യിരെമ്യാവു 23:16-22

യിരെമ്യാവു 23:16-22 വേദപുസ്തകം

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു. എന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. യഹോവയുടെ വചനം ദർശിച്ചുകേൾപ്പാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവൻ ആർ? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവൻ ആർ? യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും. തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂർണ്ണമായി ഗ്രഹിക്കും. ഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു. അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.