യിരെമ്യാവ് 2:1-5
യിരെമ്യാവ് 2:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തു തന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാൻ ഓർക്കുന്നു. യിസ്രായേൽ യഹോവയ്ക്ക് വിശുദ്ധവും അവന്റെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായിത്തീരും; അവർക്കു ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാട്. യാക്കോബുഗൃഹവും യിസ്രായേൽഗൃഹത്തിലെ സകല വംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊൾവിൻ. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിഥ്യാമൂർത്തികളോടു ചേർന്നു വ്യർഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു?
യിരെമ്യാവ് 2:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “നീ യെരൂശലേമിൽ ചെന്ന് എല്ലാവരും കേൾക്കെ വിളിച്ചു പറയുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്റെ യൗവനത്തിലെ വിശ്വസ്തതയും മണവാട്ടി എന്ന നിലയിലുള്ള നിന്റെ സ്നേഹവും ഞാൻ ഓർക്കുന്നു; കൃഷിക്ക് ഉപയുക്തമല്ലാത്ത മരുഭൂമിയിൽ കൂടി നീ എന്നെ അനുഗമിച്ചു. ഇസ്രായേൽ സർവേശ്വരന്റെ വിശുദ്ധജനവും അവിടുത്തെ ആദ്യഫലവും ആയിരുന്നു. അവരെ ആക്രമിച്ചവരെല്ലാം കുറ്റക്കാരായി; വിനാശം അവരുടെമേൽ നിപതിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” യാക്കോബ്ഗൃഹമേ, ഇസ്രായേൽഗൃഹത്തിലെ സർവകുടുംബങ്ങളേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ. അവിടുന്നു ചോദിക്കുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നിൽ എന്തുകുറ്റം കണ്ടിട്ടാണ് എന്നെ ഉപേക്ഷിച്ചത്? വ്യർഥമായതിന്റെ പിന്നാലെ പോയി അവരും വ്യർഥരായിത്തീർന്നില്ലേ?
യിരെമ്യാവ് 2:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തുതന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും ഞാൻ ഓർക്കുന്നു. യിസ്രായേൽ യഹോവയ്ക്കു വിശുദ്ധവും അവിടുത്തെ വിളവിൻ്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരായിത്തീരും; അവർക്ക് ദോഷം വന്നുഭവിക്കും” എന്നായിരുന്നു യഹോവയുടെ അരുളപ്പാടു. യാക്കോബ് ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകല കുടുംബങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊള്ളുവിൻ. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
യിരെമ്യാവ് 2:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാൻ ഓർക്കുന്നു. യിസ്രായേൽ യഹോവെക്കു വിശുദ്ധവും അവന്റെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായ്തീരും; അവർക്കു ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാടു. യാക്കോബ് ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകലവംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊൾവിൻ. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിത്ഥ്യാമൂർത്തികളോടു ചേർന്നു വ്യർത്ഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു?
യിരെമ്യാവ് 2:1-5 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: “പോയി ജെറുശലേം കേൾക്കെ വിളംബരംചെയ്യുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും മരുഭൂമിയിൽ വിതച്ചിട്ടില്ലാത്ത ദേശത്ത് നീ എന്നെ അനുഗമിച്ചു നടന്നതും ഞാൻ ഓർക്കുന്നു. ഇസ്രായേൽ യഹോവയ്ക്കു വിശുദ്ധവും അവിടത്തെ വിളവിന്റെ ആദ്യഫലവും ആയിരുന്നു. അവളെ വിഴുങ്ങിക്കളഞ്ഞവരെയെല്ലാം കുറ്റവാളികളായി പ്രഖ്യാപിച്ചു, അത്യാപത്ത് അവരെ കീഴടക്കും,’ ” എന്ന് യഹോവയുടെ അരുളപ്പാട്. യാക്കോബുഗൃഹമേ, ഇസ്രായേലിന്റെ സകലകുലങ്ങളുമേ, യഹോവയുടെ വാക്കു കേൾക്കുക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “നിങ്ങളുടെ പൂർവികർ എന്നെ വിട്ട് ഇത്രമാത്രം അകന്നുപോകാൻ അവർ എന്നിൽ കണ്ട ദോഷം എന്ത്? അവർ മിഥ്യാമൂർത്തികളെ പിൻതുടർന്ന് സ്വയം കൊള്ളരുതാത്തവരായി തീർന്നിരിക്കുന്നു.