യിരെമ്യാവ് 23:16-22
യിരെമ്യാവ് 23:16-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത്. എന്നെ നിരസിക്കുന്നവരോട് അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. യഹോവയുടെ വചനം ദർശിച്ചു കേൾപ്പാൻ തക്കവണ്ണം അവന്റെ ആലോചന സഭയിൽ നിന്നവൻ ആർ? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവൻ ആർ? യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, വലിയ ചുഴലിക്കാറ്റു തന്നെ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും. തന്റെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂർണമായി ഗ്രഹിക്കും. ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോട് അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു. അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.
യിരെമ്യാവ് 23:16-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വ്യർഥമായ പ്രതീക്ഷകൾ തന്നു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരുടെ വാക്കുകൾ ശ്രദ്ധിക്കരുത്; അവ സർവേശ്വരനിൽനിന്നുള്ളതല്ല പ്രത്യുത സ്വന്തം മനസ്സിന്റെ ദർശനങ്ങളാണ്. സർവേശ്വരന്റെ വചനം നിരസിക്കുന്നവരോടു “നിങ്ങൾക്ക് എല്ലാം ശുഭമായിരിക്കും എന്നവൻ നിരന്തരം പറയുന്നു; ദുശ്ശാഠ്യത്തിൽ നടക്കുന്നവരോട് നിങ്ങൾക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. സർവേശ്വരന്റെ വചനംകേട്ടു ഗ്രഹിക്കുവാൻ അവരിൽ ആര് അവിടുത്തെ ആലോചനാസഭയിൽ നിന്നിട്ടുണ്ട്? ആര് അവിടുത്തെ വചനം ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്? ഇതാ സർവേശ്വരന്റെ കൊടുങ്കാറ്റ്; അവിടുത്തെ ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ ശിരസ്സിൽ ആഞ്ഞടിക്കും. തന്റെ ലക്ഷ്യങ്ങൾ പൂർണമായി നിറവേറ്റുന്നതുവരെ സർവേശ്വരന്റെ കോപം ശമിക്കുകയില്ല; ഭാവിയിൽ നിങ്ങൾ അതു പൂർണമായി മനസ്സിലാക്കും. ഈ പ്രവാചകന്മാരെ ഞാൻ അയച്ചതല്ല; എങ്കിലും അവർ ഓടി നടന്നു; ഞാൻ അവരോടു സംസാരിച്ചില്ല; എന്നിട്ടും അവർ പ്രവചിച്ചു. എന്റെ ആലോചനാസഭയിൽ അവർ നിന്നിരുന്നെങ്കിൽ എന്റെ വാക്കുകൾ എന്റെ ജനത്തോടു പറഞ്ഞ് അവരെ ദുർമാർഗത്തിൽനിന്നും തിന്മയിൽനിന്നും പിന്തിരിക്കുമായിരുന്നു.
യിരെമ്യാവ് 23:16-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ അധരത്തിൽ നിന്നുള്ളതല്ല, സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത്. എന്നെ നിരസിക്കുന്നവരോട് അവർ: “നിങ്ങൾക്ക് സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു” എന്നു പറയുന്നു; സ്വന്തം ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടെല്ലാം: “നിങ്ങൾക്കൊരു ദോഷവും വരുകയില്ല” എന്നും പറയുന്നു. യഹോവയുടെ വചനം ദർശിച്ചുകേൾക്കുവാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവനാര്? അവിടുത്തെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവനാര്? യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, വലിയ ചുഴലിക്കാറ്റ് തന്നെ, പുറപ്പെട്ടിരിക്കുന്നു; അത് ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും. തന്റെ ഹൃദയത്തിലെ വിചാരങ്ങൾ നിറവേറ്റുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അത് പൂർണ്ണമായി ഗ്രഹിക്കും. ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു. അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്‍റെ ജനത്തെ എന്‍റെ വചനങ്ങൾ അറിയിച്ച്, അവരെ അവരുടെ ദുഷ്ടവഴിയിൽനിന്നും, അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും പിൻതിരിപ്പിക്കുമായിരുന്നു.
യിരെമ്യാവ് 23:16-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു. എന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. യഹോവയുടെ വചനം ദർശിച്ചുകേൾപ്പാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവൻ ആർ? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവൻ ആർ? യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും. തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂർണ്ണമായി ഗ്രഹിക്കും. ഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു. അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.
യിരെമ്യാവ് 23:16-22 സമകാലിക മലയാളവിവർത്തനം (MCV)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കരുത്; അവർ നിങ്ങളെ വ്യാജവാഗ്ദാനങ്ങളാൽ നയിക്കുന്നു. അവർ സംസാരിക്കുന്നതു യഹോവയുടെ വായിൽനിന്നുള്ളതല്ല, സ്വന്തം ഹൃദയങ്ങളിലെ സങ്കൽപ്പങ്ങളാണ് അവരുടെ ദർശനങ്ങൾ. എന്നെ നിന്ദിക്കുന്നവരോട്, അവർ, ‘നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു,’ എന്നു പറയുന്നു. സ്വന്തം ഹൃദയത്തിന്റെ പിടിവാശിക്കനുസരിച്ചു നടക്കുന്ന എല്ലാവരോടും അവർ, ‘നിങ്ങൾക്ക് ഒരു അനർഥവും സംഭവിക്കുകയില്ല,’ എന്നും പ്രസ്താവിക്കുന്നു. എന്നാൽ യഹോവയുടെ വചനം ദർശിക്കുകയും കേൾക്കുകയും തക്കവണ്ണം അവരിൽ ആരാണ് അവിടത്തെ ആലോചനാസഭയിൽ നിന്നിട്ടുള്ളത്? അവിടത്തെ വചനത്തിനു ചെവിചായ്‌ക്കുകയും ശ്രദ്ധിക്കുകയും ചെയ്തതും ആര്? ഇതാ, യഹോവയുടെ ചുഴലിക്കാറ്റ് വലിയ ക്രോധത്തോടുതന്നെ പൊട്ടിപ്പുറപ്പെടും, ഒരു കൊടുങ്കാറ്റ് ചുഴറ്റിയടിക്കുന്നു, ദുഷ്ടരുടെ ശിരസ്സുകളിന്മേൽത്തന്നെ പതിക്കും. യഹോവ തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം നിറവേറ്റുന്നതുവരെയും അവിടത്തെ ക്രോധം പിന്മാറുകയില്ല. ഭാവികാലത്ത് നിങ്ങൾ അതു പൂർണമായും ഗ്രഹിക്കും. ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ അവരുടെ സന്ദേശവുമായി ഓടി; ഞാൻ അവരോടു സംസാരിച്ചിട്ടില്ല, എന്നിട്ടും അവർ പ്രവചിച്ചു. എന്നാൽ അവർ എന്റെ ആലോചനാസഭയിൽ നിന്നിരുന്നെങ്കിൽ, അവർ എന്റെ ജനത്തിന് എന്റെ വചനങ്ങൾ അറിയിക്കുകയും അവരുടെ ദുഷ്ടവഴികളിൽനിന്നും ദുഷ്ടതനിറഞ്ഞ പ്രവർത്തനങ്ങളിൽനിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്യുമായിരുന്നു.