യിരെ. 2
2
ദൈവത്തിന്‍റെ കരുതൽ
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2“നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തുതന്നെ,
നീ എന്നെ അനുഗമിച്ചു നടന്ന നിന്‍റെ യൗവനത്തിലെ ഭക്തിയും
വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും ഞാൻ ഓർക്കുന്നു.
3യിസ്രായേൽ യഹോവയ്ക്കു വിശുദ്ധവും
അവിടുത്തെ വിളവിൻ്റെ ആദ്യഫലവും ആകുന്നു;
അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരായിത്തീരും;
അവർക്ക് ദോഷം വന്നുഭവിക്കും”
എന്നായിരുന്നു യഹോവയുടെ അരുളപ്പാടു.
4യാക്കോബ് ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകല കുടുംബങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊള്ളുവിൻ. 5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്നെ വിട്ടകന്ന്
മിഥ്യാമൂർത്തികളോടു ചേർന്ന് വ്യർത്ഥർ ആയിത്തീരുവാൻ തക്കവണ്ണം
അവർ എന്ത് അന്യായമാണ് എന്നിൽ കണ്ടത്?
6‘ഞങ്ങളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിച്ച്,
പാഴ്നിലവും കുഴികളും ഉള്ള ദേശങ്ങൾ
വരൾച്ചയും കൂരിരുളും ഉള്ള ദേശങ്ങൾ
മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്തതുമായ
മരുഭൂമിയിൽക്കൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന
യഹോവ എവിടെ’ എന്നു അവർ ചോദിച്ചില്ല.
7ഞാൻ നിങ്ങളെ സമൃദ്ധിയുള്ള ഒരു ദേശത്ത് അതിന്‍റെ ഫലവും
ഗുണവും അനുഭവിക്കുവാൻ കൂട്ടിക്കൊണ്ടുവന്നു;
എന്നാൽ അവിടെ എത്തിയശേഷം നിങ്ങൾ എന്‍റെ ദേശത്തെ അശുദ്ധമാക്കി
എന്‍റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു.
8‘യഹോവ എവിടെ’ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല;
ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല;
ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു:
പ്രവാചകന്മാർ ബാല്‍ മുഖാന്തരം പ്രവചിച്ച്,
പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു.
9അതുകൊണ്ട് ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും;
നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും”
എന്നു യഹോവയുടെ അരുളപ്പാടു.
10“നിങ്ങൾ കിത്തീയരുടെ #2:10 കിത്തീയരുടെ സൈപ്രസിന്‍റെപടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ;
കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്,
‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ.
11ഒരു ജാതി തന്‍റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ?
അവ ദേവന്മാരല്ലതാനും;
എന്നാൽ എന്‍റെ ജനം തന്‍റെ മഹത്വമായവനെ
പ്രയോജനമില്ലാത്തതിനു വേണ്ടി മാറ്റിക്കളഞ്ഞിരിക്കുന്നു.
12ആകാശമേ, ഇതിങ്കൽ വിസ്മയിച്ച് ഭ്രമിച്ച് സ്തംഭിച്ചുപോകുക”
എന്നു യഹോവയുടെ അരുളപ്പാടു.
13“എന്‍റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു:
അവർ ജീവജലത്തിൻ്റെ ഉറവയായ എന്നെ ഉപേക്ഷിച്ച്,
വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.
14യിസ്രായേൽ ഒരു ദാസനോ?
വീട്ടിൽ പിറന്ന ഒരു അടിമയോ?
അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്?
15ബാലസിംഹങ്ങൾ അവന്‍റെനേരെ അലറി നാദം കേൾപ്പിച്ച്
അവന്‍റെ ദേശത്തെ ശൂന്യമാക്കി;
അവന്‍റെ പട്ടണങ്ങൾ വെന്തു
നിവാസികൾ ഇല്ലാതെയായിരിക്കുന്നു.
16നോഫ്യരും തഹ്പനേസ്യരും
നിന്‍റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു.
17നിന്‍റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ
അവിടുത്തെ ഉപേക്ഷിക്കുകകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചത്?
18ഇപ്പോൾ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്?
നൈല്‍ #2:18 നൈല്‍ ശീഹോരിലെ നദിയിലെ വെള്ളം കുടിക്കുവാനോ?
അശ്ശൂരിലേക്കുള്ള യാത്ര എന്തിന്?
ആ നദിയിലെ വെള്ളം കുടിക്കുവാനോ?
19നിന്‍റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും
നിന്‍റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും;
അതുകൊണ്ട് നീ നിന്‍റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും
എന്നെക്കുറിച്ചുള്ള ഭയം നിനക്കു ഇല്ലാതിരിക്കുന്നതും
എത്ര ദോഷവും കയ്പും ആണെന്ന് അറിഞ്ഞുകൊള്ളുക”
എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
20“പണ്ടുതന്നെ നീ നുകം തകർത്ത് നിന്‍റെ കയറു പൊട്ടിച്ചു:
‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു പറഞ്ഞു;
ഉയർന്ന കുന്നുകളിന്മേൽ പച്ചയായ വൃക്ഷത്തിൻ കീഴിൽ
എല്ലാം നീ വേശ്യയായി കിടന്നു.
21ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി,
നല്ല തൈയായി തന്നെ നട്ടിരിക്കുമ്പോൾ,
നീ എനിക്ക് കാട്ടുമുന്തിരിവള്ളിയുടെ
തൈയായിത്തീർന്നത് എങ്ങനെ?
22ധാരാളം കാരവും സോപ്പും കൊണ്ടു കഴുകിയാലും
നിന്‍റെ അകൃത്യം എന്‍റെ മുമ്പിൽ മലിനമായിരിക്കുന്നു”
എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
23“ഞാൻ മലിനയായിട്ടില്ല; ഞാൻ ബാല്‍ വിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല”
എന്നു നിനക്കു എങ്ങനെ പറയാം?
താഴ്വരയിലെ നിന്‍റെ നടപ്പ് വിചാരിക്കുക;
നീ ചെയ്തത് ഓർക്കുക;
വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടോടുന്ന
പെണ്ണൊട്ടകമല്ലയോ നീ?
24നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ;
അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും?
ആരും അവളെ അന്വേഷിച്ചു തളരുകയില്ല;
ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും;
25ചെരിപ്പ് ഊരിപ്പോകാത്തവണ്ണം നിന്‍റെ കാലും,
വരണ്ടു പോകാത്തവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്ളുക;
”നീയോ “അത് വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു;
അവരുടെ പിന്നാലെ ഞാൻ പോകും” എന്നു പറഞ്ഞു.
26കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ
യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും;
അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും
പുരോഹിതന്മാരും പ്രവാചകന്മാരും തന്നെ.
27അവർ വൃക്ഷത്തോട്: “നീ എന്‍റെ അപ്പൻ” എന്നും
കല്ലിനോട്: “നീ എന്നെ പ്രസവിച്ചവൾ” എന്നും പറയുന്നു;
അവർ മുഖമല്ല മുതുകത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്;
എന്നാൽ കഷ്ടകാലത്ത് അവർ: “നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ” എന്നു പറയും.
28“നീ ഉണ്ടാക്കിയിട്ടുള്ള നിന്‍റെ ദേവന്മാർ എവിടെ?
കഷ്ടകാലത്തു നിന്നെ രക്ഷിക്കുവാൻ അവർക്ക് കഴിവുണ്ടെങ്കിൽ അവർ എഴുന്നേല്ക്കട്ടെ;
അയ്യോ യെഹൂദയേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!
29നിങ്ങൾ എന്നോട് വാദിക്കുന്നത് എന്ത്?
നിങ്ങൾ എല്ലാവരും എന്നോട് ദ്രോഹം ചെയ്തിരിക്കുന്നു”
എന്നു യഹോവയുടെ അരുളപ്പാടു.
30“ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം;
അവർ ബുദ്ധി പഠിച്ചില്ല;
നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നെ
നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.
31ഇന്നത്തെ തലമുറയേ, യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ:
“ഞാൻ യിസ്രായേലിനു ഒരു മരുഭൂമി ആയിരുന്നുവോ?
അന്ധകാരപ്രദേശമായിരുന്നുവോ?
‘ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു;
ഇനി നിന്‍റെ അടുക്കൽ വരുകയില്ല’
എന്നു എന്‍റെ ജനം പറയുന്നത് എന്ത്?
32ഒരു കന്യകയ്ക്ക് തന്‍റെ ആഭരണങ്ങളും
ഒരു മണവാട്ടിക്ക് തന്‍റെ വിവാഹവസ്ത്രവും
മറക്കുവാൻ കഴിയുമോ?
എന്നാൽ എന്‍റെ ജനം എണ്ണമറ്റ ദിനങ്ങളായി
എന്നെ മറന്നിരിക്കുന്നു.
33പ്രേമം അന്വേഷിക്കേണ്ടതിന്
നീ നിന്‍റെ വഴി എത്ര ഭംഗിയാക്കുന്നു!
അതുകൊണ്ട് നീ ദുർന്നടപ്പുകാരത്തികളെയും
നിന്‍റെ വഴികൾ അഭ്യസിപ്പിച്ചിരിക്കുന്നു.
34നിന്‍റെ ഉടുപ്പിൻ്റെ വിളുമ്പിലും
കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു;
ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചത്.
ഇവയെക്കുറിച്ചെല്ലാം ഞാൻ ന്യായവാദം കഴിക്കും.”
35നീയോ: “ഞാൻ കുറ്റമില്ലാത്തവൾ;
അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം” എന്നു പറയുന്നു;
‘ഞാൻ പാപം ചെയ്തിട്ടില്ല’ എന്നു നീ പറയുന്നതുകൊണ്ട്
ഞാൻ നിന്നോട് വ്യവഹരിക്കും.
36നിന്‍റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്?
അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ
മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.
37അവിടെനിന്ന് നീ തലയിൽ കൈ വച്ചുകൊണ്ട്
ഇറങ്ങിപ്പോരേണ്ടിവരും;
നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു;
അവരെക്കൊണ്ട് നിനക്കു ഒരു പ്രയോജനവും ലഭിക്കുകയില്ല.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.