യിരെമ്യാവ് 15:15-21

യിരെമ്യാവ് 15:15-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, നീ അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്റെ നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്ന് ഓർക്കേണമേ. ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ. കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്നുല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറച്ചിരിക്കയാൽ നിന്റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു. എന്റെ വേദന നിരന്തരവും, എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്ത്? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവുംപോലെ ആയിരിക്കുമോ? അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഒഴിച്ച് ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല. ഞാൻ നിന്നെ ഈ ജനത്തിന് ഉറപ്പുള്ള താമ്രഭിത്തിയാക്കി വയ്ക്കും; അവർ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാൻ നിന്നോടുകൂടെ ഉണ്ട് എന്ന് യഹോവയുടെ അരുളപ്പാട്. ഞാൻ നിന്നെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിക്കയും നിഷ്കണ്ടകന്മാരുടെ കൈയിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.

യിരെമ്യാവ് 15:15-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, അവിടുത്തേക്ക് എല്ലാം അറിയാമല്ലോ. എന്നെ ഓർത്ത് എന്നെ സന്ദർശിക്കണമേ; എന്നെ പീഡിപ്പിക്കുന്നവരോടു എനിക്കുവേണ്ടി പ്രതികാരം ചെയ്യണമേ; അവിടുത്തെ ക്ഷമയാൽ അവർ എന്നെ നശിപ്പിച്ചു കളയാൻ ഇടയാക്കരുതേ; അങ്ങേക്കുവേണ്ടിയാണല്ലോ ഞാൻ നിന്ദ സഹിക്കുന്നത്. അവിടുത്തെ വചനം കണ്ടെത്തിയപ്പോൾ അവ ഞാൻ പ്രത്യക്ഷരം ഗ്രഹിച്ചു. അവിടുത്തെ വചനം എന്നെ സന്തോഷിപ്പിച്ചു; എന്റെ ഹൃദയത്തിന് അത് ആനന്ദമായിത്തീർന്നു; സർവശക്തനായ സർവേശ്വരാ, അവിടുത്തെ നാമമാണല്ലോ ഞാൻ വഹിക്കുന്നത്. ഉല്ലസിക്കുന്നവരുടെ കൂടെ ഇരുന്ന് ഞാൻ ആഹ്ലാദിച്ചിട്ടില്ല; അവിടുത്തെ അപ്രതിരോധ്യമായ പ്രേരണ എന്റെമേൽ ഉണ്ടായിരുന്നതുകൊണ്ടു ഞാൻ തനിച്ചിരുന്നു; ധർമരോഷം കൊണ്ട് അവിടുന്ന് എന്നെ നിറച്ചിരുന്നു. “എന്റെ വേദന മാറാത്തത് എന്തുകൊണ്ട്? എന്റെ മുറിവു കരിയാതെ വ്രണപ്പെട്ടിരിക്കുന്നതും എന്ത്? വറ്റിപ്പോകുന്ന അരുവിപോലെ അങ്ങ് എന്നെ വഞ്ചിക്കുകയാണോ? അതുകൊണ്ട് സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങി വന്നാൽ ഞാൻ നിന്നെ പുനഃസ്ഥാപിക്കും; നീ എന്റെ സന്നിധിയിൽ നില്‌ക്കും; വിലകെട്ട കാര്യങ്ങൾ പറയാതെ ഉത്തമകാര്യങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ പ്രവാചകനാകും. അവർ നിങ്കലേക്കു വരും; നീ അവരുടെ അടുക്കൽ പോകരുത്. ഈ ജനത്തിനു മുമ്പിൽ ഞാൻ നിന്നെ താമ്രമതിൽ പോലെയാക്കും; അവർ നിനക്കെതിരെ യുദ്ധം ചെയ്യും; എന്നാൽ അവർ ജയിക്കയില്ല; കാരണം, നിന്നെ സംരക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനുമായി ഞാൻ നിന്നോടുകൂടെയുണ്ട്; ഇതു സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്. ദുഷ്ടന്മാരുടെ കൈയിൽ നിന്നു ഞാൻ നിന്നെ രക്ഷിക്കും; നിർദയരുടെ പിടിയിൽനിന്നു ഞാൻ നിന്നെ വീണ്ടെടുക്കും.

യിരെമ്യാവ് 15:15-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവേ, അങ്ങ് അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; അങ്ങേയുടെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; അങ്ങ് നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓർക്കേണമേ; ഞാൻ അങ്ങേയുടെ വചനങ്ങൾ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; അങ്ങേയുടെ വചനങ്ങൾ എനിക്ക് സന്തോഷവും എന്‍റെ ഹൃദയത്തിന് ആനന്ദവും ആയിത്തീർന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങേയുടെ നാമം എനിക്ക് വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ. കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല; അങ്ങ് എന്നെ നീരസംകൊണ്ടു നിറച്ചിരിക്കുകയാൽ, അങ്ങേയുടെ കൈനിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി. എന്‍റെ വേദന നിരന്തരവും എന്‍റെ മുറിവ് സൗഖ്യം പ്രാപിക്കാത്തവണ്ണം വിഷമവും ആയിരിക്കുന്നതെന്ത്? അങ്ങ് എനിക്ക് ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ? അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്‍റെ മുമ്പാകെ നില്ക്കുവാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഉപേക്ഷിച്ച്, ഉത്തമമായത് പ്രസ്താവിച്ചാൽ നീ എന്‍റെ വായ് പോലെ ആകും; അവർ നിന്‍റെ പക്ഷം തിരിയും; നീ അവരുടെ പക്ഷം തിരിയുകയില്ല. ഞാൻ നിന്നെ ഈ ജനത്തിന് ഉറപ്പുള്ള താമ്രഭിത്തിയാക്കിത്തീർക്കും; അവർ നിന്നോട് യുദ്ധം ചെയ്യും, ജയിക്കുകയില്ല; നിന്നെ രക്ഷിക്കുവാനും വിടുവിക്കുവാനും ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു യഹോവയുടെ അരുളപ്പാടു. “ഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിക്കുകയും ഭീകരന്മാരുടെ കയ്യിൽനിന്ന് വീണ്ടുകൊള്ളുകയും ചെയ്യും.”

യിരെമ്യാവ് 15:15-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, നീ അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്റെനിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓർക്കേണമേ; ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ. കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാൽ നിന്റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു. എന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ? അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല. ഞാൻ നിന്നെ ഈ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവെക്കും; അവർ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിക്കയും നീഷ്കണ്ടകന്മാരുടെ കയ്യിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.

യിരെമ്യാവ് 15:15-21 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, അങ്ങ് അറിയുന്നല്ലോ; എന്നെ ഓർക്കണമേ, എനിക്കായി കരുതണമേ. എന്നെ പീഡിപ്പിക്കുന്നവരോടു പ്രതികാരംചെയ്യണമേ. എന്നെ എടുത്തുകളയരുതേ, അങ്ങ് ദീർഘക്ഷമയുള്ളവനാണല്ലോ; അങ്ങേക്കുവേണ്ടി ഞാൻ എങ്ങനെ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ. ഞാൻ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അവ ഭക്ഷിച്ചിരിക്കുന്നു. അങ്ങയുടെ വചനം എന്റെ ആനന്ദവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീർന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ നാമം വഹിക്കുന്നല്ലോ. പരിഹാസികളുടെ സഭയിൽ ഞാൻ ഒരിക്കലും ഇരിക്കുകയോ അവരോടൊപ്പം ആനന്ദിക്കുകയോ ചെയ്തിട്ടില്ല; അങ്ങ് എന്നെ ധാർമികരോഷംകൊണ്ടു നിറച്ചിരിക്കുകയാൽ അങ്ങയുടെ കരം നിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി. എന്റെ വേദന അവസാനിക്കാത്തതും എന്റെ മുറിവു വേദനാജനകവും സൗഖ്യമാകാത്തതും ആയിരിക്കുന്നതെന്ത്? അങ്ങ് എനിക്കു വഞ്ചിക്കുന്ന അരുവിയും വറ്റിപ്പോകുന്ന നീരുറവുംപോലെ ആയിരിക്കുമോ? അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ പശ്ചാത്തപിച്ചാൽ എന്നെ സേവിക്കുന്നതിനായി, ഞാൻ നിന്നെ പുനരുദ്ധരിക്കും; വ്യർഥമായവ ഉപേക്ഷിച്ച് സാർഥകമായതു സംസാരിച്ചാൽ, നീ എന്റെ വക്താവായിത്തീരും. ഈ ജനം നിന്റെ അടുക്കലേക്കു തിരിയട്ടെ, എന്നാൽ നീ അവരുടെ അടുത്തേക്കു തിരിയുകയില്ല. ഞാൻ നിന്നെ ആ ജനത്തിന് കെട്ടിയുറപ്പിക്കപ്പെട്ട വെങ്കലഭിത്തിയാക്കിത്തീർക്കും; അവർ നിനക്കെതിരേ യുദ്ധംചെയ്യും, എന്നാൽ ജയിക്കുകയില്ലതാനും; നിന്നെ രക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനും ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിന്നെ ദുഷ്ടജനങ്ങളുടെ കൈയിൽനിന്നു രക്ഷിക്കുകയും ക്രൂരജനങ്ങളുടെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യും.”