക്കപ്പെടുകയുമില്ല; അങ്ങും അങ്ങയുടെ കുടുംബവും ജീവനോടെ ശേഷിക്കുകയും ചെയ്യും. എന്നാൽ അങ്ങ് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ലെങ്കിൽ ഈ നഗരം ബാബേല്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും. അവർ ഇതു തീവെച്ചു ചുട്ടുകളയും; അങ്ങുതന്നെയും അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’ ” അപ്പോൾ സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “ബാബേല്യരുടെ പക്ഷംചേർന്നിരിക്കുന്ന യെഹൂദ്യരെ ഞാൻ ഭയപ്പെടുന്നു, കാരണം ബാബേല്യർ എന്നെ അവരുടെപക്കൽ ഏൽപ്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യും” എന്നു പറഞ്ഞു. യിരെമ്യാവു മറുപടി പറഞ്ഞത്: “അവർ അങ്ങയെ അവരുടെ കൈയിൽ ഏൽപ്പിക്കുകയില്ല. അങ്ങേക്കു നന്മയുണ്ടാകാനും അങ്ങു ജീവിച്ചിരിക്കുന്നതിനും ഞാൻ അങ്ങയോടു പറയുന്ന കാര്യത്തിൽ യഹോവയെ അനുസരിച്ചാലും. എന്നാൽ അങ്ങു കീഴടങ്ങാൻ വിസമ്മതിക്കുന്നെങ്കിലോ, യഹോവ ഇപ്രകാരമാണ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നത്: ഇതാ, യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ ശേഷിച്ചിട്ടുള്ള സകലസ്ത്രീകളും ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെമുമ്പിലേക്ക് ആനയിക്കപ്പെടും. ആ സ്ത്രീകൾ അങ്ങയോട് ഇപ്രകാരം പറയും: “ ‘അങ്ങയുടെ വിശ്വസ്ത സ്നേഹിതന്മാർ അങ്ങയെ തെറ്റിദ്ധരിപ്പിച്ച് വശത്താക്കി. അങ്ങയുടെ കാൽ ചെളിയിൽ താണുപോയപ്പോൾ അവർ അങ്ങയെ ഉപേക്ഷിച്ചുകളഞ്ഞു.’ “അവർ അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബേല്യരുടെ അടുക്കലേക്കു കൊണ്ടുപോകും. അങ്ങുതന്നെയും അവരുടെ കൈയിൽനിന്ന് രക്ഷപ്പെടാതെ ബാബേൽരാജാവിന്റെ കൈയിൽ അകപ്പെടും. ഈ പട്ടണം ചുട്ടെരിക്കപ്പെടുകയും ചെയ്യും.” അപ്പോൾ സിദെക്കീയാവ് യിരെമ്യാവിനോടു പറഞ്ഞു: “ഈ സംഭാഷണം ഒരാളും അറിയരുത്. അറിഞ്ഞാൽ താങ്കൾ മരിച്ചിരിക്കും. എന്നാൽ ഞാൻ താങ്കളോടു സംസാരിച്ചെന്നും താങ്കളുടെ അടുക്കൽ വന്നെന്നും പ്രഭുക്കന്മാർ അറിഞ്ഞിട്ട്, അവർ താങ്കളുടെ അടുക്കൽവന്ന്, ‘താങ്കൾ രാജാവിനോട് എന്താണു സംസാരിച്ചത്? രാജാവ് താങ്കളോട് എന്തു പറഞ്ഞു? ഞങ്ങൾക്ക് അതു മറയ്ക്കരുത്; അല്ലായെങ്കിൽ ഞങ്ങൾ താങ്കളെ വധിക്കും’ എന്നു പറയുന്നെങ്കിൽ താങ്കൾ അവരോട്: ‘യോനാഥാന്റെ ഭവനത്തിൽവെച്ചു മരിക്കേണ്ടതിന് അവിടേക്കു മടങ്ങാൻ എന്നെ അനുവദിക്കരുത് എന്നിങ്ങനെ ഞാൻ രാജാവിന്റെ തിരുമുമ്പിൽ എന്റെ അപേക്ഷ സമർപ്പിക്കുകയായിരുന്നു’ എന്നു പറഞ്ഞുകൊള്ളണം.” അതിനുശേഷം പ്രഭുക്കന്മാരെല്ലാവരും യിരെമ്യാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ ചോദ്യംചെയ്തു. അതിനാൽ രാജാവു കൽപ്പിച്ച ഈ വാക്കുകളെല്ലാം അദ്ദേഹം അവരോടു പറഞ്ഞു. അങ്ങനെ അവർ അദ്ദേഹത്തോടു സംസാരിക്കുന്നതു മതിയാക്കി. രാജാവുമായി നടത്തിയ സംഭാഷണം ആരും കേട്ടിരുന്നതുമില്ല. അങ്ങനെ ജെറുശലേം പിടിക്കപ്പെടുന്നതുവരെയും യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.