JEREMIA 38

38
യിരെമ്യാ പൊട്ടക്കിണറ്റിൽ
1-3യിരെമ്യാ ഇപ്രകാരം സർവജനത്തോടും പറയുന്നതു മത്ഥാന്റെ പുത്രൻ ശെഫത്യായും പശ്ഹൂരിന്റെ പുത്രൻ ഗെദല്യായും ശെലെമ്യായുടെ പുത്രൻ യൂഖലും മല്‌ക്കീയായുടെ പുത്രൻ പശ്ഹൂരും കേട്ടു. “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവർ യുദ്ധവും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും; എന്നാൽ ബാബിലോണ്യരുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ ജീവിക്കും; അവർക്കു സ്വന്തജീവനെങ്കിലും രക്ഷിക്കാൻ കഴിയും.” അവിടുന്ന് അരുളിച്ചെയ്യുന്നു: “ഈ നഗരം ബാബിലോൺ രാജാവിന്റെ സൈന്യത്തിന്റെ അധീനതയിൽ തീർച്ചയായും ഏല്പിക്കപ്പെടും; അവർ അതു പിടിച്ചെടുക്കും.” 4അപ്പോൾ പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യനെ വധിക്കണം; ഇയാൾ ഇങ്ങനെ സംസാരിച്ചു നഗരത്തിൽ ശേഷിച്ചിരിക്കുന്ന സൈന്യങ്ങളുടെയും ജനത്തിന്റെയും കരങ്ങൾ ദുർബലമാക്കുന്നു. 5ഇയാൾ ജനങ്ങളുടെ ക്ഷേമമല്ല നാശമാണ് ആഗ്രഹിക്കുന്നത്.” “ഇയാൾ നിങ്ങളുടെ കൈയിലാണ്, നിങ്ങൾക്കെതിരെ എനിക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ലല്ലോ” എന്നു സിദെക്കീയാരാജാവു പറഞ്ഞു. 6അവർ യിരെമ്യായെ പിടിച്ച്, രാജാവിന്റെ പുത്രനായ മല്‌ക്കീയായുടെ കിണറ്റിലിട്ടു; കാവല്‌ക്കാരുടെ അങ്കണത്തിലുള്ള ആ കിണറ്റിൽ അദ്ദേഹത്തെ കെട്ടിയിറക്കുകയാണുണ്ടായത്; കിണറ്റിൽ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല. യിരെമ്യാ ചെളിയിൽ താണു.
7യിരെമ്യായെ കിണറ്റിലിട്ട വിവരം കൊട്ടാരത്തിലെ ഷണ്ഡനായ എത്യോപ്യക്കാരൻ ഏബദ്-മേലെക് കേട്ടു; രാജാവ് അപ്പോൾ ബെന്യാമീൻ കവാടത്തിൽ ഇരിക്കുകയായിരുന്നു. 8ഏബെദ്-മേലെക് കൊട്ടാരത്തിൽനിന്നു രാജസന്നിധിയിൽ ചെന്നു പറഞ്ഞു. 9“എന്റെ യജമാനനായ രാജാവേ, അവർ യിരെമ്യാപ്രവാചകനോടു കാണിച്ചത് അന്യായമായിപ്പോയി. അവർ അദ്ദേഹത്തെ പിടിച്ചു കിണറ്റിലിട്ടു. നഗരത്തിൽ അപ്പം ശേഷിച്ചിട്ടില്ലാത്തതുകൊണ്ട് അയാൾ പട്ടിണി കിടന്നു മരിക്കയേ ഉള്ളൂ.” 10ഇവിടെനിന്നു മൂന്നു പേരെ കൂട്ടിക്കൊണ്ടുപോയി, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ്, കിണറ്റിൽനിന്നു രക്ഷപെടുത്താൻ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു. 11അതനുസരിച്ച് അയാൾ ആളുകളെ കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തിൽ വസ്ത്രം സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു പഴന്തുണികളെടുത്തു കയറിൽ കെട്ടി യിരെമ്യാക്കു കിണറ്റിലേക്ക് ഇറക്കിക്കൊടുത്തു. 12എത്യോപ്യനായ ഏബെദ്-മേലെക് യിരെമ്യായോടു, കീറിയ പഴന്തുണികൾ കക്ഷത്തിൽവച്ച് അതിന്മേൽ കയറിടാൻ പറഞ്ഞു; അദ്ദേഹം അങ്ങനെ ചെയ്തു. 13അവർ യിരെമ്യായെ കിണറ്റിൽനിന്നു വലിച്ചു കയറ്റി പുറത്തെടുത്തു; പിന്നീട് യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽ തന്നെ പാർത്തു.
യിരെമ്യായുടെ ഉപദേശം വീണ്ടും ആരായുന്നു
14സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാ പ്രവാചകനെ ദേവാലയത്തിന്റെ മൂന്നാം കവാടത്തിലേക്കു വരുത്തി; രാജാവ് യിരെമ്യായോട് പറഞ്ഞു: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ, ഒന്നും എന്നിൽനിന്നു മറച്ചു വയ്‍ക്കരുത്.” 15യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഞാൻ സത്യം പറഞ്ഞാൽ അങ്ങ് എന്നെ നിശ്ചയമായും വധിക്കുകയില്ലേ? എന്റെ ഉപദേശം അങ്ങ് സ്വീകരിക്കുകയില്ലല്ലോ.” 16സിദെക്കീയാ യിരെമ്യായോടു രഹസ്യമായി സത്യം ചെയ്തു പറഞ്ഞു: “നമുക്കു ജീവൻ നല്‌കിയ സർവേശ്വരന്റെ നാമത്തിൽ ശപഥം ചെയ്തു പറയുന്നു; ഞാൻ നിന്നെ വധിക്കുകയോ നിന്നെ കൊല്ലാൻ ശ്രമിക്കുന്നവരുടെ കൈയിൽ ഏല്പിച്ചു കൊടുക്കുകയോ ഇല്ല.”
17അപ്പോൾ യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ബാബിലോൺ രാജാവിന്റെ പ്രഭുക്കന്മാർക്കു കീഴടങ്ങിയാൽ അങ്ങയുടെ ജീവൻ രക്ഷപെടും; ഈ നഗരം അഗ്നിക്ക് ഇരയാവുകയില്ല; അങ്ങയും അങ്ങയുടെ ഭവനവും ജീവിച്ചിരിക്കും. 18ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്ക് അങ്ങ് കീഴടങ്ങുന്നില്ലെങ്കിൽ നഗരം ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെടുകയും അവർ അതിനെ അഗ്നിക്ക് ഇരയാക്കുകയും ചെയ്യും; അവരുടെ കൈയിൽനിന്ന് അങ്ങു രക്ഷപെടുകയുമില്ല.” 19സിദെക്കീയാരാജാവ് യിരെമ്യായോടു പറഞ്ഞു: “ബാബിലോണ്യരുടെ പക്ഷം ചേർന്ന യെഹൂദന്മാരെ എനിക്കു ഭയമാണ്; എന്നെ അവരുടെ കൈയിൽ ഏല്പിക്കുകയും അവർ എന്നെ ഉപദ്രവിക്കുകയും ചെയ്തേക്കാം.” 20യിരെമ്യാ പറഞ്ഞു: “അങ്ങയെ അവരുടെ കൈയിൽ ഏല്പിക്കയില്ല; സർവേശ്വരന്റെ വാക്കു കേൾക്കുക; എന്നാൽ അങ്ങേക്കു ശുഭമായിരിക്കും. അങ്ങു രക്ഷപെടുകയും ചെയ്യും. 21അവിടുന്ന് എനിക്ക് ഈ ദർശനം കാണിച്ചു തന്നിരിക്കുന്നു. അങ്ങു കീഴടങ്ങുന്നില്ലെങ്കിൽ, 22യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ അവശേഷിച്ച സ്‍ത്രീകളെയെല്ലാം ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു കൊണ്ടുപോകും; അപ്പോൾ അവർ ഇങ്ങനെ പറയും. “അങ്ങയുടെ ആപ്തമിത്രങ്ങൾ അങ്ങയെ വഞ്ചിച്ചു; അവർ അങ്ങയെ തോല്പിച്ചു; അങ്ങയുടെ കാൽ ചെളിയിൽ താണപ്പോൾ, അവർ അങ്ങയെ വിട്ടുപോയി. 23അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബിലോണ്യരുടെ അടുക്കലേക്കു കൊണ്ടുപോകും; അങ്ങയും അവരുടെ കൈകളിൽനിന്നു രക്ഷപെടുകയില്ല; ബാബിലോൺരാജാവ് അങ്ങയെ പിടിക്കും; ഈ നഗരം അഗ്നിക്ക് ഇരയാക്കുകയും ചെയ്യും.”
24അപ്പോൾ സിദെക്കീയാ യിരെമ്യായോടു പറഞ്ഞു: “മറ്റാരും ഇക്കാര്യം അറിയരുത്; എന്നാൽ നീ മരിക്കുകയില്ല. 25ഞാൻ നിന്നോടു സംസാരിച്ച വിവരം പ്രഭുക്കന്മാർ അറിഞ്ഞ്, രാജാവ് നിന്നോട് എന്തു പറഞ്ഞു? നീ എന്താണു രാജാവിനോടു പറഞ്ഞത്? നീ ഒന്നും മറച്ചുവയ്‍ക്കരുത്; 26എന്നാൽ ഞങ്ങൾ നിന്നെ വധിക്കുകയില്ല എന്നു പറഞ്ഞാൽ, ‘ഞാൻ മരിച്ചുപോകാതെയിരിക്കേണ്ടതിനു, യോനാഥാന്റെ ഗൃഹത്തിലേക്ക് എന്നെ അയക്കരുതേ എന്നു രാജാവിനോടു ഞാൻ അപേക്ഷിക്കുകയായിരുന്നു’ എന്നു നീ അവരോടു പറയണം.” 27പ്രഭുക്കന്മാർ യിരെമ്യായെ ചോദ്യം ചെയ്തു; രാജാവ് കല്പിച്ചിരുന്നതുപോലെ യിരെമ്യാ അവരോടു പറഞ്ഞു; അപ്പോൾ അവർ അദ്ദേഹത്തെ വിട്ടുപോയി. 28കാരണം രാജാവും യിരെമ്യായും സംസാരിച്ചതു മറ്റാരും കേട്ടിരുന്നില്ല. ബാബിലോൺരാജാവ് യെരൂശലേം പിടിച്ചടക്കുന്നതുവരെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽതന്നെ പാർത്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JEREMIA 38: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക